17 January 2026, Saturday

മൂന്ന് ബില്ലുകള്‍ സബ്‌ജക്ട് കമ്മിറ്റിക്ക്

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
August 8, 2023 11:51 pm

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പരിഗണിച്ചത് മൂന്ന് നിയമനിര്‍മ്മാണങ്ങള്‍. മോട്ടോർ തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ (ഭേദഗതി), കേരളാ ക്ഷീരകർഷക ക്ഷേമനിധി, കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യ രക്ഷാ സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുമുള്ള നാശവും തടയൽ) ഭേദഗതി ബില്ലുകളാണ് സഭ പരിഗണിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ഇവ സബ്‌ജക്ട് കമ്മിറ്റി പരിഗണനയ്ക്ക് വിട്ടു.

സ്റ്റാർ ഹോട്ടലുകൾക്ക് അനുമതി നൽകുമ്പോൾ ടാക്സി തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യം കൂടി ഉറപ്പാക്കുമെന്ന് വി ശിവന്‍ കുട്ടിയും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളയിടങ്ങളില്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതവും നിർഭയവുമായി തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജും ചര്‍ച്ചകള്‍ക്ക് മറുപടിയായി വ്യക്തമാക്കി. ഏകീകൃത വ്യക്തിനിയമത്തിനെതിരായ പ്രമേയം സഭ ഇന്നലെ ഏകകണ്ഠമായി അംഗീകരിച്ചു.

രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികൾ പരിഹരിക്കുന്നതിന് ത്രിതല സംവിധാനം

 

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികൾ പരിഹരിക്കുന്നതിന് ത്രിതല സംവിധാനം വരും. ആശുപത്രി, ജില്ല, സംസ്ഥാന തലങ്ങളിലാണ് സംവിധാനം. ആശുപത്രി അധികൃതർ മാത്രമല്ല, രോഗികളുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്നതിന് പുറത്ത് നിന്നുള്ള അംഗങ്ങളും സമിതിയിൽ അംഗങ്ങളായിരിക്കും. സമിതി രൂപവൽകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ആശുപത്രി സംരക്ഷണ ഭേദഗതി ബിൽ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർക്ക് നേരെ വാക്കാലുള്ള അധിക്ഷേപം പിഴയ്ക്കും തടവിനുമടക്കം കാരണമാകുമെന്ന നിയമഭേദഗതി ദുരുപയോഗ സാധ്യതയുള്ളതാണെന്ന് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ സബ്ജക്ട് കമ്മിറ്റിയിൽ നടക്കുമെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കി. രോഗികളോടുള്ള ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ സംബന്ധിച്ച് പ്രോട്ടോക്കോൾ തയ്യാറാക്കും. ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും. ആരോഗ്യപ്രവർത്തകരെ മാത്രമല്ല, രോഗികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാട്. ആശുപത്രി സംരക്ഷണം നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ ജാഗ്രതയുണ്ടാകും. 14 ജില്ലകളിലും സുരക്ഷ ഓഡിറ്റ് നടത്തിയിരുന്നു. ഡിഎച്ച്എസിന് കീഴിലെ 96 ആശുപത്രികളിൽ ഇതിനോടകം സിസി ടിവികൾ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ കോഴിക്കോട്, കോട്ടയം, മഞ്ചേരി എന്നിവിടങ്ങളിൽ വൈകാതെ കാമറകൾ ഏർപ്പെടുത്തും. പ്രധാന ആശുപത്രികളിൽ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry; Three bills to sub­ject committee

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.