10 February 2026, Tuesday

Related news

February 10, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026
February 8, 2026
February 7, 2026

ആയിരങ്ങള്‍ ഒഴുകി ആവേശക്കടലുകളായി…

Janayugom Webdesk
തിരുവനന്തപുരം
February 10, 2026 10:19 pm

ആയിരങ്ങൾ തടിച്ചുകൂടിയ സ്വീകരണ കേന്ദ്രങ്ങളെ ആവേശക്കടലാക്കിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാമൂഴത്തിന്റെ വിളംബരം മുഴക്കിയും വികസന മുന്നേറ്റ ജാഥകള്‍ പര്യടനം തുടരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്നലെ മലപ്പുറം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ലീഡറായ മധ്യമേഖലാ ജാഥ ഇടുക്കി, എറണാകുളം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള തെക്കന്‍ ജാഥ കൊല്ലം ജില്ലകളിലാണ് പര്യടനം നടത്തിയത്. അടിമാലി, ചെറുതോണി, തൊടുപുഴ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് മധ്യമേഖലാ ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചത്. രാവിലെ അടിമാലി മരങ്ങാട്ട് റെസിഡൻസിയിൽ നടന്ന സൗഹൃദ സദസിൽ ഭൂപ്രശ്നങ്ങളും വന്യമൃഗശല്യവും വിനോദസഞ്ചാര സാധ്യതകളും അടക്കം ഇടുക്കി ജില്ലയിലെ കാലിക വിഷയങ്ങൾ പൗരപ്രമുഖർ അവതരിപ്പിച്ചു. വെെകിട്ട് കോതമംഗലത്ത് ഉജ്വല വരവേല്പോടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി സ്ക്വയറിൽ നിന്നും ആന്റണി ജോൺ എംഎൽഎ, എസ് സതീഷ്, എൻ അരുൺ, കെ കെ അഷറഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ന് മുവാറ്റുപുഴ, പിറവം, കോലഞ്ചേരി, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് സ്വീകരണം. 

തെക്കന്‍ മേഖലാ ജാഥയ്ക്ക് കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു ആദ്യസ്വീകരണം. എം ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ശേഷം കരിമണലിന്റെ നാടായ ചവറയിലെത്തി. ഐ ഷിഹാബ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുണ്ടറയിലെ സ്വീകരണത്തില്‍ എസ് എല്‍ സജികുമാര്‍ അധ്യക്ഷനായി. അവസാന സ്വീകരണസ്ഥലമായ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ഇരവിപുരം, കൊല്ലം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജി ലാലു അധ്യക്ഷത വഹിച്ചു. ഇന്ന് ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. വീരസ്മരണകൾ ജ്വലിക്കുന്ന ഏറനാടിന്റെ മണ്ണിനെ ആവേശഭരിതമാക്കി വടക്കൻ മേഖലാ വികസന ജാഥ മലപ്പുറം ജില്ലാതല പര്യടനത്തിന്റെ രണ്ടാം ദിവസം കൊണ്ടോട്ടിയിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ഏറനാട്ടെ അരീക്കോട് കാൽപ്പന്ത് സമ്മാനിച്ചുകൊണ്ടായിരുന്നു ജാഥയെ വരവേറ്റത്. മൂന്നുമണിയോടെ നിലമ്പൂരിലെത്തിയ ജാഥയെ കാത്ത് ജനക്കൂട്ടം തമ്പടിച്ചു. വണ്ടൂരിലായിരുന്നു ഇന്നലെ സമാപനം. കൊണ്ടോട്ടിയിൽ പുലത്ത് കുഞ്ഞ്, ഏറനാട് മണ്ഡലത്തില്‍ അരീക്കോ ഷഫീർ കിഴിശേരി, നിലമ്പൂരിൽ പി എം ബഷീർ, വണ്ടൂരിൽ എം ടി അഹമ്മദ് എന്നിവര്‍ അധ്യക്ഷരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.