
ഫ്ലിപ്കാർട്ടിന്റെ സാധനങ്ങളുമായി പോയ ട്രക്കിൽ നിന്ന് 1.21 കോടി രൂപയിലധികം വിലവരുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ഫ്ലിപ്കാർട്ട് കൺസൈൻമെന്റുകൾ വിതരണം ചെയ്യുന്ന കാമിയോൺ ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രക്കിലാണ് മോഷണം നടന്നത്. സെപ്റ്റംബർ 27ന് മുംബൈയിലെ ഭിവണ്ടിയിൽ നിന്ന് 11,677 സാധനങ്ങളുമായി പുറപ്പെട്ട ട്രക്ക് ഖന്നയിലെ മോഹൻപൂരിലുള്ള ഫ്ലിപ്കാർട്ട് വെയർഹൗസിലേക്കാണ് പോയത്. ഭരത്പൂർ സ്വദേശി നാസിർ എന്നയാളും സഹായിയായ ഛേട്ടുമാണ് വാഹനം ഓടിച്ചിരുന്നത്. ട്രക്ക് വെയർഹൗസിൽ എത്തിയപ്പോൾ ഡ്രൈവർ നാസിർ ഇറങ്ങുകയും, സഹായിയായ ഛേട്ടു വാഹനം കൗണ്ടറിൽ പാർക്ക് ചെയ്ത ശേഷം അപ്രത്യക്ഷനാകുകയുമായിരുന്നു. കമ്പനി സ്റ്റാഫ് അമർദീപ് സിംഗ് ശർമ്മ ചരക്ക് സ്കാൻ ചെയ്തപ്പോഴാണ് 234 ഇനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
മോഷണം പോയ വസ്തുക്കളിൽ 221 ഐഫോണുകൾ, മറ്റ് അഞ്ച് മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഐലൈനറുകൾ, ഹെഡ്‌ഫോണുകൾ, മോയ്‌സ്ചറൈസറുകൾ, പെർഫ്യൂമുകൾ, സോപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിൻ്റെ മൊത്തം മൂല്യം 1,21,68,373 രൂപയാണ്. ഡ്രൈവറും സഹായിയും ഒത്തുകളിച്ചാണ് മോഷണം നടത്തിയതെന്ന് ശർമ്മ ആരോപിച്ചു.
അനധികൃത പ്രവേശനം തടയുന്നതിനായി രൂപകൽപ്പന ചെയ്ത ഉയർന്ന സുരക്ഷാ ഡിജിറ്റൽ ലോക്ക് ഉപയോഗിച്ചാണ് മുംബൈയിൽ കണ്ടെയ്‌നർ സീൽ ചെയ്തിരുന്നത്. ഡെലിവറി സമയത്ത് അംഗീകൃത വെയർഹൗസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് തുറക്കാൻ കഴിയൂ. ഈ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നിട്ടും വൻ മോഷണം നടന്നത് ഞെട്ടലുണ്ടാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഡി എസ് പി അമൃത്പാൽ സിങ് ഭാട്ടി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.