
കശ്മീരില്‍ മൂന്നാംകക്ഷിയുടെ ഇടപെടലില്‍ ചോദ്യങ്ങളുയരുമ്പോള്‍ മൗനം ഭജിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും. ഇന്ത്യ — പാക് വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കന്‍ ഇടപെടലുണ്ടായെന്ന വാര്‍ത്തകളില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും പാര്‍ട്ടികള്‍ ശക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വീകരിച്ച മുഴുവൻ നടപടികൾക്കും സിപിഐ, കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ അമേരിക്കൻ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് തയ്യാറായതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നു. പാകിസ്ഥാന്‍ യുഎസ് ഇടപെടല്‍ സ്ഥിരീകരിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടിനും ഇന്ത്യ‑പാകിസ്ഥാന്‍ ഉഭയകക്ഷി കരാറിനും വിരുദ്ധമാണ് മൂന്നാം കക്ഷിയുടെ ഇടപെടലെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.
ലോക‌്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. യുഎസ് മധ്യസ്ഥത, പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ ധാരണ എന്നിവ ചർച്ച ചെയ്യണം. അമേരിക്ക‑ഇന്ത്യ ചർച്ച എങ്ങനെയായിരുന്നു, എന്തെല്ലാം ചർച്ച ചെയ്തു എന്നത് രാജ്യത്തോട് വിശദീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഷിംല കരാര്‍ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? തുടങ്ങിയ വിഷയങ്ങളില്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, ആര്‍ജെഡി എംപി മനോജ് ഝാ, ബിജെഡി എംപി രാജീവ് രഞ്ജന്‍ പ്രസാദ് തുടങ്ങിയവരും രംഗത്തെത്തി.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാൻ, പാക് അധീന കശ്മീരിൽ നടന്ന വ്യോമാക്രമണങ്ങൾക്കും ശേഷം സർക്കാർ രണ്ട് സർവകക്ഷി യോഗങ്ങള്‍ വിളിച്ചിരുന്നു. എന്നാൽ യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും കേന്ദ്രം നിരസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.