വയലാറിന്റെ സൗമ്യമുഖമായ എന്‍ എസ് ശിവപ്രസാദിന് ഇതുപുതു നിയോഗം. എഐവൈഎഫിന്റെ യൂണിറ്റ് തലം മുതല്‍ പ്രവര്‍ത്തനം തുടങ്ങി സംഘടനാ രംഗത്ത് നിലയുറപ്പിച്ച എന്‍ എസ് ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടന്നുകയറുമ്പോള്‍ പിന്നിട്ടത് കനലുയര്‍ത്തിയ പോരാട്ടങ്ങളുടെ കാലം. ആദ്യകാല സിപിഐ പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ കെ ശ്രീധരന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് പൊതുരംഗത്തേയ്ക്ക് പിച്ചവെച്ചത്. എഐവൈഎഫ് മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എഐവൈഎഫ് കേരളത്തിലെമ്പാടും പോരാട്ടം ശക്തമാക്കിയ കാലത്ത് മുന്നില്‍ നിന്ന് നയിക്കുവാന്‍ എന്‍എസ് ശിവപ്രസാദും ഉണ്ടായിരുന്നു.
നിരവധി തവണ മൃഗീയമായ പൊലീസ് മര്‍ദ്ദനവും കാരാഗൃഹവാസവുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. ഇതോടെ പോരാട്ടങ്ങളിലെ സൂര്യശോഭയായി അദ്ദേഹം നടന്നുകയറിയത് ജനമനസ്സുകളിലേയ്ക്കായിരുന്നു. രാഷ്ട്രീയ രംഗത്ത് മാത്രമല്ല കലാസാംസ്ക്കാരിക മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വയലാര്‍ രാമവര്‍മ ഗ്രന്ഥശാല, അച്യുതമേനോന്‍ പഠനകേന്ദ്രം, സി കെ ചന്ദ്രപ്പന്‍ ലൈബ്രറി എന്നിവയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചു. സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറിയായും മണ്ഡലം എല്‍ഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ച അദ്ദേഹം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: ലേഖ. മക്കള്‍: വിജയ് ശ്രീധര്‍, ശാരദക്കുട്ടി.
ശിവപ്രസാദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആവേശമാക്കാന്‍ ജനസഞ്ചയമാണ് ജില്ലാ പഞ്ചായത്ത് ഹാളിലേയ്ക്ക് ഒഴുകിയെത്തിയത്. അനുമോദന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. കൃഷിമന്ത്രി പി പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കെഎല്‍ഡിസി ചെയര്‍മാന്‍ പി വി സത്യനേശന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി മോഹന്‍ദാസ്, ദീപ്തി അജയകുമാര്‍, ഡി സുരേഷ് ബാബു, സിപിഐ എം നേതാക്കളായ വി ജി മോഹന്‍, പി എസ് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: This is a new assignment for Vayalar’s Gentle face
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.