എല്ലാ സങ്കടങ്ങളെയും തൂത്തെറിഞ്ഞ് അവർ നിറഞ്ഞാടി… ദുരന്തം പെയ്തിറങ്ങിയ മണ്ണിൽ നിന്നുമെത്തി അനന്തപുരിയിൽ അവർ ചുവടുവച്ചപ്പോൾ അത് പുതുചരിത്രമായി. വയനാട് ദുരന്തശേഷം സബ്‌ജില്ല മുതൽ സംസ്ഥാന തലം വരെ വിദ്യാർത്ഥികളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് വെള്ളാർമല സ്കൂള്‍ അതിജീവനത്തിന്റെ പുതുപാഠം രചിച്ചു. 63-ാമത് സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ ഉദ്ഘാടന ചടങ്ങിനു ശേഷം പ്രധാന വേദിയിൽ അരങ്ങേറിയത് വെള്ളാർമല സ്കൂളിലെ കുട്ടികളുടെ നൃത്തമായിരുന്നു. വെറുമൊരു നൃത്തമായിരുന്നില്ല അവരുടേത്. അവര്‍ വേദിയിലൊരുക്കിയത് അതിജീവനത്തിന്റെ ജീവസുറ്റ കലാവിഷ്കാരമായിരുന്നു. കാടിറങ്ങി വന്നവൾ കാട്ടു ചോല പെണ്ണിവൾ, കോടമഞ്ഞിൻ കമ്പിളി ചുറ്റിയ കാട്ടു കന്നിപ്പെണ്ണിവൾ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് തൃശൂർ നാരായണൻ കുട്ടിയാണ്. നൃത്താധ്യാപകൻ അനിൽ വെട്ടിക്കാടാണ് നൃത്തം അഭ്യസിപ്പിച്ചത്. വെറും അഞ്ചു ദിവസം കൊണ്ടാണ് കുട്ടികൾ നൃത്തം പഠിച്ചതെന്ന് അനിൽ വെട്ടിക്കാട് പറഞ്ഞു.
പാട്ടിന് സംഗീതം നൽകിയതും അനിൽ ആണ്. നിലമ്പൂർ ജയശ്രീ ആണ് ഗാനം ആലപിച്ചത്. സബ്‌ജില്ലയിൽ ഇവർക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. സ്കൂളിലെ അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്താലാണ് സംസ്ഥാന വേദിയിൽ എത്തിയത്. നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാർത്ഥികളുടെ പ്രകടനത്തെ എല്ലാവരും സ്വീകരിച്ചത്. നൃത്തം അവസാനിച്ചപ്പോൾ മന്ത്രിമാരായ ജി ആർ അനിൽ, കെ രാജന്‍, വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെയും സ്കൂളിലെ അധ്യാപകരെയും അനുമോദിച്ചു. വയനാട് ദുരന്തം കവർന്നെടുത്ത ചങ്ങാതിമാർക്കുള്ള ശ്രദ്ധാഞ്ജലിയുമായാണ് സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ ജിവിഎച്ച്എസ് എസ് വെള്ളാർമലയിലെ വിദ്യാർത്ഥികൾ നൃത്തം അവതരിപ്പിച്ചത്. ഈ സ്കൂളിലെ 33 വിദ്യാർത്ഥികളാണ് ദുരന്തത്തിൽ ഓർമ്മയായത്. തങ്ങളുടെ ചങ്ങാതിമാർക്കുള്ള ശ്രദ്ധാഞ്ജലിയും ഒപ്പം എല്ലാ കുട്ടികൾക്കുമുള്ള അതിജീവന സന്ദേശവുമാണ് നൃത്തശില്പമായി അവതരിപ്പിച്ചത്. സ്കൂൾ സ്ഥാപിച്ചതു മുതൽ ദുരന്തത്തെ അതിജീവിച്ചതുവരെയുള്ള ചരിത്രമാണ് നൃത്തശില്പത്തിൽ പറഞ്ഞത്. മന്ത്രി വി ശിവൻകുട്ടി നേരിട്ടാണ് സ്കൂളിലെ വിദ്യാർത്ഥികളെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ക്ഷണിച്ചത്.
ഹൈസ്കൂൾ വിദ്യാർത്ഥിനികളായ ശിവപ്രിയ, വൈഗ, അശ്വിനി, വീണ, അഞ്ജലി, ഋഷിക, സാധിക എന്നിവരാണ് അരങ്ങിലെത്തിയത്. എല്ലാവരും ദുരന്തത്തെ നേരിട്ട് കണ്ടവർ. ഒരു നാടിനെ തന്നെ തകർത്തെറിഞ്ഞ പ്രകൃതി ദുരന്തത്തിന്റെ മറക്കാനാവാത്ത ഓർമകൾക്കൊപ്പം അതിജീവിക്കുന്ന ഒരു ജനതയുടെ കരുത്തും അവരുടെ താളത്തിൽ നിറഞ്ഞിരുന്നു. ചെളിയിൽ കുതിർന്നുപോയി എത്രയെത്ര പ്രതീക്ഷകൾ. എന്ന വേദനയ്ക്കൊപ്പം ചാരത്തിൽ നിന്നുയിർത്തെഴുന്നേറ്റ് ചിറകിൻ കരുത്തിൽ വാനിലുയരുമെന്ന ശുഭാപ്തിവിശ്വാസവും അവർ നൃത്തത്തിലൂടെ പങ്കുവച്ചു. ഈ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ നാടക മത്സരത്തിലും മാറ്റുരയ്ക്കുന്നുണ്ട്. കലോത്സവ സ്വാഗതഗാനവും നൃത്താവിഷ്കാരവും വേദിയിൽ അവതരിപ്പിച്ചതിനു പുറമേയാണ് വെള്ളാർമല സ്കൂളിലെ നൃത്തശില്പവും ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത്.
ഉള്ളിൽ ആ ദുരന്ത രാത്രിയുടെ ഓർമ്മകൾ അലയടിച്ചുവെങ്കിലും ഋഷികയുടെ മുഖത്ത് അതൊന്നും തെല്ലും നിഴലിച്ചില്ല. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു പോയ കൂട്ടുകാർക്ക് വേണ്ടി അവൾ എല്ലാം മറന്നു. ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നപ്പോൾ ഋഷികയ്ക്കു നഷ്ടമായത് സ്വന്തം വീടായിരുന്നു. വീടും കൂട്ടുകാരും നഷ്ടപ്പെട്ട ആ നാട്ടിലേക്ക് ഇനിയില്ലെന്ന് അവൾ പറയുന്നു. ആ കെട്ട കാലത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഋഷികയ്ക്ക് ഈ കലോത്സവം. ജിവിഎച്ച്എസ്എസ് വെള്ളാർമലയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋഷിക. മന്ത്രി വിളിക്കുമെന്നോ ഇങ്ങനെ വരാൻ പറ്റുമോ എന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇനി ഒരു അവസരം ഇങ്ങനെ ഉണ്ടാകില്ലെന്ന് എല്ലാവരും ഓർമ്മപ്പെടുത്തി.
അതാണ് പ്രചോദനമായതെന്ന് ഋഷിക പറഞ്ഞു. വെള്ളാർമല സ്കൂൾ റോഡിന് സമീപമായിരുന്നു വീട്. വല്യച്ഛനും വല്യമ്മയും ആണ് ഉരുൾ പൊട്ടിയ വിവരം അറിയിക്കുന്നത്. മലയുടെ മുകളിലേക്ക് ഓടിക്കയറിയതുകൊണ്ട് രക്ഷപ്പെട്ടു. മഹേഷ് നിവാസ് എന്ന വീട് ഇന്നില്ലെങ്കിലും ഋഷിക വേദനകളെ മറന്നുതുടങ്ങിയിട്ടുണ്ട്. തകർന്ന മനസിനെ കൂട്ടുകാർക്കൊപ്പം അവൾ കെട്ടിപ്പൊക്കി. അതിന്റെ സന്തോഷം അവളുടെ മുഖത്തും ഉണ്ടായിരുന്നു. റിപ്പൺ 52 ൽ വാടകയ്ക്കാണ് അവളും മാതാപിതാക്കളും ഇപ്പോൾ താമസിക്കുന്നത്. എല്ലാവരുടെയും മുന്നിൽ നൃത്തം അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഋഷിക പറഞ്ഞു.
അപകടത്തിനുശേഷം ഒരാഴ്ച ആശുപത്രിയിലായിരുന്നു. ക്യാമ്പിലേക്ക് എത്തിയപ്പോൾ പരിചയമുള്ളവർ ആരും ഇല്ല. രണ്ടു മാസത്തിനു ശേഷമാണ് സാധാരണ നിലയിലേക്ക് മടങ്ങാനായതെന്നും അവൾ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.