നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍ദുരന്തത്തിലെ ഇരകളെ പുനരധിവസിക്കുന്നതുമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കടം അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം. ജൂലൈ 30ന് ദുരന്തം ഉണ്ടാകുകയും ഓഗസ്റ്റ് 10ന് പ്രധാന മന്ത്രി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുകയും ചെയ്ത അന്നു മുതല്‍ ജനങ്ങളുടെ കാത്തിരിപ്പായിരുന്നു കേന്ദ്ര ധന സഹായ പ്രഖ്യാപനം. ദുതന്ത ബാധിതരെ നിരാശരാക്കി ഒരു സഹായവും പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല.
ജില്ലക്ക് അകത്തും, പുറത്തുമായി നിരവധി പ്രക്ഷോഭങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തിനെതിരെ നടന്നത്. പ്രധാന മന്ത്രിയുടെ വീട്ടിലേക്ക് പ്രക്ഷോഭവുമായി ജില്ലയില്‍ നിന്ന് ജനങ്ങള്‍ ഡല്‍ഹിക്ക് പോകുകയാണ്. രൂക്ഷമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കേന്ദ്രം വയനാടിനെ സഹായിക്കാന്‍ തീരുമാനിച്ചത്. കടമായി നല്‍കുന്ന പണത്തിലെ വ്യവസ്ഥകള്‍ക്കെതിരെയും പ്രതിഷേധം പുകയുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണ് പുനരധിവാസം ഇതു വരെ നടന്നത്. ഗുണഭോക്താക്കളുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ച തുടര്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. 242 പേരാണ് ആദ്യപട്ടികയിലുള്ളത്. കൂടുതല്‍ പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച് രണ്ടാംഘട്ട പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പട്ടികയില്‍ മേപ്പാടി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ 51 പേരും, 11-ാം വാര്‍ഡില്‍ 83 പേരും, 12-ാം വാര്‍ഡില്‍ 108 പേരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പട്ടിക വയനാട് കലക്ടറേറ്റ് മാനന്തവാടി ആര്‍ഡിഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്‌സൈറ്റുകളിലും പെതുജനങ്ങള്‍ക്ക് പരിശോധിക്കാനായി പ്രസിദ്ധീകരിക്കും. പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് ദുരന്ത നിവാരണ വകുപ്പില്‍ പരാതി നല്‍കാം. ദുരന്തമേഖലയില്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഇടങ്ങളില്‍ താമസിക്കുന്നവരുടെത് അടക്കമുള്ളവയാകും രണ്ടാംഘട്ട പട്ടികയിലുണ്ടാകുക. ആദ്യഘട്ട പട്ടികക്ക് ദുരന്തനിവാരണ അതോറിറ്റി അംഗീകാരം നല്‍കി. ഡിഡിഎംഎ യോഗത്തിലെ ഇത് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ജില്ലാ ഭരണകൂടം പട്ടിക പുറത്തുവിട്ടത്. ദുരന്ത ഇരകള്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് വൈത്തിരി താലൂക്കിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് എന്നിവ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി പരിശോധനയും മറ്റും നടന്നിരുന്നു. ഇരുകളുടെ പുനരധിവാസത്തിനായി 750 കോടി രൂപ ആദ്യഘട്ടമെന്ന നിലയില്‍ വകയിരുത്തിയിരുന്നു. ഇപ്പോള്‍ ഗുണഭോക്താക്കളുടെആദ്യഘട്ട അന്തിമ ലിസ്റ്റ്കൂടി തയ്യാറായതോടെ ഇനി പുനരധിവാസ നടപടികള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.