കൊടുംവേനലില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ചരിത്രത്തിലില്ലാത്ത നിലയില്‍ താഴ്ന്നത് കാർഷിക- വൈദ്യുതി മേഖലകളെ പ്രതിസന്ധിയിലാക്കുന്നു. ഇന്ന് മുതൽ വടക്കൻ ജില്ലകളിൽ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പാണ് ചെറിയ പ്രതീക്ഷയേകുന്നത്. സംസ്ഥാനത്തെ വെെദ്യുതി ഉല്പാദിപ്പിക്കുന്ന ജലസംഭരണികളിലും കുടിവെള്ളം വിതരണം ചെയ്യുന്ന അണക്കെട്ടുകളിലും വെള്ളം ഗണ്യമായി കുറയുന്നത് വൈദ്യുതി പ്രതിസന്ധിക്കും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുമെന്ന ഭീതി നിലനില്‍ക്കുന്നു. ഇടുക്കിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 34.36 ശതമാനം മാത്രമാണ് ജലമുള്ളതെങ്കിലും കല്ലാർകുട്ടിയിൽ 74.03, ലോവൽ പെരിയാറിൽ 83.16 ശതമാനം ജലനിരപ്പുള്ളത് ആശ്വാസമാണ്. ആനയിറങ്കൽ ഡാമിൽ 19.30 ശതമാനവും പൊന്മുടിയിൽ 36.8 ഉം ഇരട്ടയാറിൽ 13.41 ഉം കല്ലാറിൽ 16.06 ഉം ശതമാനമാണ് ജലനിരപ്പ്.
കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ കുണ്ടളയിൽ 70.46, മാട്ടുപ്പെട്ടിയിൽ 53.57, ഇടമലയാറിൽ 32.85, തൃശൂർ ഷോളയൂർ ഡാമിൽ 18.25 ശതമാനവും പെരിങ്ങൽകുത്തിൽ 26.98 ശതമാനം വീതവുമാണ് ജലശേഖരം. കോഴിക്കോട് കുറ്റ്യാടിയില്‍ 34.52, വയനാട് ബാണാസുര സാഗറിൽ 18.38 ശതമാനമാണ് വെെദ്യുതി ഉല്പാദിപ്പിക്കുന്നതിന് ബാക്കിയുള്ള ജലം.
കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമായി ദിവസവും ജലം നൽകുന്ന മലമ്പുഴ അണക്കെട്ടിൽ 15 ശതമാനം മാത്രം വെള്ളമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ശിരുവാണിയിൽ 37 ശതമാനമാണ് ഇപ്പോഴുള്ള ജലനിരപ്പ്. മൂലത്തറ റെഗുലേറ്ററിൽ മാത്രമാണ് ആവശ്യത്തിന് ജലം അവശേഷിക്കുന്നത്. ചുള്ളിയാർ ഡാമിൽ എട്ടു ശതമാനം മാത്രമായി താഴ്ന്നതിനാൽ പുറത്തേക്ക് വെള്ളം നൽകാനാവുന്നില്ല, ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മംഗലം ഡാമിൽ 10, പോത്തുണ്ടി, വാളയാർ ഡാമുകളിൽ 17, മീങ്കരയിൽ 18, കാഞ്ഞിരപ്പുഴയിൽ ഒമ്പത് ശതമാനവുമാണ് ജലശേഖരം.
എറണാകുളം ഭൂതത്താൻകെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ അത്യാവശ്യത്തിന് ജലമുണ്ട്. തൃശൂർ വാഴാനിയിൽ 19, ചിമ്മിണി എട്ട്, പീച്ചി 13 ശതമാനം മാത്രമേ ജലമുള്ളു. കണ്ണൂർ പഴശ്ശിയിൽ 22.55 മീറ്ററാണ് നിലവിലെ ജലനിരപ്പ്.
പാലക്കാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ മഴ പെയ്യുമെന്ന് പ്രവചിക്കുന്നുവെങ്കിലും, തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ സൂചനയില്ലാത്തത് വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നൽകുന്ന വിവരം.
English Summary: There is no water in the dams; Crisis in agriculture and energy sectors
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.