
കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപം കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കും അവരെ രക്ഷിക്കാൻ കായലിലിറങ്ങിയ യുവാവിനും രക്ഷകരായത് ജലഗതാഗത വകുപ്പിലെ ജീവനക്കാർ. ഇന്നലെ രാവിലെ 11.15നായിരുന്നു സംഭവം.
കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22 വയസ്സുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലിലേക്ക് ചാടിയ പള്ളിത്തോട്ടം ഗാന്ധി നഗർ സ്വദേശിയായ മുനീർ വെള്ളത്തിൽ തളർന്ന് മുങ്ങിത്താഴാൻ തുടങ്ങിയതോടെയാണ് അതുവഴി കടന്നുപോവുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാർ രക്ഷാപ്രവർത്തനത്തിനായി എത്തിയത്.
യുവതി കായലിലേക്ക് ചാടുന്നത് ആദ്യം കണ്ട പ്രദേശവാസിയായ രാജേഷ് വിവരം സുഹൃത്ത് മുനീറിനെ അറിയിക്കുകയായിരുന്നു. ഉടൻ കായലിലേക്ക് ചാടിയ മുനീർ, യുവതിയുടെ മുടിയിൽ പിടിച്ച് പാലത്തിന്റെ തൂണിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം അതുവഴി വന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്, രാജേഷിന്റെയും മറ്റുള്ളവരുടെയും കൈകാണിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തി.
ബോട്ട് ജീവനക്കാരിൽ ഒരാൾ ഉടൻ കായലിലേക്ക് ചാടി യുവതിയെ പിടിച്ചുകയറ്റി. തുടർന്ന് തളർന്നുപോയ മുനീറിനായി കയർ ഇട്ടുനൽകി അദ്ദേഹത്തെയും രക്ഷപ്പെടുത്തി. യുവതിയെ ഉടൻ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപോട്ട സ്വദേശിനിയാണ് യുവതി. കാമുകനുമായി പിണങ്ങിയതിനെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്നതിൽ മുൻപ് പരിശീലനം നേടിയിട്ടുള്ള മുനീർ, നേരത്തെ തമിഴ്‌നാട്ടിൽ കടലിൽ വീണ ഒരാളെ രക്ഷിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.