30 December 2025, Tuesday

Related news

December 30, 2025
December 29, 2025
December 29, 2025
December 27, 2025
December 27, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025

ക്രൈസ്തവര്‍ക്കെതിരെ ഈ വര്‍ഷം 334 ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യുപിയിലും ഛത്തീസ്ഗഢിലും

Janayugom Webdesk
ന്യൂഡല്‍ഹി
August 5, 2025 10:46 pm

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 334 ആക്രമണങ്ങള്‍ നടന്നതായി കണക്കുകള്‍. റിലീജിയസ് ലിബര്‍ട്ടി കമ്മിഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐആര്‍എല്‍സി) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും ക്രിസ്ത്യന്‍ സമൂഹങ്ങളെ ബാധിക്കുന്ന ആശങ്കാജനകമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. യുപിയില്‍ 95ഉം ഛത്തീസ്ഗഢില്‍ 86ഉം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെയുള്ള അതിക്രമങ്ങളുടെ 54% ആണിത്. അക്രമം മാത്രമല്ല, മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ദീര്‍ഘകാലം നിയമപരമായ പീഡനവും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നേരിടുന്നു. ഈ നിയമത്തിന്റെ ദുരുപയോഗം ഭീഷണിയുടെ പ്രധാന ആയുധമാണ്. ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചത് ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. മരിച്ചവരുടെ സംസ്കാരം പോലും നടത്താന്‍ അനുവദിക്കാത്ത സംഭവങ്ങളുണ്ട്. ഛത്തീസ്ഗഢില്‍ ഇത്തരത്തിലുള്ള 13 കേസുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ ഭൂമിയില്‍ പോലും ക്രൈസ്തവ ആചാരമനുസരിച്ച് സംസ്കരിക്കാന്‍ അനുവദിക്കുന്നില്ല. ഞായറാഴ്ചത്തെ ആരാധനയ്ക്കിടെ ഹിന്ദുത്വ സംഘടനകള്‍ തടസങ്ങളുണ്ടാക്കുന്നത് പതിവാണ്. മത സമ്മേളനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
കഴിഞ്ഞമാസം ഛത്തീസ്ഗഢിലെ ഭിലായില്‍ ആറ് പാസ്റ്റര്‍മാരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിനിടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും പങ്കുവഹിക്കുന്നതായി ക്രൈസ്തവ സഭകള്‍ പറയുന്നു. രോഗശാന്തിയുടെ മറവില്‍ നിരപരാധികളെയും നിസഹായരെയും ദരിദ്രരെയും വശത്താക്കി മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ബിജെപി എംഎല്‍എ അജയ് ചന്ദ്രശേഖര്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. 

ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി യുപിയും ഛത്തീസ്ഗഢും മാറിയിരിക്കുന്നു. നിയമവിരുദ്ധ അറസ്റ്റുകള്‍, ശാരീരിക അതിക്രമങ്ങള്‍, സാമൂഹിക ബഹിഷ്കരണങ്ങള്‍, തെറ്റായ ആരോപണങ്ങള്‍ എന്നിവ ഇരുസംസ്ഥാനങ്ങളിലും ധാരാളം റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശ് 22, ബിഹാര്‍ 17, കര്‍ണാടക 17, രാജസ്ഥാന്‍ 15, ഹരിയാന 15 വീതം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മതവിശ്വാസം പരിഗണിക്കാതെ എല്ലാ പൗരന്മാരെയും സംരക്ഷിക്കാനുള്ള ഭരണഘടനാചുമതല, നിയമനിര്‍വഹണ ഏജന്‍സികള്‍ നിറവേറ്റണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. 2024ല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ 834 ആക്രമണങ്ങള്‍ നടന്നതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക്. 2023ല്‍ ഇത് 734 ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.