23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു; ഡൽഹിയിൽ മദ്രസ ഇടിച്ചുനിരത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2023 10:15 pm

ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ മൂന്ന് പള്ളികൾ ഭരണകൂടം തകർത്തു. 1974 മുതൽ നിലവിലുണ്ടായിരുന്ന ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നീ പള്ളികളാണ് അനധികൃത നിർമ്മാണത്തിന്റെ പേരിൽ തകർത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ആദിവാസി കോളനിയിൽ പൊളിക്കൽ നടത്തിയത്. ഡൽഹിയിൽ ബംഗാളി മാർക്കറ്റിൽ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം പള്ളിയുടെ ഭാഗമായ മദ്രസ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി.

നോട്ടീസ് പോലും നൽകാതെയാണ് ഡൽഹി പൊലീസിന്റെയും അർധസുരക്ഷാ സേനയുടെയും സംരക്ഷണത്തില്‍ ബംഗാളി മാർക്കറ്റിലെ തഹ്ഫീസുൽ ഖുർആൻ മദ്രസ ചൊവ്വാഴ്ച രാവിലെ ഇടിച്ചുനിരത്തിയത്. രണ്ട് മാസം മുമ്പ് പുതുക്കിപ്പണിത, വിദ്യാർത്ഥികളും അധ്യാപകരും താമസിക്കുന്ന മുറികളും ഇടിച്ചുനിരത്തി. ഡൽഹി ഹൈക്കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ് മദ്രസ തകർത്തതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഫുട്പാത്തും പൊതുസ്ഥലവും കൈയേറി എന്നാരോപിച്ച് ഏതാനും ദിവസം മുമ്പ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സുനേഹ്‍രി ബാഗ് മസ്ജിദും മഖ്ബറയും ബുൾഡോസർ കൊണ്ട് തകർത്തിരുന്നു. അതേസമയം നിയമവിരുദ്ധ കൈയേറ്റങ്ങൾ പൊളിച്ചുനീക്കുന്ന പതിവ് നടപടിയുടെ ഭാഗമാണിതെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. മണിപ്പൂരില്‍ ബിജെപി സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ ഉത്തരവിന്മേലുള്ള സ്റ്റേ റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ തകർത്തത്.

കോടതി ഉത്തരവ് പ്രകാരമാണ് കെട്ടിടം പൊളിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എൻ ബിരേൻ സിങ് കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു. മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. പള്ളികൾ തകർക്കപ്പെട്ടതിന് ശേഷം നിരവധി വിശ്വാസികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് സമീപം പ്രാർത്ഥന നടത്തി. അതേസമയം ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെ സമസ്ത ക്രിസ്ത്യൻ സമാജം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് മുംബെെ പൊലീസ് അനുമതി നിഷേധിച്ചു.

മഹാരാഷ്ട്രയിലെ ബൈക്കുളയിൽ നിന്നുള്ള പ്രതിഷേധ മാർച്ചിനാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് മുംബൈ ആസാദ് മൈതാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബാന്ദ്രയിൽ പള്ളി തകർത്ത് ഒരു മാസം കഴിഞ്ഞിട്ടും എഫ്ഐആർ പോലും ഇട്ടില്ലെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. 100 വർഷമായി പ്രവർത്തിക്കുന്ന സെമിത്തേരി പൊളിച്ചുമാറ്റുന്നതിലും പ്രതിഷേധം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Three Church­es Demol­ished in BJP-Ruled Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.