യുഗസ്രഷ്ടാക്കളായ മഹാത്മാക്കൾ ശുക്രനക്ഷത്രം പോലെ പ്രഭചൊരിഞ്ഞ് സംസ്കാര ചരിത്രത്തെ ഭാസുരമാക്കുന്നു. മനുഷ്യ ദുഃഖങ്ങളിൽ സാന്ത്വനമേകി, ജീവിത യാത്രയിൽ കാലുകൾ ഇടറാതെ നന്മയുടെ വഴികളിൽ മുന്നേറാൻ പ്രചോദനമേകുന്നു. സ്വാന്ത സുഖങ്ങളിൽ അഭിരമിക്കാതെ മാനവരാശിക്ക് ജീവനും രക്ഷയുമേകുന്ന പുണ്യജന്മങ്ങൾ ദൈവസന്നിധി തേടുന്ന വിശുദ്ധ ഗണമായി ആരാധിക്കപ്പെടുന്നു. ആ മഹത്വത്തിന് കാലദേശ പരിമിതികളില്ല. സകല മനുഷ്യർക്കും സംഭവിക്കാനിരിക്കുന്ന നന്മയുടെ അടയാളം!
രണ്ടായിരം വർഷം മുമ്പ് ഇങ്ങനെ അത്ഭുതകരമായ ദൈവകൃപ മനുഷ്യനെ തേടിയെത്തി എന്ന് വിശ്വാസം. യുദ്ധങ്ങളും കലഹങ്ങളും വളർന്ന് സത്യമാർഗത്തിൽ നിന്ന് ജനസമൂഹം അകുന്നുമാറി അപഥസഞ്ചാരികളായിത്തീർന്ന കാലം. ശാന്തിയുടെ ആകാശം അകലെ. സാധാരണ ജനങ്ങളെ അധികാരിവർഗം ക്രൂരമായി ചൂഷണം ചെയ്തു. പുരോഹിതന്മാരുടെ പീഡനങ്ങളിൽ വലഞ്ഞ വിശ്വാസി സമൂഹം. അവർ കരളുരുകി കണ്ണീരോടെ പ്രാർത്ഥിച്ചു; ഒരു രക്ഷകനുവേണ്ടി.
യൂദയാ നാട്ടിൽ ഒരു സാധാരണ ബാലിക മറിയം. ഡിസംബർ മാസത്തെ മഞ്ഞുപെയ്യുന്ന രാവിൽ അലൗകികമായ ജീവന്റെ സ്വരം അവളെ ഉണർത്തുന്നു.
”കൃപ നിറഞ്ഞവളേ, നിനക്കു സമാധാനം. മനുഷ്യരക്ഷയ്ക്കായി അവതരിക്കുന്ന ദൈവപുത്രന് നീ ജന്മം നൽകും. ലോകത്തിനു മുഴുവൻ സംഭവിക്കാനിരിക്കുന്ന വലിയ നന്മയുടെ ഉറവിടമായി നീ ഭവിക്കും.”
മറിയം വിസ്മയിച്ചു. ഇത് സത്യമോ സ്വപ്നമോ? ദാവീദിന്റെ പട്ടണത്തിൽ ജനസംഖ്യാ വിവരം രേഖപ്പെടുത്താൻ ഒരുമിച്ചുകൂടിയ ജനാവലി. ആ ആൾക്കൂട്ടത്തിൽ സത്രത്തിൽ ഇടം കിട്ടാതെ ആടുമാടുകളെ സൂക്ഷിക്കുന്ന ഇടത്ത് അഭയം തേടിയ കുടുംബം. ഗർഭിണിയായ മറിയം. ഭർത്താവായ യൗസേഫ്. രാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട് മറിയം തന്റെ കടിഞ്ഞൂൽ ശിശുവിന് ജന്മം നൽകുന്നു.
രാത്രികാലത്ത് ബത് ലഹേം താഴ്‌വരയിൽ ആടുമാടുകളെ മേയ്ചു കഴിഞ്ഞിരുന്ന ഇടയന്മാർക്കുമുണ്ടായി ദർശനം. ആകാശ മണ്ഡലത്തിൽ നിന്ന് അത്ഭുതകരമായ ദൈവിക ശബ്ദം അവരെ തേടിയെത്തുന്നു.
”ഭൂമിയിൽ നന്മനിറഞ്ഞവർക്ക് സമാധാനം. ലോകത്തിനു മുഴുവൻ സംഭവിക്കാനിരിക്കുന്ന സന്തോഷത്തിന്റെ സദ് വാർത്ത നിങ്ങളെ അറിയിക്കുന്നു. ബത് ലഹേമിൽ സത്രത്തിലെ പുൽത്തൊഴുത്തിൽ നിങ്ങൾക്കായി രക്ഷകൻ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചകളിൽ പൊതിഞ്ഞുകിടക്കുന്ന ശിശു സമാധാനത്തിന്റെ ചൈതന്യമാണ്, രക്ഷകനായ ദൈവപുത്രനാണ്”
മാസങ്ങൾക്ക് മുമ്പ് നസ്രത്തിലെ മറിയം എന്ന കന്യകയ്ക്കുണ്ടായ ദൈവദർശനം യഥാർത്ഥമായി ഭവിച്ചിരിക്കുന്നു!
രക്ഷകന്റെ ജനനം!
കിഴക്കു ദിക്കിൽ വിശേഷപ്പെട്ട നക്ഷത്രോദയം ദർശിച്ച് ജ്ഞാനികളും ബത് ലഹേമിലെ പുൽത്തൊട്ടി തേടി യാത്ര ചെയ്തു. ദൈവികദർശനമനുസരിച്ച് എത്തിയ ആട്ടിടയന്മാരും പൂർവദേശത്ത് നിന്നുള്ള ജ്ഞാനികളും ശിശുവിനെ വന്നുകണ്ട് വന്ദിക്കുന്നു; എളിമയുടെ പുൽത്തൊട്ടിയിൽ, മനുഷ്യരാശിയുടെ രക്ഷകൻ!
കാലം തിരിച്ചറിയേണ്ട വിസ്മയകരമായ സത്യമാണ് ഇത്. മനുഷ്യ രക്ഷയ്ക്കായി ഉദയംകൊള്ളുന്ന നക്ഷത്ര ജന്മങ്ങൾ ഇങ്ങനെ എളിമയുടെ സങ്കേതം, ഭൂമിയിൽ ഇടം കിട്ടാതെ കാരാഗൃഹത്തിൽ, വൃക്ഷച്ചുവട്ടിൽ, ഇവിടെ കാലികൾ മേയുന്ന തൊഴുത്തിൽ! നീതിയുടെ സ്വരമുയരുന്നത് രാജകൊട്ടാരങ്ങളിൽ നിന്നല്ല, കർഷകരുടെ, തൊഴിലാളികളുടെ, അധ്വാനിക്കുന്ന ജനവർഗങ്ങൾക്കിടയിൽ നിന്ന്.
രണ്ടായിരം വർഷം മുമ്പ് സംഭവിച്ച വിശ്വാസ സത്യം എന്ന നിലയ്ക്ക് ചരിത്രത്തിൽ ഇടം നേടുന്ന രക്ഷാപുരുഷൻ, ദൈവപുത്രൻ യേശുക്രിസ്തു! ആ ദിവ്യ ജനനത്തിന്റെ സദ്വാർത്തയായ ക്രിസ്മസ് അഥവാ പിറവിത്തിരുനാൾ കാലദേശാതീതമായി കൊണ്ടാടപ്പെടുന്നു. ദേശാതിർത്തികളുടെ വിഭജനമില്ല; ജാതി-മത-വർണ-വർഗാദി ചിന്തകൾ വെടിഞ്ഞ് ‘സകല മനുഷ്യരും’ ആനന്ദിക്കുന്ന ‘സദ്വാർത്ത’. ക്രിസ്മസിന്റെ മഹത്വം അതാണ്. എല്ലാ മഹാത്മാക്കളുടെയും ജീവനതത്വം അടയാളപ്പെടുത്തേണ്ടതും അങ്ങനെത്തന്നെയാണ്. ചേരിതിരിവുകളും മനുഷ്യർക്കിടയിൽ കലഹങ്ങളും രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധസന്നാഹങ്ങളും വർധിച്ചുവരുന്ന വർത്തമാനകാലത്ത് മാനവികതയുടെ ഏകതാബോധം വളരുന്നത്, വളരേണ്ടത് മഹാത്മാക്കളുടെ ധന്യജീവിതം വെളിപ്പെടുത്തുന്ന ദർശന മഹിമയിലാണ്.
ഇപ്പോൾ, ഈ ക്രിസ്മസ് കാലത്ത് ചിന്തനീയമായിത്തീരുന്ന സത്യവും തത്വവും സകല മനുഷ്യരും ഒന്നാകുന്ന, ഒന്നായിത്തീരേണ്ട ആത്മൈക്യത്തിന്റെ തിരിച്ചറിവാണ്. യുദ്ധഭൂമികൾ സൃഷ്ടിക്കപ്പെടുന്നത് ഭരണാധികാരികളുടെ അധിനിവേശ മോഹങ്ങൾ നിമിത്തമാണ്. സാധാരണ മനുഷ്യർ സമാധാനം കാംക്ഷിക്കുന്നു; സ്നേഹത്തിൽ കഴിയാൻ മോഹിക്കുന്നു. അവർക്കിടയിൽ പകയില്ല; അടിച്ചമർത്തലിന്റെ വ്യർത്ഥവ്യഗ്രതയില്ല. ഈ മാനവികത വികസിക്കണം. എല്ലാ മനുഷ്യരും സാഹോദര്യ ചിന്തയിൽ ശാന്തി ഉൾക്കൊണ്ട് സഹവസിക്കുന്ന ഭൂമിയും ആകാശവും! തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുന്ന സംസ്കാരത്തിന്റെ സൗന്ദര്യം; നന്മയുടെ, ലാളിത്യത്തിന്റെ, ഒരുമയുടെ സ്വപ്ന മധുരമായ മനോഹര ലോകം; കരോൾ ഗാനങ്ങളിൽ മുഴങ്ങുന്ന ഈ ദൈവികാനുഭവം മനുഷ്യ സംസ്കൃതിയുടെ നിത്യചൈതന്യമായിരിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.