ഭര്‍ത്താവ് തന്നെയും മക്കളെയും കൊല്ലുമെന്നും സഹായിക്കണമെന്നും പറഞ്ഞുകൊണ്ടാണ് തിരുവനന്തപുരം കാരേറ്റ് സ്വദേശിനിയായ സ്ത്രീ കുടുംബശ്രീയുടെ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് വിളിക്കുന്നത്. എട്ടു മാസങ്ങള്‍ക്ക് മുമ്പ് സ്നേഹിതയിലേക്ക് വന്ന ആ ഫോണ്‍ കോളിന്റെ അങ്ങേ തലയ്ക്കലുള്ള സ്ത്രീക്കും പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ക്കും സ്നേഹത്തണലൊരുക്കി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവിടുത്തെ കൗണ്‍സിലര്‍മാര്‍ക്ക് ഇപ്പോഴുമുണ്ട്. പതിനാറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ആ സ്ത്രീക്ക് പറയാനുണ്ടായിരുന്നത് മാനസിക രോഗിയായ ഭര്‍ത്താവില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങള്‍ മാത്രമായിരുന്നു. സംശയരോഗത്തിന് അടിമപ്പെട്ട് സ്വന്തം മക്കളെകൂടി കൊല്ലുമെന്ന അവസ്ഥയിലാണ് അവര്‍ സ്നേഹിതയിലേക്ക് വിളിക്കുന്നത്. അവര്‍ക്കും രണ്ട് മക്കള്‍ക്കും സ്നേഹിത താല്‍ക്കാലിക സംരക്ഷണമൊരുക്കി. കൂടെ ചെല്ലണമെന്നും മാനസിക രോഗത്തിന് ചികിത്സ തുടരാമെന്നും ഭര്‍ത്താവ് പറഞ്ഞെങ്കിലും കുട്ടികള്‍ തിരികെ പോകില്ലെന്ന് ഉറപ്പിച്ചു. അമ്മയല്ലാതെ മറ്റു ബന്ധുക്കളാരും ഇല്ലാത്ത സ്ത്രീക്ക് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി കൗണ്‍സിലിങ് എജ്യൂക്കേറ്റര്‍ വഴി വീടിനടുത്ത് ജോലിയും ശരിയാക്കി നല്‍കി. ഇന്ന് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തമായി തീരുമാനം എടുക്കാനും അവര്‍ക്ക് കഴിയുന്നു. സമാധാനമായി ഉറങ്ങാനും കഴിയുന്നു. അമ്മയും മക്കളും സന്തുഷ്ടര്‍. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലൊരുക്കി 10വര്‍ഷം പിന്നിടുന്ന സ്നേഹിതക്ക് പറയാനുണ്ട് ഇതുപോലെ നിരവധി വിജയകഥകള്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്നേഹിതയിലേക്ക് എത്തിയത് 50,457 കോളുകളാണ്. ഏറെയും ഗാര്‍ഹിക പീഡനം, സ്ത്രീധനം, കുടുംബ‑ദാമ്പത്യ പ്രശ്നങ്ങള്‍, കൗമാരപ്രായക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ. ഇതില്‍ 8362 പേര്‍ക്ക് താല്‍ക്കാലിക അഭയവും നല്‍കി. 2013ല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനങ്ങള്‍ 2017ല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമ വൈദ്യ സഹായം, 24 മണിക്കൂര്‍ ടെലി കൗണ്‍സിലിങ്, താല്‍ക്കാലിക താമസ സൗകര്യം, അവശ്യ സഹായ സംവിധാനങ്ങളുടെ പിന്തുണ, വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള പുനരധിവാസം, ലിംഗസമത്വത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍, ഉപജീവനം, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയാണ് സ്നേഹിത വഴി ലഭ്യമാക്കുന്ന മുഖ്യസേവനങ്ങള്‍. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി, പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ പിന്തുണയോടെയാണ് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍. നിയമാവബോധ ക്ലാസുകള്‍ നല്‍കുന്നതിനാല്‍ കൂടുതല്‍ പേര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പരാതിപ്പെടാനും തയ്യാറായി മുന്നോട്ടുവരുന്നുണ്ടെന്ന് ‘സ്നേഹിത’യുടെ സര്‍വീസ് പ്രൊവൈഡര്‍ ജാസ്മിന്‍ പറയുന്നു.
രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് ദാതാക്കള്‍, ഓഫിസ് അസിസ്റ്റന്റ്, ഒരു കെയര്‍ ടേക്കര്‍, രണ്ട് സെക്യൂരിറ്റി എന്നിങ്ങനെ പതിനൊന്ന് ജീവനക്കാര്‍ സ്നേഹിതയുടെ എല്ലാ ഓഫിസിലുമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിതയിലേക്ക് ഏതു സമയത്തും വിളിച്ച് പ്രശ്നങ്ങള്‍ അറിയിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകമായി ടോള്‍ ഫ്രീ നമ്പരുമുണ്ട്. കൂടാതെ സംസ്ഥാനതലത്തില്‍ പൊതുവായി 155339 എന്ന ടോള്‍ ഫ്രീ നമ്പറും.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും സംസ്ഥാനത്തെ 280 സ്കൂളുകളില്‍ സ്നേഹിത @ സ്കൂള്‍ എന്ന പേരിലും സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിന്റെ സേവനങ്ങള്‍ നല്‍കി വരുന്നു. പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയാനും ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാനത്ത് 824 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളും വാര്‍ഡ് തലത്തില്‍ 19117 വിജിലന്റ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
English Summary:This is the success story of ‘Snehita’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.