ശാസ്ത്രം അതിദ്രുതം പുരോഗമിക്കുകയും യുക്തിചിന്ത രൂഢമൂലമാകുകയും ചെയ്യുന്ന ഒരു സമൂഹത്തിലും കാലത്തുമാണ് നാം ജീവിക്കുന്നത്. എന്നാൽ മാനവരാശിയുടെ ഈ പുരോഗമന സ്വഭാവത്തിന് നാണക്കേടാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത കാലത്ത് വന്ന പ്രസ്തുത സംഭവങ്ങളിൽ പ്രധാനപ്പെട്ടവ ഉത്തർപ്രദേശിൽ നിന്നായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. അമ്മയുടെ രോഗം ഭേദമാകുന്നതിനായി പിഞ്ചുകുഞ്ഞിനെ ബലി നൽകിയ സംഭവം ഒക്ടോബർ പത്തിനാണ് പുറത്തുവന്നത്. ഉത്തർപ്രദേശിലെ മുസഫർനഗറിൽ ബെൽദ ഗ്രാമത്തിലായിരുന്നു സംഭവം. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ദീർഘകാലമായി അസുഖബാധിതയായ അമ്മയുടെ രോഗം ഭേദമാകുന്നതിനായി കൊല ചെയ്തത്. കുട്ടിയെ ബലി നൽകാൻ മന്ത്രവാദി ഇവരോട് നിർദേശിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി. കൊല ചെയ്ത ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചതായി പ്രതികൾ വെളിപ്പെടുത്തിയെന്ന് പൊലീസ് അധികൃതർ പറയുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഈ സംഭവത്തിന് ആഴ്ചകൾക്ക് മുമ്പാണ് യുപിയിലെ തന്നെ ഹത്രാസിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകിയ സംഭവമുണ്ടായത്. രാസ്ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിയെയാണ് സ്വകാര്യ സ്കൂൾ അധികൃതർ കൊല ചെയ്തത്. സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെയും ആഭിചാര ക്രിയയിലുള്ള അന്ധവിശ്വാസം തന്നെയാണ് വില്ലനായത്. കുട്ടിയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ പ്രതികൾ സ്കൂളിന് പുറത്തുവച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. ഭയന്ന കുട്ടി കരയാൻ തുടങ്ങിയതോടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മേയ് 22നാണ് യുപിയിൽ മുസഫർ നഗറിൽ സമാനമായ മറ്റൊരു സംഭവമുണ്ടായത്. നാലും ഏഴും വയസുള്ള സഹോദരങ്ങളാണ് ഇവിടെ കൊല ചെയ്യപ്പെട്ടത്. കുട്ടികളുടെ അമ്മായി, അമ്മ എന്നിവർ അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഒരു തന്ത്രിയുടെ നിർദേശപ്രകാരം സ്ത്രീകളിലൊരാളുടെ ശരീരത്തിലുണ്ടായ ബാധ ഒഴിപ്പിക്കുന്നതിനാണ് ഈ അരുംകൊല നടത്തിയത്. അടുത്തകാലത്ത് അന്ധവിശ്വാസത്തിന്റെയും ദുർമന്ത്രവാദത്തിന്റെയും ഫലമായി നടന്ന ഈ അരുംകൊലകളെല്ലാം നടന്നത് ഉത്തർപ്രദേശിലായിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
2022ൽ കേരളത്തിൽ ഒരു നരബലി നടന്നതായി വാർത്ത പുറത്തുവന്നത് വലിയ വിവാദമായിരുന്നു. അതിനുള്ള കാരണം രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാസ്ത്രീയാവബോധത്തിലും യുക്തിചിന്തയിലും പുരോഗതിയിലും മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നതിനാലാണ്. എന്നാൽ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അത് നിത്യ സംഭവമെന്നതുപോലെ ആണെന്നാണ് മനസിലാക്കേണ്ടത്. പക്ഷേ അവയൊന്നും കേസുകളായി മാറുന്നില്ലെന്നതുകൊണ്ട് ഔദ്യോഗിക കണക്കുകളിൽ ഇടംപിടിക്കുന്നില്ലെന്നാണ് 2022ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം വ്യക്തമാകുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) 2014 മുതൽ 2021 വരെയുള്ള പ്രസ്തുത കണക്ക് പ്രകാരം റിപ്പോർട്ട് കാലയളവിൽ യുപിയിൽ ഒരു നരബലിപോലും നടന്നിട്ടില്ല. രാജ്യത്ത് മൊത്തം 103 അന്ധവിശ്വാസവും അനാചാരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഇക്കാലയളവിലുണ്ടായി. 2015ലായിരുന്നു ഏറ്റവും കൂടുതൽ, 24. 2018ൽ നാലു കേസുകൾ മാത്രമേ ഉണ്ടായുള്ളൂ. 2021ൽ ആറ് നരബലി കേസുകൾ രേഖപ്പെടുത്തി. ഈ വർഷങ്ങളിൽ ഏറ്റവും കൂടുതൽ നരബലി രേഖപ്പെടുത്തിയ സംസ്ഥാനം ഛത്തീസ്ഗഢാണ്, ഇവിടെ 14 കേസുകളുണ്ടായി. 13 കേസുകളുമായി കർണാടക രണ്ടാം സ്ഥാനത്തും 11 കേസുകളുമായി ത്സാർഖണ്ഡ് മൂന്നാം സ്ഥാനത്തുമാണ്. 2021ലെ കണക്ക് പ്രകാരം ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, തെലങ്കാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഓരോ കേസുകളാണുണ്ടായത്. ഇതിൽ നിന്ന് യുപി പോലുള്ള തീവ്ര ഹിന്ദുത്വശക്തികളുടെ ഭരണം നടക്കുന്ന സംസ്ഥാനങ്ങളിലെ കണക്കുകൾ മറച്ചുവയ്ക്കപ്പെടുന്നുവെന്നാണ് തെളിയുന്നത്. യുപി പോലുള്ള സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ അവിടെയുള്ള ഭരണാധികാരികളുടെ പങ്ക് വ്യക്തമാണ്. ഔദ്യോഗികമായി തന്നെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെടെ സ്വീകരിക്കുന്നത്. കാലിത്തൊഴുത്ത് ശുചീകരിച്ചാലും അതിനകത്ത് കിടന്നാലും കാൻസർ പോലുള്ള രോഗം മാറുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രിമാരാണ് യുപി പോലുള്ള സംസ്ഥാനങ്ങളിലുള്ളത്. മാത്രവുമല്ല കടുത്ത അന്ധവിശ്വാസങ്ങളെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അതിൽ ഉൾപ്പെട്ടവർക്ക് യഥാവിധിയുള്ള ശിക്ഷ ലഭിക്കുന്നതിനുള്ള സാഹചര്യവുമുണ്ടാകുന്നില്ല. അതുകൊണ്ട് മതംമാറ്റം തടയുന്നതിനും പശുക്കളുടെ സംരക്ഷണത്തിനുമുള്ള നിയമങ്ങൾക്ക് മുമ്പുണ്ടാകേണ്ടത് അന്ധവിശ്വാസങ്ങൾ നിരോധിക്കുകയും അതിന്റെ പേരിൽ നരബലി ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമനിർമ്മാണങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.