22 December 2024, Sunday
KSFE Galaxy Chits Banner 2

ശോഭനയോടുള്ള ഇഷ്ടം പതിമൂന്ന് വയസ്സുകാരി നിരഞ്ജനയെ ‘നാഗവല്ലി’ യാക്കി

റഹിം പനവൂർ
September 25, 2022 7:30 am

മൂന്നര വയസ്സിൽ ചിലങ്ക അണിഞ്ഞ നിരഞ്ജന പിആർ ന് ഏറ്റവും ഇഷ്ടമുള്ള നർത്തകിയും അഭിനേത്രിയും ശോഭനയാണ്. ‘മണിച്ചിത്രത്താഴി‘ലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനരംഗത്ത് നാഗവല്ലിയായി ശോഭന യുടെ ഉജ്ജ്വല അഭിനയം കണ്ടപ്പോൾ നിരഞ്ജന തീരുമാനിച്ചു ആ ഗാനം നൃത്താവിഷ്കാരമായി നടത്തി ഇഷ്ട താരത്തിന് സമർപ്പിക്കണമെന്ന്. കൊച്ചു മിടുക്കിയുടെ വലിയ ആഗ്രഹം സഫലമായി. ജെകെ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വീഡിയോ ചിത്രീകരിച്ചു. മേക്കോവർ നടത്തിയ ജയൻ അർജുനൻ ക്യാമറാമാൻ ബിനോയ് ആന്റണി, ജെ കെ എന്റർടെയ്ൻമെന്റ്സിലെ ജെകെ എന്നിവരുടെയും ഈണം പ്രൊഡക്ഷൻസിന്റെയും സഹായത്തോടെയായിരുന്നു അഞ്ചു ദിവസത്തെ പ്രയത്നത്തിനൊടുവിൽ ചിത്രീകരണം പൂർത്തിയാക്കിയത്. ശോഭന സിനിമയിൽ അവതരിപ്പിച്ചതുപോലെ വേഷത്തിൽ നിരഞ്ജന നൃത്തമാടി. തിരുവനന്തപുരം ചെങ്കൽ ശ്രീ മഹേശ്വര ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ദിവസം കലാനിധി — ലെനിൻ രാജേന്ദ്രൻ ‑ചുനക്കര രാമൻകുട്ടി അവാർഡ് നൈറ്റിൽ വീഡിയോ പ്രകാശിപ്പിച്ചു. വീഡിയോ കണ്ടവരുടെ നല്ല അഭിപ്രായങ്ങൾ നിരഞ്ജനയെ ഒരുപാട് സന്തോഷിപ്പിച്ചു. യൂട്യൂബിലൂടെയും കുറഞ്ഞ ദിവസംകൊണ്ട് ധാരാളം പേരാണ് വീഡിയോ കണ്ടത്.
ശോഭനയെ ഒന്നു നേരിൽ കാണണമെന്ന നിരഞ്ജനനയുടെ വലിയ ആഗ്രഹവും സാധിച്ചു. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിക്കാൻ ശോഭന വന്നപ്പോൾ അവരെ കാണാനുള്ള അവസരം സൂര്യ കൃഷ്ണമൂർത്തി ഒരുക്കി. ശോഭനയെ തൊട്ടടുത്ത് കാണുവാനും അനുഗ്രഹം വാങ്ങിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി നിരഞ്ജന കരുതുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കണമെന്ന ആഗ്രഹവും സാധിച്ചു. വിഷുദിനത്തിൽ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന നൃത്തം അവതരിപ്പിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് ഈ നർത്തകി പറയുന്നു. സ്വന്തമായി കോറിയോഗ്രാഫി ചെയ്താണ് കൃഷ്ണനെ വർണിച്ചു കൊണ്ട് നൃത്തം അവതരിപ്പിച്ചത്. കൃഷ്ണനും രാധയും തമ്മിലുള്ള സ്നേഹ പ്രകടനങ്ങളായിരുന്നു നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തിയത്. രാധയായത് ഒമ്പതു വയസുകാരി അനന്യ ആണ്. കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ആലപ്പുഴ തുറവൂർ നരസിംഹമൂർത്തി ക്ഷേത്രം, ചെങ്കൽ മഹാദേവ ക്ഷേത്രം, ബാലരാമപുരം തലയ്ക്കൽ ശിവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയാണ് നിരഞ്ജനയുടെ ഇഷ്ട നൃത്ത ഇനങ്ങൾ. ആര്യ, ദീപ്തി, പ്രമോദ് പ്രേം, സിബി, ദേവേഷ്, സിദ്ധാർത്ഥ് എന്നിവരാണ് നൃത്ത അധ്യാപകർ.

ടെലിവിഷൻ പരിപാടികളിലും നിരഞ്ജനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നൃത്തത്തോടൊപ്പം സ്പോർട്സിലും ചിത്രരചനയിലും ക്രാഫ്റ്റ്സ് വർക്കിലും മോണോആക്ടിലും നിരഞ്ജന മിടുക്കിയാണ്. തിരുവനന്തപുരം മന്നം മെമ്മോറിയൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജന. സ്പോർട്സിൽ സംസ്ഥാനതലത്തിൽ രണ്ടു തവണ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. കലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളാണ് കരസ്ഥമാക്കിയത്. ബിന്ദു ലക്ഷ്മിയും ഭാരത് ഭവനും ഭരതകല ആർട്ട് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഏറ്റവും ദൈർഘ്യമേറിയതും ഇടവേള ഇല്ലാതെയുമുള്ള ക്ലാസിക്കൽ ഡാൻസ് റിലേഷൻ മരത്തോൺ എന്ന ഇവന്റിൽ വേൾഡ് റെക്കോർഡും നിരഞ്ജന സ്വന്തമാക്കി. കലാ, സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കലാനിധി കലാ പ്രതിഭയുമാണ് നിരഞ്ജന.

തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡിൽ ‘നിരഞ്ജനത്തി‘ൽ പ്രമോദിന്റെയും രമ്യയുടെയും മകളാണ് നിരഞ്ജന. അനുജൻ നിരഞ്ജൻ നാലാം ക്ലാസിൽ പഠിക്കുന്നു.
മാതാപിതാക്കൾ സ്പോർട്സിൽ പ്രാവിണ്യം നേടിയവരാണ്. അമ്മയോടൊപ്പം വേദികളിൽ നൃത്തം ചെയ്യണമെന്നമെന്നതാണ് വലിയ മോഹമെന്ന് നിരഞ്ജന പറയുന്നു. അപ്പൂപ്പൻ പ്രഭാകരന്റെ വലിയ ആഗ്രഹമായിരുന്നു ചെറുമകൾ നിരഞ്ജനയെ എല്ലാവർക്കും പ്രിയങ്കരിയായ ഒരു നർത്തകിയാക്കണമെന്നത്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. നിരഞ്ജന നല്ലൊരു നർത്തകിയായി വളരുന്നതിൽ കുടുംബത്തിന് ഏറെ അഭിമാനമുണ്ട്. സ്കൂളിന്റെയും മാതാപിതാക്കളുടെയും പിന്തുണ ഏറെ വിലപ്പെട്ടതാണെന്ന് നിരഞ്ജന പറയുന്നു. അജയൻ ഉണ്ണിപറമ്പിൽ ആണ് നിരഞ്ജനയെ മോണോആക്ട് പഠിപ്പിക്കുന്നത്.
സിനിമയിലേക്കും ടെലിഫിലിമിലേക്കും അഭിനയിക്കാനും ക്ഷണം കിട്ടുന്നുണ്ട്.
നാഗവല്ലി, കണ്ണൻ, എന്നീ ചെല്ലപ്പേരുകളാണ് കൂട്ടുകാർ വിളിക്കുന്നതെന്ന് നിരഞ്ജന പറയുന്നു. പഠനത്തോടൊപ്പം നല്ലൊരു നർത്തകിയാകാനും നിരന്തര പ്രയത്നം നടത്തുകയാണ് ഈ പതിമൂന്ന് വയസുകാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.