തോപ്പില്‍ ഗോപാലകൃഷ്ണൻ നന്മയും നീതിബോധവുമുള്ള കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കാമ്പിശേരി കരുണാകരൻ ലൈബ്രറിയും തോപ്പിൽ ഗോപാലകൃഷ്ണൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തോപ്പിൽ ഗോപാലകൃഷ്ണൻ ദിനാചരണം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാർത്ഥതയും നന്മയും സ്നേഹവും ആയിരുന്നു തോപ്പിൽ ഗോപാലകൃഷ്ണന്റെ പ്രത്യേകത. അദ്ദേഹം യുവജന ഫെഡറേഷന്റെ ദേശീയ നേതാവായിരിക്കുമ്പോള്‍ നടത്തിയ ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ സമരം ദേശീയ തലത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. തോപ്പില്‍ ഗോപാലകൃഷ്ണന്‍ പോരാടിയത് വിദ്യാഭ്യാസ രംഗത്തെ മൂല്യത്തിനു വേണ്ടിയായിരുന്നു. സമരം ചെയ്യുമ്പോഴും ഏറ്റവും നന്നായി പഠിച്ച വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.
ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ പരിതാപകരമാണ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തിൽ പോലും വ്യക്തതയില്ല. മോഡിയുടെ ഡിഗ്രിയെപ്പറ്റി ചോദിക്കാൻ പാടില്ല എന്ന് യൂണിവേഴ്സിറ്റിപോലും പറയുന്നു. വിവരാവകാശ നിയമം പോലും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. കൈവിലങ്ങിട്ട് ഇന്ത്യക്കാർ വിമാനത്തിൽ വന്നിറങ്ങുമ്പോൾ ട്രംപ് എന്റെ ഏറ്റവും നല്ല സുഹൃത്താണെന്നാണ് മോഡി പറയുന്നത്. കുടിയേറ്റക്കാരെ മനുഷ്യനെ പോലെ കാണാതെ മൃഗീയമായി തള്ളിക്കളയുന്ന അവസ്ഥയിൽ ട്രംപിന് സ്തുതി പാടുകയാണ് മോഡിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൗണ്ടേഷൻ ചെയർമാൻ പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ അനുശ്രീക്ക് ഫൗണ്ടേഷൻ അവാർഡ് തോപ്പിൽ ഗോപാലകൃഷ്ണന്റെ സഹധർമ്മിണി ഉഷാ കാമ്പിശേരി സമ്മാനിച്ചു.
അഡ്വ. ജി ലാലു, അഡ്വ. ആർ വിജയകുമാർ, കെ എൻ കെ നമ്പൂതിരി, സി ആർ ജോസ് പ്രകാശ്, ടി കെ വിനോദൻ, എസ് വിനോദ് കുമാർ, പി ഉഷാകുമാരി എന്നിവർ സംസാരിച്ചു. കാമ്പിശേരി ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. പി ബി ശിവൻ നന്ദിയും പറഞ്ഞു.
വള്ളികുന്നത്ത് തോപ്പില്‍ ഗോപാലകൃഷ്ണന്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്‌ബാബു ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.