ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ പിടികൂടി ക്രൂരമായി മൂന്നാംമുറ പ്രയോഗിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 25,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിട്ടു.
നഷ്ടപരിഹാരം കുറ്റാരോപിതനായ പനങ്ങാട് മുൻ എസ്ഐയുടെ ശമ്പളത്തിൽ നിന്നും മൂന്ന് തുല്യ ഗഡുക്കളായി ഈടാക്കാനും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവാണ് നടപ്പാക്കിയത്.
നെട്ടൂർ കൈതമനപറമ്പ് വീട്ടിൽ സോജിഷിനാണ് എസ്ഐയിൽ നിന്നും മർദനമേറ്റത്. ഷാജി എന്നയാളുടെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പട്ടിക വിഭാഗക്കാരനായ തന്നെ, അധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെ പനങ്ങാട് മുൻ എസ്ഐ എ ബി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. പരാതിയിൽ എസ്ഐക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയ കമ്മിഷന്‍ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
എസ്ഐക്കെതിരെ അന്വേഷണം നടത്തി സെൻഷ്വർ നൽകി വകുപ്പുതല നടപടി സ്വീകരിച്ചെങ്കിലും നഷ്ടപരിഹാരം നൽകിയില്ല. അന്തിമ ഉത്തരവ് പാസാക്കുന്നതിന് മുമ്പ് എതിർവാദം സമർപ്പിക്കാൻ എസ്ഐക്ക് അവസരം നൽകിയെങ്കിലും ചെയ്തിട്ടില്ലെന്ന് സർക്കാർ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പരാതിക്കാരാനായ സോജിഷിന് 25,000 രൂപ നൽകാൻ സർക്കാർ ഉത്തരവായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.