
കേന്ദ്ര സർക്കാരിന്റെ പ്രധാന ഗ്രാമീണ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിച്ച് 11 വർഷങ്ങൾക്ക് ശേഷവും സമ്പൂർണ സ്വച്ഛത എന്ന ലക്ഷ്യം കൈവരിച്ചില്ലെന്നും നടപടിക്രമങ്ങളില്‍ കൃത്യതയില്ലെന്നും റിപ്പോര്‍ട്ട്. മാലിന്യ, മലിനജല സംസ്കരണ പ്രശ്നങ്ങള്‍, ശുചിത്വ പുരോഗതിയുടെ സുസ്ഥിരതയെ വെല്ലുവിളിക്കുന്ന പെരുമാറ്റ രീതികള്‍ എന്നിങ്ങനെ ഗുരുതരമായ പോരായ്മകള്‍ നിലനില്‍ക്കുന്നുവെന്ന് വിവര — വിശകലന ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യ സ്പെന്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019 ഓടെ ഇന്ത്യയെ വെളിയിടവിസർജന രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയുടെ ആദ്യ ഘട്ടം നടന്നത്. ഇതിൽ 10 കോടി ഗാർഹിക ശൗചാലയങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു.
11.9 കോടി ശൗചാലയങ്ങളും 2,60,000 കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്സുകളും നിർമ്മിക്കപ്പെട്ടെന്ന് കണക്കാക്കി 2019 ഒക്ടോബറോടെ ഇന്ത്യയെ വെളിയിട വിസർജ്ജന രഹിത (ഒഡിഎഫ്) മായി പ്രഖ്യാപിച്ചു. എന്നാൽ 66,000 കോടിയിലധികം രൂപ നിക്ഷേപിച്ച ഈ ഘട്ടം കണക്കുകളില്‍ മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും ജലലഭ്യതയും അവഗണിച്ചുള്ള രൂപകല്പനയായിരുന്നു ഇതിന് കാരണമായത്. രണ്ടാം ഘട്ടത്തിൽ, ഓരോ ഗ്രാമങ്ങളും ഒഡിഎഫ് പ്ലസ് പദവി കൈവരിക്കാൻ സർക്കാർ തീരുമാനിച്ചു. ഒഡിഎഫ് സുസ്ഥിരത; ഖര, ദ്രവ മാലിന്യ സംസ്കരണം, ദൃശ്യ ശുചിത്വം എന്നീ മൂന്ന് ഘടകങ്ങളാണ് ലക്ഷ്യമിട്ടത്. ഈ പദവി ഗ്രാമങ്ങള്‍ക്ക് നല്‍കണമെങ്കില്‍ രണ്ടുതലങ്ങളിൽ സ്വതന്ത്ര പരിശോധന നടത്തേണ്ടതുണ്ടായിരുന്നു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഒക്ടോബർ ഒന്നുവരെ, ഏകദേശം 97% ഗ്രാമങ്ങളും ഒഡിഎഫ് പ്ലസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് ഘടകങ്ങളും പാലിക്കുന്ന ഗ്രാമങ്ങളെ ‘ഒഡിഎഫ് പ്ലസ് മാതൃകാ’ ഗ്രാമങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. ആകെ 5,86,944ൽ 4,80,412 എണ്ണം ഒഡിഎഫ് പ്ലസ് മാതൃകാ ഗ്രാമങ്ങളായി പ്രഖ്യാപിച്ചെങ്കിലും, 22% എണ്ണം ആദ്യ റൗണ്ട് പരിശോധനയും 89% ഇതുവരെ രണ്ടാമത്തെ പരിശോധനയും പൂർത്തിയാക്കിയിട്ടില്ലെന്ന് സർക്കാർ കണക്കുകള്‍ കാണിക്കുന്നതായി ഇന്ത്യസ്പെന്‍ഡ് വിശദീകരിക്കുന്നു. 1,03,627 ‘മാതൃകാ’ ഗ്രാമങ്ങൾ പരിശോധനയ്ക്ക് വിധേയമായില്ലെന്നര്‍ത്ഥം. ഇതില്‍ പകുതിയും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. സിക്കിം, ലക്ഷദ്വീപ് എന്നിവ ഒന്നാകെ ‘മാതൃക’ സംസ്ഥാനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. അതായത് അവിടെ എല്ലാ ഗ്രാമങ്ങളും ‘ഒഡിഎഫ്-പ്ലസ് മോഡൽ’ ഗ്രാമങ്ങളായി. എന്നാൽ സിക്കിമിലെ 17 ഗ്രാമങ്ങളില്‍ ഇതുവരെ പരിശോധന നടന്നിട്ടില്ല. 2020–21 നും 2022–23 നും ഇടയിലെ കണക്കനുനുസരിച്ച്, കേന്ദ്ര സർക്കാർ ഫണ്ടിന്റെ 50% ശതമാനത്തിൽ താഴെ മാത്രമേ യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.