
തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന വെള്ളക്കടുവ ‘മലർ’ചത്തു. 17 വയസ്സായിരുന്നു പ്രായം. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ ചികിത്സയിലായിരുന്ന മലർ വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ചത്തത്. 2014ൽ ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നാണ് മലരിനെയും ശ്രാവൺ എന്ന ആൺ വെള്ളക്കടുവയേയും തിരുവനന്തപുരത്ത് എത്തിച്ചത്. അവസാന നാളുകൾ പ്രായാധിക്യം മൂലം അവശതയിലായതിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മലരിനെ സന്ദർശകരുടെ മുന്നിൽ നിന്നും മാറ്റി പ്രത്യേക കൂട്ടിലായിരുന്നു പരിചരിച്ചിരുന്നത്. മികച്ച ചികിത്സ ഉറപ്പാക്കാൻ സ്ക്വീസ് കെയ്ജ് സംവിധാനം വരെ പുതുക്കി പണിതിരുന്നു. ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ട മലരിന് മിൻസ്ഡ് മീറ്റ്, പാൽ, മുട്ട എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഭക്ഷണക്രമമാണ് മൃഗശാല അധികൃതർ നൽകിയിരുന്നത്.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കടുവയേ സംസ്കാരിച്ചത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡോ. ഹരീഷ് സി, മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രായാധിക്യം മൂലമുള്ള മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലുവർ ആണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈകിട്ട് നാല് മണിയോടെ മൃഗശാലാ വളപ്പിൽ തന്നെ ദഹിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.