11 December 2025, Thursday

അധികാരവും പണവും നാണം കെട്ട് നേടുന്നവര്‍

Janayugom Webdesk
December 11, 2025 5:00 am

‘നാണം കെട്ട് പണം നേടിയാല്‍ ആ നാണക്കേട് പണം തീര്‍ക്കും’ എന്നൊരു പഴഞ്ചൊല്ലുണ്ട്. നെറികെട്ട് അധികാരം നേടിയാല്‍ നാണംകെട്ട് പണമുണ്ടാക്കാം എന്ന് കരുതുന്നാെരു കൂട്ടരുമുണ്ട്. അവരെ നമുക്ക് ബിജെപി എന്ന് വിളിക്കാം. പ്രത്യേകിച്ച് നരേന്ദ്ര മോഡി — അമിത്ഷാ ദ്വയങ്ങളുടെ പിന്നിലുള്ള ബിജെപി. തങ്ങളുടെ പാര്‍ട്ടിയും അതിന്റെ അജണ്ടയായ ഹിന്ദുത്വവും വളര്‍ത്താന്‍ മാത്രം ലക്ഷ്യമിട്ടുള്ള ഒരു സര്‍ക്കാരാണ് മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെന്ന് തിരിച്ചറിയാത്ത ആരും രാജ്യത്ത് ബാക്കിയുണ്ടാവില്ല. അതൊരു മേന്മയായി കൊണ്ടുനടക്കുകയാണ് സംഘ്പരിവാര്‍ നേതൃത്വം എന്നതും യാഥാര്‍ത്ഥ്യം. രാജ്യത്തെ ഘട്ടംഘട്ടമായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും പണയപ്പെടുത്തുന്ന തീവ്രനിലപാടിലാണ് കഴിഞ്ഞ 11 വര്‍ഷത്തോളമായി മോഡിസര്‍ക്കാര്‍. അതിന്റെ പരിണിതഫലമാണ് രാജ്യത്തെ അസമത്വത്തിന്റെ അന്തരം ചരിത്രത്തിലില്ലാത്തവിധം ഉയര്‍ന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയതും ഇക്കഴിഞ്ഞ ഒരു ദശകത്തിനിടയിലാണ്. അതേക്കുറിച്ചൊക്കെ വേവലാതിപ്പെടേണ്ടതും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും ധാര്‍മ്മികമായി രാജ്യം ഭരിക്കുന്നവരാണ്. പക്ഷേ രാജ്യത്തെയും ജനങ്ങളെയും വിറ്റിട്ടായാലും തങ്ങളുടെ അജണ്ടയും അത് വളര്‍ത്താനുള്ള അധികാരവും നിലനിര്‍ത്തണം എന്നാണ് കേന്ദ്രഭരണകൂടത്തിന്റെ നിലപാട്. ഇത് തെളിയിക്കുന്നതിന്റെ പുതിയൊരു തെളിവ് കൂടി കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളുടെ പേരിൽ പൊതുജനങ്ങളിൽ നിന്നും കരാറുകാരിൽ നിന്നും ബിജെപി പാർട്ടി ഫണ്ട് പിരിച്ചെടുത്തുവെന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇത് കേവലം പ്രതിപക്ഷ ആരോപണമല്ല, ഫണ്ട് നല്‍കിയവര്‍ തെളിവുകളോടെ പുറത്തുവിട്ട വിവരമാണ്.
‘സ്വച്ഛ് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘കിസാൻ സേവ’ തുടങ്ങിയ പദ്ധതികളുടെ മറവിലായിരുന്നു ധന ശേഖരണം. പ്രധാനമന്ത്രിയുടെ ആഹ്വാനം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചേര്‍ത്തുകൊണ്ടായിരുന്നു കബളിപ്പിക്കല്‍ എന്ന് ചെന്നെെ ആസ്ഥാനമായ സത്യം ടിവിയുടെ ന്യൂസ് എഡിറ്റർ അരവിന്ദാക്ഷന്‍ തെളിവുകളോടെ വെളിപ്പെടുത്തിയിരിക്കുന്നു. 2021 ഡിസംബർ 25ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ ബിജെപിക്കായി മൈക്രോ ഡൊണേഷൻ പദ്ധതി പ്രഖ്യാപിച്ചത്. ‘നരേന്ദ്രമോഡി.ഇൻ’ പോലുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകളിലൂടെയും നമോ ആപ്പിലൂടെയും 2022 ഫെബ്രുവരി വരെ സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കിസാൻ സേവ എന്നിവയ്ക്കായി സംഭാവന ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തന്റെ എക്സ് (അന്ന് ട്വിറ്റർ) ഹാൻഡിൽ വഴി പ്രചാരണത്തിന് പിന്തുണ നൽകുകയും ഫണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റിട്ടു. ഈ പ്ലാറ്റ്ഫോമിലൂടെ സംഭാവന നൽകിയ തനിക്ക് ബിജെപിയുടെ ഓഫിസിൽ നിന്നും ഇമെയിൽ വഴി രസീത് ലഭിച്ചതോടെയാണ് പണം ബിജെപിയുടെ കേന്ദ്ര ഓഫിസാണ് കൈപ്പറ്റിയതെന്ന് വ്യക്തമായത് എന്ന് അരവിന്ദാക്ഷന്‍ വ്യക്തമാക്കി. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ഈ പദ്ധതികൾക്കായി ഫണ്ട് പിരിക്കാൻ കേന്ദ്ര മന്ത്രാലയങ്ങളോ പ്രധാനമന്ത്രിയുടെ ഓഫിസോ ബിജെപിക്ക് പ്രത്യേക അനുമതി നൽകിയിട്ടില്ലെന്ന മറുപടി ലഭിക്കുകയും ചെയ്തു.
രണ്ട് സെമികണ്ടക്ടർ യൂണിറ്റുകൾക്ക് കേന്ദ്രസർക്കാർ 44,000 കോടി രൂപ സബ്‌സിഡി നല്‍കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് 758 കോടി രൂപ ബിജെപിക്ക് സംഭാവന നൽകിയ വാര്‍ത്ത പുറത്തുവന്നത് ആഴ്ചകള്‍ക്ക് മുമ്പാണ്. 2024 ഫെബ്രുവരിയിലാണ് കേന്ദ്ര മന്ത്രിസഭ സെമികണ്ടക്ടർ യൂണിറ്റുകൾക്ക് അംഗീകാരം നൽകിയത്. തൊട്ടുപിന്നാലെ, ഏപ്രിലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോള്‍ ടാറ്റ ഗ്രൂപ്പ് ബിജെപിക്ക് സംഭാവന കൈമാറി. ഇലക്ട്രൽ ട്രസ്റ്റ് വഴിയായിരുന്നു തുക നൽകിയത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും അസമിലുമാണ് വ്യവസായ യൂണിറ്റുകൾ അനുവദിച്ചത് എന്നതും ആദ്യമായാണ് ടാറ്റ ഗ്രൂപ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നത് എന്നതും യാദൃച്ഛികമായി കരുതാനാവില്ല. യുപിഎ സർക്കാർ 2013ൽ ആരംഭിച്ച ഇലക്ട്രൽ ട്രസ്റ്റുകളില്‍ സംഭാവനയുടെ ഉറവിടവും ഏത് പാർട്ടിക്ക് എത്ര തുക നൽകി എന്നതും വെളിപ്പെടുത്തേണ്ടതുണ്ട്. ഇത് റദ്ദാക്കി മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് വമ്പൻ അഴിമതിക്ക് കാരണമാകുന്നുവെന്ന് പരാതിയുയരുകയും സുപ്രീം കോടതി ഇടപെട്ട് നിർത്തലാക്കുകയുമായിരുന്നു. ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധിയെഴുതിയ ഇലക്ടറൽ ബോണ്ട് വഴി ശതകോടികളാണ് ബിജെപി കെെപ്പറ്റിയിരുന്നത്. ഇപ്പോള്‍ ഇലക്ട്രൽ ട്രസ്റ്റുകൾ വഴിയുള്ള രാഷ്ട്രീയ ധനസമാഹരണത്തിലും ബിജെപി തന്നെയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. അധികാരവും അതിന്റെ സ്വാധീനവും ഉപയോഗിച്ച് സ്വേച്ഛാധിപത്യ അജണ്ട നടപ്പാക്കാന്‍ മാത്രം പരിശ്രമിക്കുകയും രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും തകര്‍ക്കാന്‍ ധനസമാഹരണം നടത്തുകയും ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനം തികച്ചും ആത്മഹത്യാപരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.