22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 5, 2024
November 5, 2024
October 31, 2024
October 28, 2024
October 27, 2024
October 27, 2024
October 27, 2024
October 26, 2024
October 21, 2024

കോണ്‍ഗ്രസില്‍ കലാപത്തിന് ശമനമില്ല; കുരുതികൊടുത്തെന്ന് മുരളീധരന്‍

സ്വന്തം ലേഖിക
തൃശൂര്‍
July 1, 2024 5:46 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് തൃശൂരിലെ കോണ്‍ഗ്രസില്‍ കലാപത്തിന് ശമനമില്ല.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന കെപിസിസി അവലോകന യോഗം മുതല്‍ കെ മുരളീധരന്‍ ശക്തമായ പ്രതിഷേധമാണ് തുടര്‍ച്ചയായി നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസിന് നല്ല സംഘടനാ സ്വാധീനവും മുരളീധരന് ആത്മബന്ധവുമുള്ള മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തെത്തിയത് നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. 18 ലോക്‌‌സഭാ മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം നേടിയപ്പോള്‍ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ തൃശൂരില്‍ മൂന്നാംസ്ഥാനത്തായി. 

മുരളീധരന്റെ തോല്‍വി പരിശോധിക്കുവാന്‍ കെപിസിസി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതി തെളിവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജിവച്ചിരുന്നു. പാലക്കാട് എംപി വി കെ ശ്രീകണ്ഠനാണ് ഡിസിസിയുടെ ചുമതല. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന്റെ പ്രചരണത്തിനായി സിറ്റിങ് എംപി ടി എന്‍ പ്രതാപനും അനില്‍ അക്കരയും സജീവമല്ലായിരുന്നെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ടി എന്‍ പ്രതാപനായി നിരവധി ചുവരെഴുത്തുകളും ലക്ഷക്കണക്കിന് പോസ്റ്ററുകളും തയ്യാറായതിനു ശേഷമാണ് തൃശൂരില്‍ പ്രതാപനെ മാറ്റി മുരളീധരനെ പരിഗണിച്ചത്. വടകരയില്‍ പ്രചരണത്തിന്റെ ഏറിയ പങ്കും പൂര്‍ത്തിയാക്കിയ മുരളീധരന് സാമുദായിക സന്തുലനം ഉറപ്പാക്കാന്‍ വേണ്ടിയാണ് തൃശൂരിലേക്ക് വണ്ടി കയറേണ്ടി വന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിം പ്രാതിനിധ്യം നല്‍കിയത് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് മാത്രം ആയിരുന്നു. എന്നാല്‍, ഇത്തവണ ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനു മത്സരിക്കുവാന്‍ വേണ്ടിയാണ് വടകരയില്‍ നിന്നും മുരളീധരനെ ഒഴിവാക്കി ഷാഫി പറമ്പലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് താന്‍ കുരുതികൊടുക്കപ്പെട്ടുവെന്ന് മുരളീധരന്‍ ആരോപിക്കുന്നതും. 

Eng­lish Sum­ma­ry: There is no end to the rebel­lion in the Congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.