തോമസ് കുട്ടി വർഗ്ഗീസിനും ആൻസമ്മയ്ക്കുമുണ്ട് രാപ്പാർക്കാനായി മുന്തിരി തോട്ടം. ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇരുനില വീടിന്റെ ടെറസിൽ മുഴുവൻ മുന്തിരിയും, പച്ചക്കറികളും വിളയിപ്പിച്ച സന്തോഷത്തിലാണ് ചേർത്തല നഗരസഭ 30-ാം വാർഡിൽ റോസ് മരിയാവീട്ടിൽ തോമസ് കുട്ടി വർഗ്ഗീസും, ഭാര്യ ആൻസമ്മയും. അഞ്ച് വർഷം മുമ്പ് തൃശൂർ മണ്ണൂത്തിയിൽ നിന്ന് കൊണ്ടുവന്ന രണ്ട് മുന്തിരി തൈകൾ ഇന്ന് വീടിന്റെ മുകൾ ഭാഗം മുഴുവൻ മുന്തിരിക്കുലകളാൽ വിളഞ്ഞ നിലയിലാണ്.
പ്രത്യേകം ജിഐ പൈപ്പ് ഉപയോഗിച്ച് വല പാകിയാണ് മുന്തിരി നട്ടുവളർത്തിയത്. എല്ലുപൊടി, ചാണകം, അടുക്കള മാലിന്യം ഉപയോഗിച്ചുള്ള കമ്പോസ്റ്റ് വളം എന്നിവയാണ് മുന്തിരി തഴച്ചു വളരാനുള്ള രഹസ്യമെന്ന് ആൻസമ്മ പറയുന്നു. കഴിഞ്ഞവർഷം മുതലാണ് കായ് ഫലം ഉണ്ടാകാൻ തുടങ്ങിയിട്ട്. ഊട്ടിയിലും, കൊടൈക്കനാലിലും കാണുന്ന പോലെയുള്ള വിളവാണ് ഈ വർഷം ഇവിടെ ലഭ്യമായതെന്ന് തോമസ് പറയുന്നു. വൈകുന്നേരങ്ങളിൽ തോമസും, ആൻസമ്മും മുന്തിരിയുടെ ചുവട്ടിൽ വന്നിരിക്കും. മീനചൂട് പോലും മാറിനിൽക്കുന്ന നല്ല തണുപ്പാണ് ഇവിടെയെന്ന് ഇരുവരും പറയുന്നു. രാവിലെയും വൈകിട്ടും പക്ഷികൾ മുന്തിരി കഴിക്കാനെത്തിയാലും ശല്യപെടുത്താറില്ല. പ്രകൃതിയുടെ അവകാശികളായ ഇവർ കഴിച്ചതിന് ശേഷമുള്ളത് മതി എന്ന തീരുമാനത്തിലാണ് ദമ്പതികള്‍.
മുന്തിരി കൂടാതെ മറ്റ് അനേകം പച്ചക്കറികളും ടെറസിൽ വളർത്തുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട്, കോവൽ, പീച്ചിൽ, വെണ്ട, ചേന, ചേമ്പ്, പയർ, കാന്താരി എന്നിവയുമുണ്ട്. പ്രത്യേകം രൂപകല്പന ചെയ്ത ബാഗിലാണ് മറ്റുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നത്. എറണാകുളം കലൂർ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ നിന്നും വിരമിച്ച ആൻസമ്മയും, ആലുവ കർണാടക ബാങ്ക് മാനേജരായി വിരമിച്ച തോമസ് കുട്ടി വർഗ്ഗീസും ഇപ്പോൾ മുഴുവൻ സമയവും കൃഷിയിൽ തന്നെയാണ്. കൃഷികൾ കൂടാതെ പ്രാവ് വളർത്തലുമുണ്ട്. തമിഴ്‌നാട്ടിലെ കുലശേഖരം ദന്തൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ഡോ. നീന അവധി ലഭിച്ച് വീട്ടിൽ വരുമ്പോൾ മാതാപിതാക്കളോടപ്പം കൃഷിയിലേയ്ക്കും ഒരു കൈ സഹായിക്കാറുണ്ടെന്നും ഇനി ആപ്പിളും, ഓറഞ്ചും കൂടി വീട്ടില്‍ വിളയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
English Summary: Thomas Kutty and Ansamma’s vine yard
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.