14 January 2026, Wednesday

Related news

January 12, 2026
January 11, 2026
January 11, 2026
January 10, 2026
January 7, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026

വന്‍മരങ്ങളെ മറികടന്നെത്തുന്ന യുവനിര

പന്ന്യൻ രവീന്ദ്രൻ
September 28, 2025 10:24 pm

ലോകഫുട്ബോളിൽ താരശൂന്യത വരുമോയെന്ന ആശങ്കയ്ക്ക് വിരാമമിടുന്നതാണ് ബാലൻ ഡി ഓർ പുരസ്‌കാരം. മെസിയും ക്രിസ്റ്റ്യാനോ റോണാൾഡോയും മുന്നിൽ നിൽക്കുമ്പോൾ ആ വൻമരചുവട്ടിൽ മറ്റൊന്നിന് അവസരമുണ്ടോ എന്ന സംശയക്കാർക്ക് ഒരു വലിയ സംഘം പിന്നാലെ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് പുരസ്‌കാര പ്രഖ്യാപനം. ഡെംബലെയാണ് ഇത്തവണത്തെ ജേതാവ്. ഫ്രഞ്ച് പത്ര പ്രവർത്തകരും ലോകമാസകലമുള്ള തെരഞ്ഞെടുക്കപ്പെട്ട സ്പോർട്സ് ജേർണലിസ്റ്റുകളും എല്ലാ വിലയിരുത്തലുകളും നടത്തിയാണ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. പിഎസ്ജിയുടെ വിശ്വസ്തനായ മുന്നേറ്റക്കാരനാണ് ഡെംബലെ. പൊതുവെ എല്ലാവരും പ്രതീക്ഷിച്ചത് ലാമിന്‍ യമാലിന് ലഭിക്കുമെന്നാണ്. എന്നാൽ പോയിന്റ് തലത്തിൽ നേരിയ വ്യത്യാസത്തിൽ യമാൽ തള്ളിപ്പോയി. ഇനിയും ഒരുപാട് വർഷം കളിക്കാനുള്ളവരാണ് ഈ രണ്ട് താരങ്ങളും. പ്രൊഫഷണൽ ക്ലബ്ബുകളിൽ മുന്നിൽ നിൽക്കുന്ന ബാഴ്‌സലോണയുടെ മുന്നേറ്റക്കാരനാണ് യമാൽ. ഇവർ ഇത്തവണത്തെ ലോകകപ്പിൽ നിറഞ്ഞാടാനുള്ളവരാണ്. 18 വയസുകാരനായ ലാമിൻ യമാൽ മികച്ച യുവതാരത്തിനുള്ള അവാർഡും കരസ്ഥമാക്കി.

പിഎസ്ജി വളരെക്കാലമായി മനസിൽ കൊണ്ടു നടന്ന മോഹമാണ് ചാമ്പ്യൻസ് ലീഗിലൂടെ സ്വന്തമാക്കിയത്. അതിൽ ഏറ്റവും വലിയ പെർഫോമെൻസും വിജയഗോളും ഡെംബലെയുടെ വകയായിരുന്നു. ഇവർ രണ്ടുപേരും ലോകഫുട്ബോളിൽ പ്രതീക്ഷയർപ്പിക്കാവുന്ന താരങ്ങളാണ്. 40ല്‍ കളിക്കുന്ന റൊണാൾഡോയും 38ൽ കളിക്കുന്ന മെസിയും 2030ലെ ലോകകപ്പിൽ കളിക്കാൻ വഴിയില്ല. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ആരാധകലോകം ചർച്ച ചെയ്ത മികച്ച താരങ്ങളാണിവർ. ഇവരോടൊപ്പം പ്രായത്തിൽ ഇളയതായ ഒരാൾ ഉണ്ടായിരുന്നു. അതാണ് ബ്രസീലിന്റെ ചൈതന്യതാരം നെയ്മർ. അദ്ദേഹത്തിന്റെ കാര്യത്തിൽ ഇനിയും തീർപ്പ് കൽപ്പിക്കാറായിട്ടില്ല. ബ്രസീലുകാർ ഇപ്പോഴും ആരാധ്യനായി കൊണ്ട് നടക്കുകയും അദ്ദേഹം ലോകകപ്പ് നേടിത്തരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇപ്പോഴും പരിക്ക് എന്ന വ്യാധി അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു.

മെസിയെ വരവേല്‍ക്കാന്‍ കേരളം

മെസിയുടെ വരവിന്റെ സംശയവും ആശങ്കയും ഒതുങ്ങി. ഫിഫയുടെ ടെക്നിക്കൽ ഓഫിസർമാർ ഇവിടെ വന്നു. കളിയിടവും മറ്റു സൗകര്യങ്ങളും പരിശോധിച്ചു തൃപ്തി രേഖപ്പെടുത്തി എന്നാണ് വാർത്ത. എതിരാളികൾ ഓസ്ട്രേലിയയും ആകുമെന്ന് പ്രതീക്ഷയുണ്ട്. ഓസ്‌ട്രേലിയ ഇപ്പോൾ ഭേദപ്പെട്ട ടീമാണ്. കേരള ഫുട്‌ബോളിന്റെ ചരിത്രത്തിൽ സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ് നടക്കുവാൻപോകുന്നത്. കേരളത്തിൽ മെസി വരുന്നത് സൗഹൃദ മത്സരത്തിൽ പങ്കെടുത്തു തിരിച്ചുപോകാനാണ്. എന്തായാലും മെസിയുടെ അപാരമായ ഫുട്‌ബോൾ പാടവം കാണാൻ കേരളക്കാർക്ക് കിട്ടിയ സുവർണാവസരം ഉപയോഗിക്കാൻ ജനങ്ങൾ മുൻകൂട്ടി തയ്യാറാകുകയാണ്. ഈ കാര്യത്തിൽ നേരത്തെ ചർച്ചകൾ നടന്നതാണ്. എന്നാൽ ഏജൻസികളും സർക്കാർ സംവിധാനങ്ങളും ജാഗ്രതയായി പ്രവർത്തിച്ചതിന്റെ ഗുണം ഇപ്പോഴാണ് കേരളം അനുഭവിക്കുവാൻ പോകുകുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രി വിശദവിവരങ്ങൾ പുറത്ത് വിടുമെന്ന പ്രഖ്യാപനത്തോടെ ഈ കാര്യത്തിൽ സർക്കാർ എടുക്കുന്ന സമീപനം വ്യക്തമായി. ഈ മത്സരം ഏറണാകുളത്ത് നടക്കുന്നതോടെ കേരളത്തിന്റെ സ്പോർട്സ് ഹബ്ബായി ഏറണാകുളം മാറുകയാണ്. ലോകനിലവാരത്തിലുള്ള സ്റ്റേഡിയവും എല്ലാ ഗെയിമുകളും കളിക്കാൻ പറ്റിയ കളിസ്ഥലവും ഉന്നത നിലവാരത്തിലാണ് ഒരുങ്ങുന്നത്. ഒളിമ്പിക്സും വേൾഡ് കപ്പും പുതിയ ഹബ്ബിൽ നിർഭയമായി നടത്താം. ലോക നിലവാരമുള്ള ഗ്രൗണ്ടുകളാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വർക്കിന്റെ പ്രാഥമിക നടപടികൾ തുടങ്ങി. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹത്തിനാണ് ചിറക് വച്ചത്. ഇച്ഛാശക്തിയുള്ള ഒരു സർക്കാറും ദീർഘവീക്ഷണമുള്ള സ്പോർട്സ് കൗൺസിലും ക്രിക്കറ്റ് അസോസിയേഷനും നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണിത്. സ്പോർട്സ് ഹബ്ബ് സ്വകാര്യ ഏജൻസികളുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഈ വലിയ സംരംഭം പൂർത്തിയായാൽ രാജ്യത്തെ പ്രധാന കളിയരങ്ങായി കൊച്ചി മാറും. മാത്രമല്ല നമ്മുടെ നാട്ടിലെ യുവജനങ്ങളുടെ കായിക വളർച്ചയ്ക്ക് ഇത് വലിയ പ്രചോദനമായി മാറുകയും ചെയ്യും.

കേരള ഫുട്ബോള്‍ ഉയരങ്ങളിലേക്ക്

ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ പ്രാമുഖ്യം വർധിച്ചു വരുന്നത് ഓരോ മലയാളിക്കും ആഹ്ലാദം പകരും. ഒരുപാട് വർഷക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സുബ്രതോ മുഖർജി കപ്പിൽ കേരളത്തിലെ ഒരു സ്കൂൾ ടീം ചാമ്പ്യന്മാരായത്. 64 വർഷക്കാലത്തെ ചരിത്രത്തിൽ ഒരിക്കൽ രണ്ടാം സ്ഥാനം നമുക്കുണ്ടായിരുന്നു. അന്ന് മലപ്പുറം എംഎസ്‌പി സ്കൂൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് രണ്ടാം സ്ഥാനക്കാരായത്. ഒന്നാം സ്ഥാനം ബ്രസീലിന്റെ സ്കൂൾ ടീമിനായിരുന്നു. ബ്രസീൽ അന്ന് ലോക ഫുട്‌ബോളിൽ ഒന്നാം റാങ്കുകാരും ഇന്ത്യ 89-ാം റാങ്കുകാരുമായിരുന്നു. സുബ്രതോ മുഖർജി കപ്പിന്റെ മൂല്യം ലോകത്തോളമുണ്ടെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണിത്. 2014ലാണ് നമ്മുടെ തലനാരിഴ വ്യത്യാസത്തിലുള്ള പരാജയം സംഭവിച്ചത്. അന്നത്തെ ടീമിലുണ്ടായിരുന്ന മിക്ക കളിക്കാരും പിന്നീട് കോളജ് ടീമിലും തുടർന്ന് മറ്റു ടീമുകളിലും പങ്കാളികളായി. അന്ന് കളിച്ച ബ്രസീലിയൻ കളിക്കാരിൽ പലരും യൂറോപ്യൻ പ്രൊഫഷണൽ ക്ലബ്ബുകളിൽ പ്രധാന കളിക്കാരായി മാറി. സ്കൂൾ കോളജ് തലങ്ങളിൽ കളിച്ചു വളർന്നു വരുന്ന കളിക്കാർ നാളത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും ജേഴ്സി അണിയുന്നവരാകും.

ഫറോഖ് സ്കൂളിലെ കുട്ടികൾക്ക് വലിയ സഹായം നൽകിയത് ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയാണ്. നമ്മുടെ കുട്ടികൾ ഇത്തവണ വകവരുത്തിയത് ഉത്തരഖണ്ഡിലെ സ്കൂൾ കുട്ടികളെയാണ്. ഒരു ജോഡി ഗോളുകൾക്കാണ് ജയം. ആദികൃഷ്ണയെന്ന താരമാണ് ഫറോഖ് സ്കൂളിന്റെ വിജയശില്പി. പഴയകാലത്തെ പ്രതാപത്തിന്റെ വഴിയിൽ നമ്മുടെ കേരളം കടന്നു വരുന്നതിന്റെ സൂചനയാണ് കാണുന്നത്. പഠിത്തത്തോടൊപ്പം കളിയും എന്ന മുദ്രാവാക്യം സ്കൂളുകളിൽ നടപ്പിലാക്കാൻ എല്ലാവരും തയ്യാറായാൽ മുന്നേറാൻ കഴിയും. സ്പെയിൻ ചെയ്യുന്നത് നമുക്കും ചെയ്യാൻ കഴിയണം. പഠിക്കുന്ന കുട്ടികളെ സ്കൂൾ സെലക്ഷനിലൂടെ ക്യാമ്പിലെത്തിച്ചു ബോർഡിങ് സ്കൂളിൽ നിര്‍ത്തി പഠിത്തവും കളിയും ഒരുമിച്ചു കൊണ്ട് പോകുന്ന രീതിയാണ് അവർ നടത്തുന്നത്. നമുക്ക് പഴയകാല കേരളത്തിന്റെ തലത്തിലേക്ക് കയറണം. അന്ന് ഇന്ത്യയിലെ പ്രമുഖ ടീമുകളെല്ലാം മലയാളികളായ കളിക്കാരെ റാഞ്ചിയെടുക്കാറുണ്ട്. 50കളിൽ റോവേഴ്സ് കപ്പിൽ കളിക്കാൻ ചെന്ന അന്നത്തെ മലബാർ ഇലവനിലെ ആറുകളിക്കാരെ ഒരുമിച്ചു ചേർത്താണ് ബോംബെ കാൾ ടെക്സ് ക്ലബ്ബ് രൂപീകരിച്ചത്. ഇന്ന് ധാരാളം സാധ്യതകളുണ്ട്. ധനസഹാം നല്‍കി സഹായിക്കാൻ പ്രമുഖ സ്ഥാപനങ്ങളുണ്ട്. നമ്മുടെ സ്വപ്‌നങ്ങൾ സ്വായത്തമാക്കാൻ നമുക്കുതന്നെ ശ്രമിച്ചാൽ കഴിയും. മെസിയെന്ന മഹാപ്രതിഭ ലോകഫുട്ബോളിൽ വേറിട്ടു നിൽക്കുന്നു. ഇന്റർ മിയാമിയെ കൈപിടിച്ചുയർത്തുവാൻ മെസിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് കളിയിലൂടെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സ്വന്തം കളിയോടൊപ്പം ടീമിന്റെ കളിയിലും പൂർണമായും ശ്രദ്ധിക്കുന്നതായി എല്ലാവർക്കും ബോധ്യമായി. സ്വന്തം ബൂട്ടിൽ നിന്നും പിറന്ന രണ്ട് ഗോളുകളും ഒപ്പം സഹതാരത്തിന് തളികയിൽ വച്ചത് പോലെ ഒരു ഗോൾ ചാൻസും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. അടുത്ത ലോകകപ്പ് അർജന്റീനയുടെയും മെസിയുടെയും ലക്ഷ്യം തന്നെയെങ്കിലും കളിയുടെ ഫലം മൈതാനത്ത് തന്നെയാണെന്ന് വാക്കുകളിൽ വ്യക്തം. കളിയിലും സ്വഭാവത്തിലും ജീവിതത്തിലും സ്വതസിദ്ധമായ തന്റെ വ്യക്തിത്വം നിലനിർത്താൻ മെസി സദാ ജാഗരൂകനാണ്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയെ നാലുഗോളിനാണ് തകർത്തു വിട്ടത്. തുടർച്ചയായി മൂന്ന് കളിയിലും ഒരേതലത്തിൽ കളിച്ചുകൊണ്ടാണ് മെസി ഗോൾ മഴതീർത്ത്. ഇന്റർ മിയാമി ഇപ്പോൾ പ്ലേ ഓഫ് യോഗ്യത നേടിയിരിക്കയാണ്.

വീറോടെ യുവനിര

ഇന്ത്യൻ യുവത്വം പോരാട്ടത്തിൽ മുന്നോട്ടാണെന്ന് വീണ്ടും രേഖപ്പെടുത്തുകയാണ്. സാഫ് അണ്ടർ 17ൽ ബംഗ്ലാദേശിനെ തോൽപ്പിച്ചു കൊണ്ട് അവർ കരുത്തു തെളിയിച്ചു. ഭാവി ഭാരതത്തിന്റെ താരനിരയിലേക്ക് ഞങ്ങളും തയ്യാറെന്ന് അവർ കളിയിലൂടെ തെളിയിക്കുകയാണ്. മുഴുവൻ സമയവും കളിച്ചിട്ടും തുല്യമായപ്പോൾ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ 4–1എന്ന മാർജിനാണ് ഇന്ത്യയുടെ വിജയകിരീടം. സ്കോറർമാരില്ലെന്ന എഐഎഫ്എഫിന്റെ രോധനം നിർത്താൻ കാലമായെന്ന സന്ദേശമാണ് യുവതാരങ്ങൾ നമുക്ക് നൽകിയത്. തുടക്കത്തിൽ മൂന്നാം മിനിറ്റിൽ എതിരാളിയെ ഞെട്ടിച്ച ഇന്ത്യൻ കുട്ടികൾ ആദ്യ ഗോൾ നേടി. 2–2 എന്നതാണ് ഫുൾ ടൈം. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ട് നാല് ഗോൾ നമ്മളും ബംഗ്ലാദേശ് ഒരു ഗോളും മടക്കി. ഇതോടെ ഇന്ത്യന്‍ യുവനിരയുടെ വിജയം രാജകീയം. യുവ നിരയുടെ പ്രകടനം കണ്ടാൽ മാത്രം പോരാ അവരെല്ലാം നാളത്തെ വലിയ കളിക്കാരാവേണ്ടതാണെന്ന ബോധം നമ്മളെ നയിക്കണം. ഇന്ത്യ എന്ന വലിയ രാജ്യത്തെ, ഫുട്‌ബോൾ രംഗത്ത് വളർത്തിയെടുക്കുവാൻ ഒരു വൻ പദ്ധതി നമുക്ക് അനിവാര്യമാണ്. നമ്മുടെ യാത്ര ഇനിയെങ്കിലും മുന്നോട്ടാകണം.
പുതിയ സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് മാറ്റങ്ങൾ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സൂപ്പർ കപ്പും ഐഎസ്എല്ലും ചലനാത്മകമാകും. യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന രീതിയിൽ സ്പോൺസേഴ്സിനെ തേടിപ്പിടിച്ച് കളിയുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള വിശദമായ പ്ലാൻ തയ്യാറാക്കി നടപ്പാക്കണം. കെഎഫ്എ കഴിഞ്ഞ വർഷം ആരംഭിച്ച സൂപ്പർ ലീഗ് ഇത്തവണ കൂടുതൽ ആവേശത്തോടെ നടത്താനുള്ള പരിശ്രമമാണ് അണിയറയിൽ നടക്കുന്നത്. പലടീമുകളുടെയും കോച്ചുകളെ നിശ്ചയിച്ചു കഴിഞ്ഞു. വീണ്ടും വിദേശകോച്ചുകളും വരുന്നുണ്ട്. കണ്ണൂരും മലപ്പുറവും വളരെ വേഗം തന്നെ നടപടികൾ നീക്കുകയാണ്. കേരളത്തിന്റെ പഴയ കളിയാവേശം ഓൾ ഇന്ത്യ ടൂർണമെന്റുകളായിരുന്നു. അവയുടെ കാര്യവും ആരും ഓർക്കുന്നില്ല. അന്ന് വന്നിരുന്ന ടീമുകളെല്ലാം ശക്തരാണ്. ഏതാണ്ട് രണ്ട് ദശാബ്ദത്തിന് മുമ്പ് ഇന്ത്യൻ താരങ്ങളുടെ കളിക്കരുത്ത് കാണാൻ ജനങ്ങൾ ഗ്യാലറിയിൽ എത്തുമായിരുന്നു. ഇപ്പോൾ ഒക്ടോബർ മാസത്തിൽ നടക്കാൻ പോകുന്ന ഐഎസ്എൽ കളിയുടെ ചടുലത നിലനിർത്താൻ പോരുന്നതാകുമെന്ന് പ്രതീക്ഷിക്കാം. കാരണം ആദ്യ വർഷത്തിൽ തന്നെ വീറും വാശിയും.നിറഞ്ഞ പോരാട്ടങ്ങളാണ് നടന്നത്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.