എന്റെ ബാല്യങ്ങളിൽ
കുങ്കുമച്ചേലായ
ചെമ്പനീർ പൂവുടൽ
രുധിരംപുരണ്ടുവോ
എൻ നാവിലാവോളം
അമൃതമിറ്റിച്ചോരാ
ജനനിതൻ മാറിലും
നിണതാപമൂറിയോ
നിസംഗ,മന്ധമാം
ശാസനതീർപ്പുകൾ
വാടിപ്പതിക്കുന്നു
നന്മക്കുരുന്നുകൾ
എന്തെന്തു കഷ്ടമീ
കാഴ്ചകൾ സങ്കടം
നൊന്തുപിടയുന്നു
മാനസം പൊള്ളുന്നു
പിരിയുന്ന പകലിന്റെ
നൊമ്പരം നെഞ്ചേറ്റ
മൂകനിശീഥമായ്
യാത്രയാകട്ടെഞാൻ
എന്നെങ്കിലും ഒന്നു
തിരികെയെത്തീടണം
ചെമ്പനീർപ്പൂവിന്റെ
നറുമണംനുകരണം