25 January 2026, Sunday

ബമ്പർ അടിച്ചവർ ദരിദ്രരാകരുത്; പരിശീലനവുമായി ഭാഗ്യക്കുറി വകുപ്പ്

ഡാലിയ ജേക്കബ്
ആലപ്പുഴ
April 7, 2023 9:29 pm

ബമ്പർ ലോട്ടറി അടിച്ചവർ പണം ധൂർത്തടിച്ച് ദരിദ്രരാകാതിരിക്കാൻ പരിശീലനവുമായി ഭാാഗ്യക്കുറി വകുപ്പ്. ആദ്യ ക്ലാസ് 12 ന് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഒന്നാം സമ്മാനം നേടിയവർക്കാണ് പരിശീലനം. ഒന്നാം സമ്മാനമായി ലഭിക്കുന്ന തുക നികുതിയും കഴിഞ്ഞാണ് അക്കൗണ്ടുകളിൽ എത്തുന്നത്. പണം സുരക്ഷിതമായി ചെലവാക്കാൻ വഴികാട്ടുകയെന്നതാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. ലോട്ടറി വകുപ്പിന്റെ പഠനമനുസരിച്ച്, ലോട്ടറി അടിച്ച ഭൂരിപക്ഷം പേരും പണം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിച്ചു തീർക്കുകയായിരുന്നു. 

മക്കളുടെയും ബന്ധുക്കളുടെയും സമ്മർദം കൊണ്ട് പണം മറ്റു കാര്യങ്ങൾക്കായി ചെലവഴിച്ചു തീർത്ത് ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നവരും, ധൂർത്തടിച്ച് നശിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ബന്ധുക്കൾ തമ്മിൽ തല്ലിപ്പിരിഞ്ഞ കഥകളും അനേകമുണ്ട്. ലോട്ടറി വകുപ്പ് ബമ്പർ സമ്മാനം ഏർപ്പെടുത്തിത്തുടങ്ങിയ കാലത്ത് 10 ലക്ഷം രൂപ സമ്മാനം അടിച്ചയാൾ ഒറ്റയ്ക്കു സിനിമ കാണാൻ തിയറ്റർ സീറ്റുകൾ മൊത്തം ബുക്കു ചെയ്യുകയും പിന്നീട് ധൂർത്തിലൂടെ ദാരിദ്ര്യത്തിലേക്കു വീഴുകയും ചെയ്ത സംഭവവുമുണ്ട്. പരിശീലനത്തിലൂടെ, ഇവയെല്ലാം ഒരുപരിധി വരെ അവസാനിപ്പിക്കാമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

ഇക്കഴിഞ്ഞ ഓണം ബമ്പർ ഉൾപ്പടെയുള്ളവയുടെ ഒന്നാം സമ്മാനം നേടി തുക കൈപ്പറ്റിയവരാണ് പരിശീലനത്തിൽപങ്കെടുക്കുന്നത്. സമ്മാനമടിച്ച് പണം ലഭിക്കാനുള്ളവരെ അടുത്തഘട്ടത്തിൽ പരിഗണിക്കും. പരമാവധി നൂറുപേരെയാണ് പങ്കെടുപ്പിക്കുക. ഓരോ മാസവും പരിശീലനം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ രണ്ടുമാസത്തിലൊരിക്കലെങ്കിലും ഇത്തരത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ്ആൻഡ് ടാക്സേഷനാണ് ക്ലാസുകൾക്ക് നേതൃത്വം നല്കുന്നത്. 

ഗുണഭോക്താക്കളിൽ നല്ല ശതമാനവും സാധാരണക്കാരാണ്. കിട്ടുന്ന തുക എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പലർക്കും ആശങ്കയുമുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് പരിശീലനമൊരുക്കുന്നത്. ലഭിക്കുന്ന പണം കൃത്യമായും ഫലപ്രദമായും സുരക്ഷിതമായും എങ്ങനെ ഉപയോഗിക്കണം, ധനവിനിയോഗത്തിന്റെ വിവിധ പ്രശ്നങ്ങൾ, ലൈഫ് ഇൻഷുറൻസിന്റെ സാധ്യതകൾ, കുറിയെടുക്കൽ പദ്ധതികളിൽ നഷ്ടമുണ്ടാകാതെ എങ്ങനെ പണം ഉപയോഗിക്കാം തുടങ്ങിയവയെല്ലാം ക്ലാസിലുണ്ടാകും. ഗുണഭോക്താക്കളുടെ എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാനും ഇതിലൂടെ കഴിയും. 

Eng­lish Summary;Those who hit the bumper should not be poor; Lot­tery Department
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.