16 December 2025, Tuesday

‘ശ്വാസം’ അടക്കി നാടകവേദി; ആസ്വാദക മനം നിറഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
January 7, 2025 10:43 pm

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനം ആസ്വാദകരുടെ മനം നിറച്ചത് ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരം. ടാഗോര്‍ തിയേറ്ററില്‍ കൃത്യം 9.30ന് ആരംഭിച്ച നാടകമത്സരം കാണാന്‍ നൂറുകണക്കിന് കലാപ്രേമികളാണ് ഒഴുകിയെത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരത്തെ അപേക്ഷിച്ച് വ്യത്യസ്തമായ കഥാതന്തുവിലൂടെയും വേറിട്ട് നിന്ന പ്രമേയങ്ങളിലൂടെയും കുട്ടി നാടക സംഘങ്ങള്‍ അരങ്ങിനെ ധന്യമാക്കി. പത്തനംതിട്ട വടശേരിക്കര എം ആര്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി ട്രൈബല്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച ‘സൈറണ്‍’ നാടകത്തോടെയാണ് വേദി ഉണര്‍ന്നത്. പ്രകൃതി ചൂഷണവും കോര്‍പറേറ്റുകളുടെ ധാര്‍ഷ്ട്യവുമെല്ലാം ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ സൈറണായി കാണികളുടെ കാതുകളിലേക്കെത്തിച്ചു. രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലാമേളയിലാണ് അവസാനമായി ഈ സ്കൂളിന് നാടകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവ് സൈറണ്‍ മുഴക്കി തന്നെ പത്തനംതിട്ട അതിഗംഭീരമാക്കി.

കോഴിക്കോട് ജില്ലയില്‍ നിന്ന് രണ്ട് നാടകങ്ങളാണ് അരങ്ങിലെത്തിയത്. ആദ്യം വേദിയില്‍ അവതരിപ്പിച്ചത് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ‘ശ്വാസം’ ആണ്. നാടകത്തിലെ ബലൂണ്‍ ബാലനും കുടുംബവും ആസ്വാദകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് വേദി കീഴടക്കിയത്. ആദ്യം നുറുങ്ങ് തമാശകള്‍കൊണ്ട് കാഴ്ച്ചക്കാരെ രസിപ്പിച്ച ‘ശ്വാസം’ കഥാന്ത്യം അല്പം നൊമ്പരം ബാക്കിയാക്കിയാണ് അവസാനിപ്പിച്ചത്. അപ്പീലിലുടെയാണ് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാടകവേദിയിലെ സ്ഥിരസാന്നിധ്യം ഇക്കുറിയും ഊട്ടിയുറപ്പിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ c\o പൊട്ടക്കുളമാണ് കോഴിക്കോട് നിന്ന് എത്തിയ രണ്ടാമത്തെ നാടകം. ശിവദാസ് പൊയില്‍ക്കാവ് സംവിധാനം ചെയ്ത നാടകം ആക്ഷേപഹാസ്യത്തിന്റെ മര്‍മം അറിഞ്ഞാണ് വേദിയില്‍ തകര്‍ത്താടിയത്. സമൂഹത്തില്‍ പിടിമുറുക്കിയ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ തുറന്ന പോര് തന്നെയാണ് നാടകത്തിലൂടെ കുട്ടികള്‍ തുടങ്ങിവച്ചത്. 

കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയ രണ്ട് നാടകങ്ങളും മികച്ച നിലവാരം പുലര്‍ത്തിയെന്ന് ആസ്വാദകര്‍ വ്യക്തമാക്കി. ഇതിന് പുറമേ സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ നെയ്യുന്ന വലയുമായി എത്തിയ ‘വല’യും ആസ്വാദകരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതായി. ഉരുള്‍പൊട്ടല്‍ നാമാവശേഷമാക്കിയ വെളളാര്‍മല ജിവിഎച്ച്എസ്എസിലെ കുട്ടികളുടെ പോരാട്ടവീര്യം നേര്‍സാക്ഷ്യമാക്കിയ പ്രകടനമാണ് ഇന്നലെ നാടകവേദിയെ വേറിട്ട് നിര്‍ത്തിയ പ്രകടനം. തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് വെള്ളാര്‍മലയിലെ കുട്ടികള്‍ നാടകം അവതരിപ്പിച്ചത്. ദുരന്തം മുറിവേല്‍പ്പിച്ച മനസുമായാണ് വേദിയില്‍ നിന്നതെങ്കിലും പ്രകടനത്തെ അതൊന്നും ബാധിച്ചില്ല. അതിഗംഭീരമായി തന്നെ കുട്ടികള്‍ വെള്ളപ്പൊക്കം വേദിയില്‍ എത്തിച്ച് കയ്യടി നേടി. ആകെ 15 ടീമുകള്‍ മാറ്റുരച്ച നാടകമത്സരം കാണികളുടെ കണ്ണും മനസും നിറച്ചാണ് കര്‍ട്ടനിട്ടത്.
ഇതേ സമയം സ്ഥലപരിമിതി നാടകാസ്വാദനത്തിന് തടസമായെന്ന് ചിലര്‍ പരാതിപ്പെട്ടു. പലരും അതിരാവിലെ തന്നെ എത്തി ഇരിപ്പിടമുറപ്പിച്ചിരുന്നു. മത്സരം ആരംഭിച്ചിട്ടും കാണികളുടെ ഒഴുക്ക് തുടര്‍ന്നു. തിരക്ക് കൂടിയപ്പോള്‍ ചെറിയ രീതിയില്‍ വാക്കുതര്‍ക്കങ്ങളും ഉടലെടുത്തു. എന്നാല്‍ കൊച്ചുകലാകാരന്മാര്‍ അരങ്ങ് കയ്യടക്കിയതോടെ അസൗകര്യങ്ങള്‍ മറന്ന് എല്ലാവരും ആസ്വാദനത്തില്‍ മുഴുകി.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.