ആലപ്പുഴ കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്കൂളിലേക്ക് മാർച്ച് നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവജന സംഘടനകളും മാർച്ചിൽ അണിചേർന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
നിസ്സാര കാര്യത്തിന് ചില അധ്യാപകർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കണ്ടില്ല. ഏറെ നേരം അന്വേഷിച്ചിട്ടും കാണാത്തത്തിനെ തുടർന്ന് സ്കൂൾ മൈക്കിൽ അനൗൺസ്മെൻറ് നടത്തി. ഉടൻ കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടർന്ന് വെള്ളം എടുക്കാൻ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തുദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രേഷ്മ, ഡോളി എന്നീ അധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സോഫിയ ആരോപണങ്ങൾ നിഷേധിക്കുന്നു. പിറ്റേ ദിവസം അച്ഛനെ വിളിച്ച് കൊണ്ട് വരണമെന്ന് മാത്രമേ അധ്യാപകർ പറഞ്ഞിട്ടുള്ളൂ എന്ന് സിസ്റ്റർ സോഫിയ പറഞ്ഞു. പ്രജിത്തിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
English Summary: Thirteen-year-old commits suicide; Marched to the school with the child’s ashes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.