30 December 2025, Tuesday

ചുട്ടുകരിക്കാനുണ്ട് പുസ്തകങ്ങൾ, വിൽക്കാനുണ്ട് വോട്ടുകൾ

വി പി ഉണ്ണികൃഷ്ണൻ
August 17, 2025 4:40 am

“പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ
പുത്തനൊരായുധമാണ്‌ നിനക്കത്‌
പുസ്‌തകം കൈയിലെടുത്തോളൂ” എന്ന് മഹാനായ ബ്രഹ്ത് പറഞ്ഞു. ഇന്ന് അതൊരായുധമല്ല കത്തിക്കരിഞ്ഞമരുവാനുള്ള പീറക്കടലാസുകളാണ്. ഭീകരവാദത്തെയും ദേശവിരുദ്ധതയെയും പ്രോത്സാഹിപ്പിക്കുന്ന നീച ആയുധങ്ങളാണ്.
‘കഥകൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്, സൂതരേ നിങ്ങൾ പറയാറുള്ളതുപോലെ’ എന്ന് എം ടി വാസുദേവൻ നായർ കുറിച്ചതുപോലെ വർഗീയ ഫാസിസത്തിന്റെ ഭരണ തേർവാഴ്ച കാലത്ത് ചരിത്രവും സംസ്കാരവും സാഹിത്യവും ശാസ്ത്രവും തത്വചിന്തയുമെല്ലാം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ‘അഗ്നിദേവന്’ നിർലോഭം സമർപ്പിക്കപ്പെടുകയാണ്. എംടി കുറിച്ചതുപോലെ ‘യാത്രാമംഗളം, തോഴരേ, നിങ്ങൾക്കും എനിക്കും’ എന്ന് പുസ്തകങ്ങൾ അഗ്നിയിൽ നീറിപ്പുകയുമ്പോൾ സ്വയം വിലപിക്കുന്നവരുണ്ടാവാം പ്രതിരോധിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള ഇച്ഛാശക്തിയുള്ളവരുമുണ്ടാകാം. പക്ഷേ അവർ തീവ്രവാദികൾ എന്ന് മുദ്രകുത്തപ്പെടും.
ഭാരതീയ സാംസ്കാരിക പൈതൃകം കഴുവിലേറ്റപ്പെടുകയാണ്. സംഘ്പരിവാറുകാർക്ക് എന്ത് സാഹിത്യം, ചരിത്രം, സംസ്കാരം, ശാസ്ത്രം, തത്വചിന്ത, ദർശനങ്ങൾ… അവർക്ക് ഒന്നേയുള്ളൂ വായിക്കപ്പെടേണ്ടതും പൂജിക്കപ്പെടേണ്ടതുമായ ഗ്രന്ഥം. മനുഷ്യവിഭജനത്തിന്റെയും വർണവെറിയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ഹിറ്റ്ലർ വാഴ്‌ത്തലുകളുടെയും മുസോളിനി സ്തുതികളുടെയും അധമചിന്തകൾ തുടിച്ചുനിൽക്കുന്ന അവരുടെ എക്കാലത്തെയും വലിയ ഗുരുജി മാധവ് സദാശിവ് ഗോള്‍വാൾക്കറുടെ വിചാരധാര. രണ്ടാമതായി ‘നാം അഥവാ നമ്മുടെ ദേശീയത നിർവഹിക്കപ്പെടുന്നു’ എന്ന ഗ്രന്ഥം. പിന്നാലെ ആർഎസ്എസ് ഉപശാലകളിൽ കടഞ്ഞെടുക്കുന്ന സവർണ ഹൈന്ദവ പൗരോഹിത്യത്തിന്റെയും വർഗീയ കടന്നാക്രമണത്തിന്റെയും ഫാസിസ്റ്റ് അജണ്ടകളുടെയും തീ തുപ്പുന്ന കറുത്ത അധ്യായങ്ങളുടെ യഥാർത്ഥ ചരിത്ര വസ്തുതകളെ ചുട്ടുകരിക്കുന്ന ഗ്രന്ഥങ്ങളും.


https://janayugomonline.com/janayugom-article-move-forward-unflinchingly-in-the-path-of-action/


ജമ്മു കശ്മീർ വിഭജിക്കപ്പെട്ടതിന്റെയും സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന്റെയും സ്വയം ഭരണാവകാശമുൾപ്പെടുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെയും ആറാം വാർഷികവേളയിലാണ് നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ഉറ്റ അനുയായിയും ഉത്തമഭക്തനുമായ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ 25 പുസ്തകങ്ങൾ നിരോധിച്ച് അഗ്നിക്കിരയാക്കുവാൻ കൊടും കല്പന പുറപ്പെടുവിച്ചിരിക്കുന്നത്. രാഷ്ട്രീയ–സാമൂഹ്യ‑സാഹിത്യ‑ചരിത്ര‑ദാർശനിക വിമർശകരും മാധ്യമ പ്രവർത്തകരുമുൾപ്പെടെയുള്ളവരുടെ 25 പുസ്തകങ്ങൾക്കാണ് വിലങ്ങിട്ടത്. കാരാഗൃഹത്തിലിരുന്ന് വായിച്ച് രാജ്യദ്രോഹിയാകാതിരിക്കുവാൻ അവയെ അധികകാലം വിലങ്ങുവച്ച് കാരാഗൃഹത്തിലിട്ട് വീർപ്പുമുട്ടിക്കുകയില്ല, ‘അഗ്നിദേവന്’ പൂജാവസ്തുക്കളായി ദിവ്യത്വത്തോടെ സമർപ്പിക്കും. ബുക്കർ ജേതാവ് അരുന്ധതി റോയിയുടെയും വിശ്വപ്രസിദ്ധ ചരിത്രകാരായ റൊമീളാ ഥാപ്പറിന്റെയും ബിപിൻ ചന്ദ്രയുടെയുമെല്ലാം വരികൾ മനസിലേറ്റിയാൽ അവർ ഭീകരവാദികളാവുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആർക്കും വെല്ലാനാവാത്ത ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. രാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിക്കേണ്ട സൈനികർ പുസ്തകശാലകൾ കയറിയിറങ്ങി മനോജ് സിൻഹ കണ്ടെത്തിയ ദേശദ്രോഹ ഗ്രന്ഥങ്ങൾ തെരഞ്ഞുപിടിക്കുന്ന തിരക്കിലാണ്.


https://janayugomonline.com/janayugom-article-move-forward-unflinchingly-in-the-path-of-action/


‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഹിറ്റ്ലർ സിദ്ധാന്തത്തെ ഉയർത്തിപ്പിടിക്കുന്ന സംഘ്പരിവാരം സ്വന്തമായ പാഠശാലകളും പഠനക്രമങ്ങളും ദശാബ്ദങ്ങളായി നടപ്പാക്കി വരുന്നു. 1999ൽ എ ബി വാജ്പേയ് പ്രധാനമന്ത്രിയും മുരളീമനോഹർ ജോഷി മാനവവിശേഷി വകുപ്പ് മന്ത്രിയുമായിരിക്കുമ്പോൾ സർവകലാശാലകളെയും പാഠ്യപദ്ധതികളെയും കാവിവൽക്കരണത്തിനും വർഗീയ ഫാസിസവൽക്കരണത്തിനും ഔദ്യോഗികതലത്തിൽ തന്നെ വിധേയമാക്കുവാൻ തുടങ്ങി. ജ്യോതിഷം സർവകലാശാലകളിൽ മുഖ്യ പാഠ്യവിഷയമാക്കണമെന്നതുള്‍പ്പെടെ വമ്പൻ മണ്ടത്തരം വിളമ്പാൻ തുടങ്ങി. സർവകലാശാല മേധാവികളായും യുജിസി, എൻസിഇആർടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസമേഖലയിലും കാവിധാരികളെയും സംഘപ്രകീർത്തകരെയും നിയോഗിച്ചു. വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യസമര വഞ്ചകരുടെയും വിഭജന രാഷ്ട്രീയവക്താക്കളുടെയും സവർക്കർ, ഗോഡ്സേ, ഗോള്‍വാൾക്കർ, ഹെഡ്ഗേവാർ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ പാഠ്യവിഷയങ്ങളായി.


https://janayugomonline.com/janayugom-column-which-is-the-caste-of-vedic-scholar-hanuman/


2014ൽ ബിജെപി കേന്ദ്രഭരണാധികാരത്തിൽ തിരിച്ചെത്തിയപ്പോൾ വിദ്യാഭ്യാസ മണ്ഡലത്തിലെ വർഗീയ സ്വേച്ഛാധിപത്യം കൂടുതൽ ശക്തമായി. എല്ലാ സർവകലാശാലകളെയും തങ്ങളുടെ കാൽക്കീഴിലാക്കുവാൻ സർവകലാശാല മേധാവികളുടെ നിയമനത്തിനുള്ള മാനദണ്ഡങ്ങളാകെ കാറ്റിൽപ്പറത്തി. 2019ലും 2024ഉം തുടർച്ചയായി അധികാരത്തിലെത്തിയപ്പോൾ വിദ്യാഭ്യാസത്തില്‍ വർഗീയ ഫാസിസവല്‍ക്കരണത്തിന് ആക്കം കൂടി. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം നിഷ്കാസനം ചെയ്യുകയും വിഭജിത രാഷ്ട്രദിനത്തിന് ആഹ്വാനം നൽകുന്ന കടുത്ത സംഘികളെ വൈസ് ചാൻസലർമാരാക്കുകയും ചെയ്തു. രോഹിത് വെമുലമാരെ നിർലോഭം സൃഷ്ടിച്ചു. അക്കാദമിക് കൗൺസിലുകൾ വർഗീയ വായാടികളുടെ കേന്ദ്രമാക്കി. അധ്യാപക നിയമനത്തിന്റെ കടിഞ്ഞാൺ കൈകളിലൊതുക്കി അക്കാദമിക സമൂഹത്തെയാകെ അരികുവൽക്കരിച്ചൂ.
എംടെക് ബിരുദധാരിയാണ് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ എന്നാണ് വാദം. പക്ഷേ പുസ്തകങ്ങളെ എല്ലാ ഫാസിസ്റ്റുകളെയും പോലെ ഈ എംടെക് ബിരുദധാരിയും വെറുക്കുന്നു. പുസ്തകങ്ങൾ അഗ്നിക്കിരയാക്കുമ്പോൾ പുതിയ സാങ്കേതികവിദ്യയിലൂടെ, സംഘ്പരിവാരം അഗ്നിക്കിരയാക്കുന്ന പുസ്തകത്താളുകളിലെ ചരിത്രഗരിമയും സർഗാത്മകതയും ഭൗതിക ചിന്തയും ശാസ്ത്രബോധവും വായനക്കാരുടെ ചിന്താശക്തിയെ സ്വാധീനിക്കുമെന്ന വസ്തുത അവർ മറക്കുന്നു. അറിവിന്റെ വെളിച്ചത്തെ അണയ്ക്കാൻ ശ്രമിച്ച കുത്സിത ശക്തികളൊക്കെയും അജ്ഞതയുടെ കൂരിരുട്ടിൽ തളയ്ക്കപ്പെട്ടിട്ടുണ്ടെന്നത് ചരിത്രം ഉച്ചൈസ്തരം വിളിച്ചു പറയുന്നുണ്ട്. സംഘ് പരിവാരം പാടിനടക്കുന്ന രാമായണവും മഹാഭാരതവും വേദോപനിഷത്തുക്കളും സംസ്കൃതം പഠിച്ച് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതും അവയൊക്കെ ആംഗലേയ ഭാഷയിലേയ്ക്കുൾപ്പെടെ തർജമ ചെ യ്തതും മുഗള്‍ ചക്രവർത്തി അക്ബറിന്റെ കൊട്ടാരത്തിലെ പണ്ഡിതൻമാരും ഷാജഹാൻ ചക്രവർത്തിയുടെ മകനുമാണ്. പക്ഷേ സംഘ്പരിവാര ‘പണ്ഡിതന്മാർ’ മുഗളചരിത്രം പാഠപുസ്തകങ്ങളിൽ നിന്നും ചരിത്രഗ്രന്ഥങ്ങളിൽ നിന്നും നിഷ്ക്കാസനം ചെയ്യുന്ന വിരോധാഭാസത്തിനാണ് ഇന്നു നാം സാക്ഷ്യം വഹിക്കുന്നത്.
നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും രാഷ്ട്രീയ ചട്ടുകങ്ങളായി അധഃപതിച്ച തെരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് ജീവിച്ചിരിക്കുന്നവർ മരണപ്പെട്ടുപോവുകയും മരണപ്പെട്ടവർ മാർക്കണ്ഠേയ ജീവിതം നയിക്കുകയും ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ 68 ലക്ഷം വോട്ടർമാർ കാണാമറയത്തായി. അതിൽ മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തി വോട്ടർപ്പട്ടികയിൽ നിന്ന് നിഷ്ക്കാസനം ചെയ്ത 68 വയസുള്ള വാഞ്ചിയാദേവിയെയും 41 വയസുള്ള മിന്റു പാസ്വാനെയും 48 വയസുള്ള ഹരീന്ദറെയെയും ‘സ്പെഷൽ ഇന്റന്‍സീവ് റിവിഷൻ’ കേസിലെ ഹർജിക്കാരൻ യോഗേന്ദ്ര യാദവ് സുപ്രീം കോടതിയുടെ മുന്നിൽ ഹാജരാക്കി. ഇലക്ഷൻ കമ്മിഷന് മരണപ്പെട്ടുപോയവർ ജീവനോടെ ഉന്നത നീതിപീഠത്തിന്റെ മുന്നിൽ. യോഗേന്ദ്ര യാദവ് വസ്തുതാപരമായ കാര്യങ്ങളാണ് കോടതിക്കുമുന്നിൽ അവതരിപ്പിച്ചതെന്നും മൂന്ന് സാധാരണക്കാർ കോടതിക്കുമുന്നിൽ എത്തിയത് അഭിമാനകരമാണെന്നും ഹർജി പരിഗണിച്ച ബെഞ്ചിന്റെ തലവൻ ജസ്റ്റിസ് സൂര്യകാന്ത് അസന്ദിഗ്ധമായി വ്യക്തമാക്കി. ‘മരണപ്പെട്ട് ഒഴിവാക്കപ്പെട്ട’ ഏഴുപേർ രാഹുൽ ഗാന്ധിക്കൊപ്പം ചായകുടിക്കുകയും ചെയ്തു. തെളിവുകളോടെ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും കേന്ദ്രസർക്കാരിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതിത്തം പാലിച്ചു. ബിഹാറിൽ ഒഴിവാക്കപ്പെടുന്നത് മഹാഭൂരിപക്ഷവും മതന്യൂനപക്ഷങ്ങളുടെ വോട്ടാണ്.
കർണാടകയിലെ മഹാദേവപുരം നിയമസഭാ മണ്ഡലത്തിൽ മാത്രം 33,692 കള്ളവോട്ടുകളും ഇരട്ടിപ്പുവോട്ടുകളും കൊണ്ടാണ് ബിജെപി വിജയിച്ചതെന്നത് സുവ്യക്തമായി. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 11,965 ഇരട്ടിപ്പുവോട്ടുകളും, 49,100 മേൽവിലാസമില്ലാത്ത വോട്ടുകളും ഒരു മേൽവിലാസത്തിൽ മാത്രം 10,452 വോട്ടുകളും യഥാർത്ഥ ഫോട്ടോ ഇല്ലാത്ത 4,332 വോട്ടുകളുമടക്കം 75,849 വോട്ടുകളുടെ ക്രമക്കേട് ഇതിനകം പുറത്തുവന്നു. ജനാധിപത്യ അട്ടിമറിയുടെ കാര്യം ആറ്റംബോംബുപോലെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾ പരിഹസിച്ച കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വസ്തുതകൾ പുറത്തുവന്നപ്പോൾ ഒളിച്ചോട്ടത്തിന്റെ പാതയിലാണ്.


https://janayugomonline.com/janayugom-column-the-cry-from-within-will-be-silenced/


അട്ടിമറി വോട്ടുകളുടെ എണ്ണം ദിനംപ്രതി പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ആറാം നമ്പർ ഫോറം പോലും തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപി മുഖമുദ്രയില്ലാത്തവർക്ക് വിതരണം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ വിതരണം ചെയ്യുന്ന വോട്ടർ തിരിച്ചറിയൽ കാർഡും, ആധാർ കാർഡുമുൾപ്പെടെയുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നുമില്ല.
ബിഹാറിലും മഹാരാഷ്ട്രയിലും കർണാടകയിലും മാത്രമല്ല രാജ്യമെങ്ങും വോട്ടർ പട്ടികയിൽ കൊടും കൃത്രിമത്വം കാട്ടി പരിപാവനമായ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും. ഒറ്റമുറിയിൽ താമസിക്കുന്നവർക്ക് 110ലേറെ വോട്ടുകളും ഒരു ബ്രൂവറിയിൽ 88 വോട്ടും സൃഷ്ടിക്കപ്പെടുന്നത് ഉത്തരേന്ത്യൻ നാടുകളിൽ മാത്രമല്ല കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കൃത്രിമ അഭിനേതാവും മാസ്മരിക പ്രകടനം നടത്തി. തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് വോട്ടുകളുള്ള സുരേഷ് ഗോപിക്കും കുടുംബത്തിനും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃശൂരിലെ വോട്ടർപട്ടികയിൽ സ്ഥാനം പിടിക്കാനായി. സുരേഷ് ഗോപിയുടെ അനുജനും കുടുംബത്തിനും കൊല്ലത്തെ കുടുംബവീട്ടിലും തൃശൂരിലെ ഫ്ലാറ്റിലും വോട്ട്. തിരുവനന്തപുരത്ത് വോട്ടുള്ള സുരേഷ് ഗോപിയുടെ ഡ്രൈവർക്കും മിത്രങ്ങൾക്കും തൃശൂരിൽ വോട്ട്.
ചേലക്കര നിയമസഭാ നിയോജകമണ്ഡലത്തിലും മലപ്പുറം ജില്ലയിലും ഉള്ള ബിജെപി നേതാക്കൾക്കും തൃശൂരിൽ വോട്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശസ്വയം ഭരണസ്ഥാപന വോട്ടർപട്ടികയിൽ ഇവരാരും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലില്ല. ഇതാണ് സുരേഷ് ഗോപിയുടെ ഇന്ദ്രജാല വിദ്യകൾ. കള്ളവോട്ടുകൾ ചേർത്ത് വർഗീയ ധ്രുവീകരണം നടത്തി വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് ഇപ്പോഴും മൗനം തന്നെ. മൗനം വിദ്വാന് ഭൂഷണം എന്നതുപോലെ മൗനം മന്ദന് ഭൂഷണം എന്ന ചൊല്ലുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.