ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. കൊച്ചിയില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കരുത്തരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജെയിന്റ്‌സാണ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ആവേശം വാനോളം എത്തിയ മത്സരത്തില്‍ രണ്ട് തവണ ഒപ്പമെത്താന്‍ സാധിച്ചെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. സന്ദര്‍ശകര്‍ക്കായി ഇരട്ടഗോളുമായി തിളങ്ങിയ അര്‍മാന്‍ഡോ സാദിക്കുവും (4,60), ദീപക് തിങ്‌റി (68) യും ജാസന്‍ കുമ്മിങ്‌സും ജയം പിടിച്ചുവാങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളിതാരം വിപിന്‍ മോഹനും (54) ദിമിത്രിയോസ് ഡയമന്റകോസും (63, 98) ഗോളുകള്‍ നേടി. ഏകപക്ഷിയമായ തോല്‍വിക്ക് നില്‍ക്കാതെ പോരാടി നോക്കിയ ബ്ലാസ്റ്റേഴ്‌സ് മികച്ച കളി കാഴ്ച്ചവച്ചാണ് മൈതാനം വിട്ടത്. ജയത്തോടെ 39 പോയിന്റുമായി ബഗാന്‍ പോയിന്റ് പട്ടികയില്‍ മുംബൈയ്ക്ക് ഒപ്പമെത്തി. തോല്‍വിയാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് ഭദ്രമാണ്. ഇനി ലീഗ് റൗണ്ടില്‍ ശേഷിക്കുന്നത് നാല് മത്സരമാണ്. ഇനിയുള്ള നാല് കളികളില്‍ ഒരു ജയവും ഒരു സമനിലയും ഉണ്ടെങ്കില്‍ മഞ്ഞപ്പടയക്ക് പ്ലേ ഓഫ് കളിക്കാം. ഈ മാസം 30ന് ജംഷഡ്പൂരിനെതിരെ അവരുടെ നാട്ടിലാണ് ടീമിന്റെ അടുത്ത കളി.
മോഹന്‍ബഗാനില്‍ ഏറെക്കാലം പന്ത് തട്ടിയ പ്രബീര്‍പ്രീതം കുട്ടുകെട്ടിനെ പ്രതിരോധ കോട്ടയുടെ കാവല്‍ഏല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സിലൂടെ പ്രൊഫഷനല്‍ ഫുട്‌ബോള്‍ രംഗത്ത് ചുവടുവച്ച മലയാളിതാരം സഹല്‍ അബ്ദുള്‍ സമദിനെ ആദ്യ ഇലവനില്‍ അവതരിപ്പിച്ചാണ് മോഹന്‍ബഗാന്‍ സൂപ്പര്‍ ജെയിന്റ്‌സ് ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സഹലിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. ബഗാന്‍ പ്രഹരത്തോടെയാണ് കളി തുടങ്ങിയത് തന്നെ. ബ്ലാസ്റ്റേഴ്‌സ് ഉണരും മുന്‍പേ മോഹന്‍ ബഗാന്‍ അക്കൗണ്ട് തുറന്നു. അര്‍മാന്‍ഡോ സാദിക്കുവിനെ മാര്‍ക്ക് ചെയ്യുന്നതില്‍ പറ്റിയ വീഴ്ച്ചയാണ് ഗോളില്‍ കലാശിച്ചത്. കാലില്‍ കിട്ടിയ പന്തുമായി സാദിക്കുവിന്റെ മുന്നേറ്റം തടയാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരതാരം മിലോസ് ഡ്രിന്‍സിച്ച് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലയുറപ്പിക്കും മുമ്പ് വീണ് കിട്ടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നാകെ പതറി. ഗോവയ്‌ക്കെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം പൊരിതി കയറി ടീം കാണിച്ച അത്ഭുതം വീണ്ടും ആരാധകര്‍ പ്രതീക്ഷിച്ചിരിക്കാം.
പന്തിന്റെ നിയന്ത്രണം പരമാവധി കയ്യില്‍വച്ച് കളിക്കുക എന്ന തന്ത്രത്തിനാണ് രണ്ടാം പകുതിയില്‍ മോഹന്‍ബഗാന്‍ മുന്‍തൂക്കം നല്‍കിയത്. സ്വന്തം പോസ്റ്റില്‍ പന്ത് തട്ടിയ ബഗാനെ കബളിപ്പിച്ച് പന്ത് കരസ്ഥമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തുറന്ന അവസരം നോക്കി പന്തുമായി മുന്നേറി. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ജീക്‌സന്‍ സീങ് വിപിന്‍ മോഹന് കൈമാറുമ്പോള്‍ മറഞ്ഞിരുന്ന അപകടം ബഗാന്‍ ഗോളി കണ്ടില്ല. കൂടുതല്‍ പാസിങ്ങിന് നില്‍ക്കാതെ വിപിന്റെ അളന്ന് മുറിച്ച ഷോട്ട് എതിര്‍വല കുലുക്കി. ബ്ലാസ്റ്റേഴ്‌സിനായി ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വിപിന്റെ കന്നി ഗോളിന് കൂടിയാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. സമനില നേടിയ ആവേശത്തില്‍ കാണികള്‍ മതിമറന്നെങ്കിലും പിന്നാലെ കൊല്‍ക്കത്തന്‍ മറുപടി വന്നതോടെ മൈതാനം വീണ്ടും മൂകമായി. ഫ്രീകിക്കില്‍ നിന്ന് തട്ടിതെറിച്ചുവന്ന പന്ത് മത്സരത്തിലെ തന്റെ രണ്ടാം ഗോളാക്കി മാറ്റി അര്‍മാന്‍ഡോ സാദിക്കു വീണ്ടും സന്ദര്‍ശകരെ മുന്നിലെത്തിച്ചു. തോല്‍വി മുന്നില്‍കണ്ട് നിശബ്ദമായ ആരാധകകൂട്ടത്തിന് ജീവശ്വാസം നല്‍കി നായകന്‍ ദിമിത്രിയോസിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. എന്നാല്‍ 68-ാം മിനിറ്റില്‍ വീണുകിട്ടിയ കോര്‍ണര്‍ കിക്ക് ഗോളാക്കി വീണ്ടും ബഗാന്‍ ആധിപത്യം. തലയ്ക്ക് പാകത്തിന് കിട്ടിയ പന്ത് വലയിലെത്തിച്ച് പ്രതിരോധനിരതാരം ദീപക് തങ്‌റിയാണ് ബഗാന്‍ സൂപ്പര്‍ജെയിന്റ്‌സിനെ മുന്നിലെത്തിച്ചത്. ഗോളടിച്ച് ഒപ്പം എത്തിയ സമയത്തെല്ലാം കൃത്യമായി മറുപടി ഗോള്‍ നേടിയ സന്ദര്‍ശകരുടെ പോരാട്ടവീര്യമാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. അവസാന മിനിട്ടില്‍ ഗോളടച്ച് ജാസന്‍ കുമ്മിങ്‌സ് ബഗാന്‍ പട്ടിക തികച്ചപ്പോള്‍ തൊട്ടുപിന്നാലെ കളിയിലെ രണ്ടാം ഗോളും നേടി ദിമിത്രിയോസ് ബ്ലാസ്റ്റേഴസ് ഗോള്‍ വേട്ട മൂന്നില്‍ അവസാനിപ്പിച്ചു.
English Summary:The yellow army fell in front of Bagan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.