
രണ്ടാം ലോകമഹായുദ്ധ വിജയ ദിനത്തോടനുബന്ധിച്ച് മേയ് എട്ട് മുതല്‍ പത്തുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. എട്ടാം തീയതി രാവിലെ 10ന് ആരംഭിക്കുന്ന വെടിനിര്‍ത്തല്‍ 10ന് രാത്രി 12ന് അവസാനിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. വിജയദിനത്തോടനുബന്ധിച്ച് മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ക്രെംലിന്‍ വ്യക്തമാക്കി.
ഉക്രെയ‍്നിയൻ ഭാഗത്ത് നിന്ന് ലംഘനങ്ങൾ ഉണ്ടായാൽ, റഷ്യൻ സായുധസേന പര്യാപ്തവും ഫലപ്രദവുമായ പ്രതികരണം നടത്തുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, പ്രഖ്യാപനത്തില്‍ ഉക്രെയ‍്ന്‍ പ്രതികരിച്ചിട്ടില്ല. പൂര്‍ണ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ പുടിന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാലയളവില്‍ ഉക്രെയ‍്ന്‍ പാശ്ചാത്യ പിന്തുണ വര്‍ധിപ്പിച്ച് ആയുധ സമാഹരണം അധികമാക്കുമെന്നാണ് പുടിന്റെ വാദം.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മുമ്പ് വരെ ഇരുപക്ഷവും രൂക്ഷമായ വ്യോമാക്രമണമാണ് പരസ്പരം നടത്തിയത്. 119 ഉക്രെയ‍്നിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവയില്‍ ഭൂരിഭാഗവും ബ്രയാന്‍സ്ക് അതിര്‍ത്തി മേഖലയ്ക്ക് മുകളിലായിരുന്നു.
ഉക്രെയ‍്നില്‍ ഇന്നലെ രാവിലെ വ്യോമാക്രമണ സെെറണുകള്‍ മുഴങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. റഷ്യയും ഉക്രെയ‍്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ട്രംപിനെ കുഴപ്പിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍ റഷ്യ- ഉക്രെയ‍്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തിനാണ് തിരിച്ചടി നേരിട്ടത്.
ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും റഷ്യൻ സൈന്യം ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഉക്രെയ‍്ന്‍ നഗരങ്ങള്‍ ആക്രമിക്കുന്നത് തുടരുന്നതിനാൽ, സമാധാന കരാറിലെത്തുന്നതില്‍ പുടിന്റെ ആത്മാർത്ഥതയെക്കുറിച്ച് സംശയമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ ഉക്രെയ‍്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.