21 January 2026, Wednesday

അനാഥരുടെ കൈപിടിക്കാൻ ആയിരങ്ങൾ

ഡാലിയ ജേക്കബ്
ആലപ്പുഴ
April 27, 2023 10:50 pm

അനാഥരായ കുട്ടികളുടെ കൈപിടിക്കാൻ ആയിരങ്ങൾ എത്തിയതോടെ ഫോസ്റ്റർ കെയർപദ്ധതിക്ക് അപേക്ഷകർ കൂടുന്നു. അനാഥരായി സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ കഴിയുന്ന കുട്ടികൾക്ക് അവധിക്കാല വാസമൊരുക്കുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയർ.
ഇതുവരെ 14 ജില്ലകളിലായി അഞ്ഞൂറിലധികം അപേക്ഷകൾ ലഭിച്ചു. രണ്ട് മാസത്തെ അവധിക്കാല വാസത്തിനാണ് കുട്ടികളെ ഫോസ്റ്റർ കെയറിലേക്ക് അയക്കുന്നത്. എന്നാൽ ഇപ്പോഴും കുട്ടികൾക്കായുള്ള അപേക്ഷകൾ എത്തിക്കൊണ്ടിരിക്കുന്നതായി അധികൃതർ പറയുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ടവരോ മാതാപിതാക്കളുണ്ടെങ്കിലും പല സാഹചര്യങ്ങളാൽ വീട്ടിൽ പോകാൻ കഴിയാത്തവരോ ആയ കുട്ടികളെയാണ് ഇത്തരത്തിൽ വീടന്തരീക്ഷത്തിൽ അവധിക്കാലത്തേക്ക് അയക്കുന്നത്. 

കുട്ടികളുടെ താല്പര്യവും ഇവർ പോകുന്ന സ്ഥലത്തെ സാഹചര്യവുമെല്ലാം വിശദമായി പഠിച്ചശേഷമാണ് ഫോസ്റ്റർ കെയറിലേക്ക് അയക്കുന്നത്. അനാഥക്കുരുന്നുകൾക്ക് കുടുംബങ്ങളുടെ തണൽ നൽകുന്ന പദ്ധതി കുട്ടികൾക്കും ദമ്പതികൾക്കും ഒരുപോലെ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ വർഷം മാത്രം നാനൂറോളം കുട്ടികളെയാണ് പാർപ്പിച്ചത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരും കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ട്.
കോവിഡ് കാലത്ത് പദ്ധതി മുടങ്ങിയിരുന്നു. ഫോസ്റ്റർ കെയറിലേക്ക് കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ മുൻകൂറായി അപേക്ഷ നൽകണം. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ശിശു സംരക്ഷണ സമിതി വീടിനെക്കുറിച്ചും വീട്ടിലുള്ളവരെ കുറിച്ചും വിശദമായി പഠിക്കും. മാതാപിതാക്കളുടെ സ്വഭാവം, അവരുടെ ആരോഗ്യം, കുട്ടിയെ രണ്ടുമാസക്കാലം സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തും. ഏതെങ്കിലും പൊലീസ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും അന്വേഷിക്കും. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയാൽ ഇവർക്ക് സംരക്ഷിക്കാൻ കഴിയുന്ന കുട്ടിയെ തിരഞ്ഞെടുക്കും.

കുട്ടികളില്ലാത്തവരുടെയും ഒരു കുട്ടി മാത്രമുള്ളവരുടെയും വീടുകളിലേക്ക് അവധിക്കാല കൂട്ടായി ഒരു കുട്ടിയെ തെരഞ്ഞെടുക്കുവാനും കഴിയും. രണ്ടു മാസത്തെ വാസത്തിനുശേഷം മടങ്ങിവരാൻ മടിക്കുന്നവരുമുണ്ട്. ഇരുവരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് ദിവസം നീട്ടി നല്കിക്കൊടുക്കാറുമുണ്ട്. ആറുമുതൽ 18 വയസുവരെയുള്ളവരെയാണ് വീടുകളിലേക്ക് കൊണ്ടുപോകാറുള്ളത്. ഹോമിൽനിന്ന് പോകുന്ന കുട്ടിയുടെ സ്ഥിതിയും സാഹചര്യവുമെല്ലാം സംരക്ഷണ ഓഫിസർ, കൗൺസിലർമാർ എന്നിവർ നിരീക്ഷിക്കും.
2014ൽ ആരംഭിച്ച സമ്മർ സ്ട്രീറ്റ് എന്ന വേനൽക്കാല പരിചരണപദ്ധതിയാണ് വിപുലീകരിച്ചത്. സർക്കാർ ബാലമന്ദിരങ്ങളിലെ കുരുന്നുകളെ കുടുംബങ്ങളിലെത്തിക്കുന്ന പദ്ധതി ആദ്യം വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. മക്കളില്ലാത്തവരും അപകടങ്ങളിൽ അവകാശികൾ മരിച്ചവരുമൊക്കെ പദ്ധതിയുടെ ഭാഗമായതോടെ വികാരഭരിതമായ ഇടപെടലായി മാറി. 2016ൽ കേന്ദ്ര വനിതാ ശിശു വികസനമന്ത്രാലയം മാതൃകാനിർദേശങ്ങളും പുറത്തിറക്കി.
2016ലെ ബാലനീതി നിയമപ്രകാരം ഗ്രൂപ്പ് ഫോസ്റ്റർ കെയർപദ്ധതിയിൽ സ്ഥാപനങ്ങൾക്കോ വീടുകൾക്കോ എട്ട് കുഞ്ഞുങ്ങളെ വരെ താൽക്കാലികമായി ദത്തുനൽകാനും വ്യവസ്ഥയുണ്ട്. 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.