26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 16, 2025
April 15, 2025
April 11, 2025
April 11, 2025
April 9, 2025
March 30, 2025
March 15, 2025
March 15, 2025

കൃഷ്ണഗിരിയുടെ തിലകക്കുറിയായി ഈ വയനാടന്‍ പെണ്‍ പെരുമ

Janayugom Webdesk
വയനാട്
December 17, 2024 6:18 pm

പ്രകൃതി സൗന്ദര്യത്തില്‍ മാത്രമല്ല കേരളത്തിന്‍റെ കായിക ഭൂപടത്തിലും വയനാടന്‍ പെരുമ വാനോളം ഉയരുകയാണ്. വനിതാ ക്രിക്കറ്റില്‍ പുതിയൊരു കായിക വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വയനാട്. ദേശീയ ടീമിൽ സജനയും മിന്നു മണിയും. ജൂനിയർ ടീമിൽ ജോഷിത വി ജെ. സംസ്ഥാന ടീമിൽ ദൃശ്യയും നജ്ലയുമടക്കം വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളിൽ കളിച്ചു വരുന്ന ഒട്ടേറെ താരങ്ങൾ. വനിതാ ക്രിക്കറ്റിൽ കേരളത്തിന്‍റെ അഭിമാനമാവുകയാണ് വയനാട്.

വയലുകളിൽ കളി തുടങ്ങി കൃഷ്ണഗിരി സ്റ്റേഡിയത്തിലൂടെ വളർന്ന് ദേശീയ — സംസ്ഥാന ടീമുകളിൽ എത്തി നില്‍ക്കുകയാണ് സജനയും മിന്നുവും, ജോഷിതയും, ദൃശ്യയും, ദർശനയും, മൃദുലയുമെല്ലാം. ഇവർക്കെല്ലാം പങ്കു വയ്ക്കാനുള്ളതാകട്ടെ ഇല്ലായ്മകളോട് പൊരുതി മുന്നേറിയ കഥയും. ദേശീയ ടീമിൽ രണ്ടെങ്കിൽ വനിതാ പ്രീമിയർ ലീഗില്‍ കേരളത്തിൽ നിന്ന് ഇക്കുറി നാല് താരങ്ങളുണ്ട്. ഇതിൽ മൂന്ന് പേരും വയനാട്ടിൽ നിന്നാണ്. സജനയും മിന്നുവും ജോഷിതയും.

2010–11ൽ വയനാട് വനിത ക്രിക്കറ്റ് അക്കാദമിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ തുടക്കമിട്ടതോടെയാണ് ക്രിക്കറ്റിലെ വയനാടൻ വനിതാ വിപ്ലവത്തിന് തുടക്കമാകുന്നത്. തുടർന്ന് ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ താരങ്ങളാണ് വയനാട് ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ദേശീയ — സംസ്ഥാന ടീമുകളിലേക്ക് എത്തിയത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തോട് ചേർന്ന് തന്നെയാണ് അക്കാദമിയുടെയും പ്രവർത്തനം. മറ്റ് അനുബന്ധ പരിശീലന സൌകര്യങ്ങളും താമസവും കിറ്റുമെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷൻ തന്നെ ലഭ്യമാക്കുന്നു. ആകെ 28 പേരാണ് നിലവിൽ അക്കാദമിയിൽ പരിശീലനം തുടരുന്നത്. കെസിഎ കോച്ചുമാരുടെ നേതൃത്വത്തിലാണ് പരിശീലനം.

കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര് ആണ് ജോഷിതയെ പത്ത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും ജോഷിത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൂർണ്ണമെൻ്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടു പിറകെയാണ് വനിതാ പ്രീമിയര്‍ ലീഗിലേയ്ക്കും (WPL) ജോഷിതയ്ക്ക് വിളിയെത്തിയത്. വയനാട് കൽപ്പറ്റ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ, വി.ടി. ജോഷിയും എം.പി.ശ്രീജയുമാണ് മാതാപിതാക്കൾ. ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴ് വർഷത്തോളമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം തുടരുന്നത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയായ ജോഷിത കേരള അണ്ടർ 19 ടീമിൻ്റെ ക്യാപ്റ്റനായിരുന്നു.

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച സജന സജീവന്‍ അവസാന പന്തിലെ സിക്സുമായി ആദ്യ മത്സരത്തിൽ തന്നെ താരമായിരുന്നു. നിലവിൽ വിൻഡീസിനെതിരെയുള്ള ടി20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് സജന. മിന്നുമണിയും ഈ ടീമിൽ സജനയ്ക്കൊപ്പമുണ്ട്. വിൻഡീസിനെതിരായ ആദ്യ ഏകദിനത്തൽ ഓടി ഡൈവ് ചെയ്തുള്ള മിന്നുവിൻ്റെ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായ ഓസ്ട്രേലിയൻ പര്യടനത്തിലും മിന്നു മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 46 റൺസെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു മിന്നു.

ദൃശ്യയും ദർശനയും മൃദുലയും നജ്ലയും സീനിയർ വിമൻസ് ഏകദിന ടൂർണ്ണമെൻ്റിൽ ഇപ്പോള്‍ കേരളത്തിനായി കളിച്ച് വരികയാണ്. ഓപ്പണറായ ദൃശ്യ കഴിഞ്ഞ ദിവസം 88 റൺസുമായി നാഗാലൻ്റിനെതിരെയുള്ള വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ഇതിനു പുറമെ ഹൈദരാബാദിനെതിരെ സെഞ്ച്വറിയും ഉത്തരാഖണ്ഡിനെതിരെയുള്ള വിജയത്തിലടക്കം മികച്ച പ്രകടനവും കാഴ്ച വച്ചിരുന്നു. ടൂർണ്ണമെൻ്റിൽ ഇത് വരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ പത്ത് താരങ്ങളിലൊരാൾ ദൃശ്യയാണ്. ടൂർണ്ണമെൻിൽ അസമിനെതിരെയടക്കം കേരളത്തിന് വിജയമൊരുക്കിയ ഇന്നിങ്സുകളുമായി നജ്ലയും ശ്രദ്ധേയയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിത ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു നജ്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഡി ടീമിനെ നയിച്ചതും നജ്ലയായിരുന്നു. കൊളവയലിലെ വാസുദേവൻ — ഷീജ ദമ്പതിമാരുടെ മകളാണ് ദൃശ്യ. ജൂനിയർ തലം മുതൽ വിവിധ ഏജ് കാറ്റഗറികളിലായി കേരളത്തിന് വേണ്ടി കളിക്കുന്ന താരങ്ങളാണ് ദർശന മോഹനും വി എസ് മൃദുലയും. മാനന്തവാടി ചോലവയലിലെ മോഹനന്റെയും മീനാക്ഷിയുടെയും മകളാണ് ദർശന. കുപ്പാടിയിലെ സുരേഷ് — സുധ ദംമ്പതിമാരുടെ മകളാണ് മൃദുല. ദേശീയ ടീമെന്ന സ്വപ്നവുമായാണ് ഇവരും മികച്ച പ്രകടനം തുടരുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.