ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വേതനം കുറഞ്ഞ തൊഴിലുകള്‍ വര്‍ധിക്കുന്നുവെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പുറമെ 2010 മുതല്‍ 23 വരെ കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന യുവജനങ്ങളുടെ എണ്ണം പെരുകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് കുറഞ്ഞ നിരക്കില്‍ തൊഴില്‍ ചെയ്യാന്‍ യുവജനങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. വികസ്വര രാഷ്ട്രങ്ങളിലെ യുവജനങ്ങള്‍ സുരക്ഷിത തൊഴിലിനും മികച്ച വേതനത്തിനും പലവിധ തടസങ്ങളാണ് നേരിടുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ 15 മുതല്‍ 24 വയസ് വരെയുള്ള യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം, വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയും തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേര്‍ക്കും കൃത്യമായ ശമ്പളം, ആനുകൂല്യം, അവധി എന്നിവ ലഭിക്കാത്ത സ്ഥിതിവിശേഷമാണ് ഇന്ത്യയടക്കം രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്.
രാജ്യത്ത് കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്നവരുടെ ശതമാനം 2010ല്‍ നിന്ന് 20 ശതമാനം വര്‍ധിച്ചു. വികസിത രാജ്യങ്ങളിലെ നാലില്‍ മൂന്നു പേര്‍ക്കും മികച്ച വേതനമുള്ള സുരക്ഷിത തൊഴില്‍ ലഭിക്കുമ്പോള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് സുരക്ഷിത തൊഴിലും മികച്ച ശമ്പളവും ലഭിക്കുന്നത്. ഗ്ലോബല്‍ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് 2024 എന്ന പേരില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് തൊഴില്‍ ചൂഷണം സംബന്ധിച്ച വിവരമുള്ളത്. രാജ്യത്തെ സാധാരണ തൊഴിലാളികളുടെ മാസവരുമാനം ജീവിതച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ പര്യാപ്തമല്ലെന്ന് തൊഴിൽ റിക്രൂട്ടിങ് പ്ലാറ്റ്ഫോമായ ‘വർക്ക് ഇന്ത്യ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. നിർമ്മാണ തൊഴിലാളികളും ഫാക്ടറി ജീവനക്കാരും ദിവസക്കൂലിക്കാരും ഉൾപ്പെടുന്ന (ബ്ലൂ കോളര്‍) തൊഴിലാളികളില്‍ 57.63 ശതമാനം പേര്‍ക്കും മാസവരുമാനം 20,000 രൂപയിൽ താഴെയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. തൊഴിലാളികൾക്ക് ഗാർഹിക, ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ക്ക് പര്യാപ്തമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
20,000ത്തിനും 40,000ത്തിനും ഇടയിൽ മാസവരുമാനം ലഭിക്കുന്നത് 29.34 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ്. ചെറിയ ശതമാനം (10.71) ആളുകൾക്ക് മാത്രമാണ് 40,000ത്തിനും 60,000ത്തിനും ഇടയിൽ വരുമാനം ലഭിക്കുന്നത്. 2.31 ശതമാനം പേർക്ക് മാത്രമാണ് 60,000ത്തിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളത്. 24 ലക്ഷം തൊഴിൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാധാരണ തൊഴിലാളികൾക്കുള്ള കുറഞ്ഞ വേതനവും കൂടിയ വേതനമുള്ള ജോലികളുടെ അഭാവവും സമൂഹത്തിലെ വലിയൊരു വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്നത്തെ മാത്രമല്ല കാണിക്കുന്നതെന്നും, സാമൂഹിക കെട്ടുറപ്പിനെയും സാമ്പത്തിക വളർച്ചയെയും ബാധിക്കുന്നതാണെന്നും വർക്ക് ഇന്ത്യ സിഇഒ നിലേഷ് ദംഗർവാൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.