1 April 2025, Tuesday
KSFE Galaxy Chits Banner 2

വിസ തട്ടിപ്പ് കേസ്; മൂന്നു പേർ പിടിയിൽ

Janayugom Webdesk
ചെറുതോണി
June 3, 2024 8:06 pm

ഇസ്രയേലിൽ കെയർടേക്കർ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ പ്രതികളെ മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തു. ഊന്നുകൽ തളിച്ചിറയിൽ റ്റി കെ കുര്യാക്കോസ്, മുരിക്കാശേരി ചിറപ്പുറത്ത് എബ്രാഹാം, എബ്രാഹാമിന്റെ ഭാര്യ ബീന എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന കുര്യാക്കോസിനെ ആലുവയിലെ ലോഡ്ജിൽ നിന്നും, മറ്റു രണ്ട് പ്രതികളെ തൊടുപുഴയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

എം ആന്റ് കെ ഗ്ലോബല്‍ ഇന്റർനാഷണൽ ടൂർസ് ആന്റ് ട്രാവൽസ് എന്ന പേരിൽ ഒരു വർഷം മുമ്പ് അടിമാലിയിലും, പിന്നീട് മുരിക്കാശേരിയിലും എറണാകുളം ജില്ലയിലെ തലക്കോടും ഓഫീസുകൾ തുറന്നാണ് തട്ടിപ്പു നടത്തിയത്. സംസ്ഥാനത്തിന്റെ എല്ലാ പ്രദേശത്തു നിന്നും ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ 200 ഓളം പേരിൽനിന്ന് പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ ഒരാൾക്കുപോലും വിസ നൽകിയിട്ടില്ല. ഒരു വർഷം മുമ്പു മുതൽ പണം വാങ്ങിയെങ്കിലും എല്ലാവരോടും അവധിപറയുകയായിരുന്നു. ബഹളം വെച്ചവർക്ക് ചെക്കും, പ്രമാണവും കൊടുത്ത് അവധികൾ പറയുകയായിരുന്നു. പറഞ്ഞ അവധികൾ പലതും കഴിഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയത്. 

എറണാകുളം ജില്ലയിലെ തലക്കോടും, ഇടുക്കി ജില്ലയിലെ അടിമാലിയിലും, മുരിക്കാശേരി സ്‌റ്റേഷനുകളിലുമാണ് കേസുള്ളത്. മറ്റു ജില്ലകളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. 15 ലക്ഷം രൂപ നൽകിയ നിരവധിയാളുകളുണ്ട്. ഏകദേശം 50 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പൊലീസും, ഉദ്യോഗാർത്ഥികളും പറയുന്നത്. മുരിക്കാശേരി എസ്എച്ച്ഒ അനിൽകുമാർ, എസ്ഐമാരായ ജിജി, ഡെജി പി വർഗീസ്, സിപിഒമാരായ പ്രവീൺ, ധന്യ, സംഗീത എന്നിവരടങ്ങിയസംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

Eng­lish Summary:Three arrest­ed in visa fraud case
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.