20 December 2024, Friday
KSFE Galaxy Chits Banner 2

ലോണ്‍ എടുക്കാത്തവര്‍ക്കും ഭീഷണി: പണം പിടുങ്ങാന്‍ ചതിക്കുഴിയൊരുക്കി ലോണ്‍ ആപ്പുകള്‍

സ്വന്തം ലേഖിക
തൃശൂർ
February 7, 2024 4:32 pm

ലോണ്‍ എടുക്കാത്തവരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാൻ ലോൺ ആപ്പ്. ലക്ഷങ്ങൾ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി യുവാക്കളടക്കമുള്ളവർ. ലോൺ ആപ്പിനെതിരെ പോലീസ് സ്റ്റേഷനുകളിൽ പരാതികള്‍ കൂമ്പാരമാകുമ്പോഴും ഇതിനെ തടയാന്‍ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. ലോൺ ആപ്പുകളുടെ ഭീഷണിയില്‍ നൂറുകണക്കിന് ആളുകൾക്കാണ് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നത്. ആപ്പിന്റെ ഭീഷണിയെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയാൽ പണം നഷ്ടപ്പെട്ടവരുടെ പരാതി സ്വീകരിക്കുകയും മാഫിയയെ കണ്ടെത്താനാകില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ഉപദേശങ്ങളും നിർദേശങ്ങളും നല്കി തിരിച്ചയയ്ക്കുകയാണ് സൈബൽ സെൽ. നാട്ടിൽ ലോൺ ആപ്പിന്റെ അതിക്രമം വർധിക്കുകയാണ്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നാണു ഭീഷണി കോളുകളും സന്ദേശങ്ങളും ഇരയുടെ മൊബൈൽ ഫോണിലേക്കു വരുന്നത്. ആളുകളെ പൊതുജന മധ്യത്തിൽ മാനംകെടുത്തിയാണു പണം പിടുങ്ങുന്നത്. കൂടുതലും സ്ത്രീകളാണ് ഭീഷണിക്ക് ഇരകളാകുന്നത്. ലോൺ എടുത്തവരുടെ മോർഫ് ചെയ്തു നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.സാമൂഹ്യമാധ്യമങ്ങളിൽനിന്നാണ് ആപ്പുകാർ ഫോട്ടോകൾ കൈക്കലാക്കുന്നതെന്നു പോലീസ് പറഞ്ഞു. ലോൺ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവേളയിൽതന്നെ ചിത്രങ്ങൾ ആപ്പ്മാഫിയയുടെ സെർവറുകളിൽ എത്തുന്ന സാങ്കേതികവിദ്യയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ലോൺ എടുത്തില്ലെങ്കിലും ലോൺ ആപ്പ് ഫോണിൽ ഡൗൺ ലോഡ് ചെയ്തവരെയും മാഫിയകൾ ഭീഷണിപ്പെടുത്തുന്നു. 

അപരിചിതവും വിദേശങ്ങളിൽനിന്നുമുള്ള കോളുകൾ എടുക്കരുതെന്നാണ് സൈബർസെൽ പറയുന്നത്. അഥവാ എടുത്തുപോയാൽ ഉടൻ ബ്ലോക്ക് ചെയ്യണമെന്നും പോലീസിൽ അറിയിക്കണമെന്നും മുന്നറിയിപ്പു നല്കുന്നു. +92വിൽ തുടങ്ങുന്ന വാട്സ്‌ആപ്പ് കോളുകൾ എടുക്കരുതെന്നും മുന്നറിയിപ്പു നല്കുന്നു. ഇത്തരം കോളുകൾ എടുക്കുമ്പോൾ അവരുടെ ഹാക്കിംഗ് ആപ്ലിക്കേഷൻ പ്രവർത്തിച്ച് ഗാലറിയിലടക്കമുള്ള ഫോണിലെ സ്വ‌കാര്യ വിവരങ്ങൾ തട്ടിപ്പുകാർക്കു ലഭിക്കും. പിന്നീട് സ്ത്രീകളുടേതടക്കമുള്ള ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവയുടെ സഹായത്തോടെ അശ്ലീല ചിത്രങ്ങളും വിഡിയോയും നിർമിക്കുന്നു. ഇതേ വ്യക്തിക്കു തന്നെ ചിത്രം അയച്ച് പണം തട്ടുകയാണ് ഇത്തരം സൈബർ കുറ്റവാളികൾ. സേവ് ചെയ്യാത്ത നമ്പറിൽനിന്നുള്ള വാട്സാപ്പ് കോളുകൾ ഒഴിവാക്കണമെന്നും സൈബർ സെൽ പറയുന്നു.

Eng­lish Sum­ma­ry: Threat to those who do not take loans: Loan apps cre­ate scams to grab money

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.