തിരുവനന്തപുരം : സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ യുഎന്‍ ഷാങ്ഹായ് ഗ്ലോബൽ അംഗീകാരം നേടി തിരുവനന്തപുരം നഗരസഭ. യുഎന്‍ ഹാബിറ്റാറ്റിന്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ഷാങ്ഹായ് അവാര്‍ഡിനു നഗരസഭയെ തെരഞ്ഞെടുത്തത്. ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങൾക്ക് യുഎൻ ഹാബിറ്റാറ്റ് നൽകുന്ന പുരസ്കാരത്തിനാണ് നഗരസഭ അർഹമായത്. ബ്രിസ്ബെയിന്‍ (ഓസ്ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം.
നഗരത്തിലെ ഹരിതസംരംഭങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. 17,000 കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ചതും 2000 സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചതും തെരുവുവിളക്കുകൾ മുഴുവൻ എൽഇഡിയാക്കുന്നതും 115 ഇലക്ട്രിക് ബസുകൾ വാങ്ങിയതും ഉൾപ്പെടെയുള്ള നഗരസഭയില്‍ നടന്ന പ്രകൃതി സൗഹാർദ്ദ നടപടികൾക്കാണ് പുരസ്കാരം. ഇന്നലെ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ കൃഷ്ണ ശർമ്മയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
യുഎന്‍ ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് പുരസ്കാരമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവയ്പ്പുകൾക്ക് ആഗോളാംഗീകാരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.