3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024
November 11, 2024
November 11, 2024
November 11, 2024
November 11, 2024

ട്രാക്കിലും ഫീൽഡിലും പ്രതിഭ തെളിയിച്ചവർ ഇനി ഒരു കുടക്കീഴിൽ

Janayugom Webdesk
കൊച്ചി
December 18, 2021 9:35 pm

ട്രാക്കിലും ഫീൽഡിലും പുതിയ വേഗവും ദൂരവും കുറിച്ചവരെ ഒരു കുടക്കീഴിലെത്തിച്ച് സ്പോർട്സ് ഈസ് മൈ ലൈഫ് അത്‌ലറ്റിക് വെൽഫെയർ അസോസിയേഷൻ. രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടിയ താരങ്ങൾ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം അരൂക്കുറ്റി ക്ലബ് മഹീന്ദ്ര റിസോർട്ടിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഔപചാരികതയ്ക്കപ്പുറം ട്രാക്കിൽ പരസ്പരം പോരാടിയവരുടെയും പരിശീലകരുടെയും സംഗമവേദിയായി ഉദ്ഘാടനചടങ്ങ് മാറി. കായികകേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കെ പി തോമസ് മാഷ്, ടി പി ഔസേപ്പ്, ബോക്സർ കെ സി ലേഖ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

പുതുതലമുറ താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകാനും പഴയകാല താരങ്ങളെ സഹായിക്കാനും പുതിയ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുൻകാല ഫുട്ബോൾ താരങ്ങൾക്കായി രൂപീകരിച്ച സഹകരണസംഘത്തെ മാതൃകയാക്കിയാൽ അതു കൂടുതൽ ഗുണംചെയ്യും. സർക്കാർ തലത്തിൽ സംഘടനയുമായി ബന്ധപ്പെട്ട് സഹായം നല്കുവാനും ഇതുവഴി കഴിയുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

സ്പോർട്സ് മീറ്റുകളുടെ തിരക്കിൽ നിന്ന് അവധിയെടുത്താണ് പരിശീലകരും മുൻകാലതാരങ്ങളും ചടങ്ങിനായി എത്തിയത്. ഉദ്ഘാടന വേദിയിൽ പരിശീലകരെ ആദരിച്ച ശിഷ്യരുടെ ഗുരുവന്ദനം പരിപാടിയും വേറിട്ടതായി. 55 ലേറെ കായികാധ്യാപകരെ ആദരിച്ചു. സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടനും, ഷൈനി വിൽസണും, പി ആർ ശ്രീജേഷും തങ്ങളുടെ ഒളിമ്പിക്സ് അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു. ഒളിമ്പ്യൻമാരായ ചിത്ര കെ സോമൻ, മഞ്ജിമ കുര്യാക്കോസ്, പ്രീജ ശ്രീധരൻ, റോസക്കുട്ടി, മയൂഖ ജോണി, സിനി ജോസ് തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങിൽ ഇക്കഴിഞ്ഞ ഒളിമ്പിക്സിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി അലക്സ് ആന്റണിയെ അശ്വാ സ്പോര്‍ട്സ് ക്ലബിന്റെ ചെ­യർമാൻ എ പി സെബാസ്റ്റ്യൻ, പ്ര­സിഡന്റ് റോയി വർഗീസ്, വൈ­സ് പ്രസിഡന്റ് ജെയിംസ് ഇടക്കാട്ടുകുടി എന്നിവർ ചേർന്ന് 25000 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ട്രാക്ക് ആന്റ് ഫീൽഡിനങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചവരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് സ്പോർട്സ് ഈസ് മൈ ലൈഫ് അത്‌ലറ്റിക് വെൽഫെയർ അസോസിയേഷൻ. കഷ്ടതയനുഭവിക്കുന്ന കായികതാരങ്ങളെ കണ്ടെത്തി സഹായം നൽകുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: Those who have proven their tal­ent in track and field are now under one umbrella

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.