25 January 2026, Sunday

പൊലീസ് വാഹനമിടിച്ച് ടാക്സി ഡ്രെെവര്‍ മരിച്ചു; ഇന്തോനേഷ്യയില്‍ പ്രതിഷേധം കത്തുന്നു

Janayugom Webdesk
ജക്കാര്‍ത്ത
August 30, 2025 9:07 pm

പൊലീസ് വാഹനമിടിച്ച് ടാക്സി ഡ്രെെവര്‍ മരിച്ച സംഭവത്തില്‍ ഇന്തോനേഷ്യയില്‍ പ്രതിഷേധം കടുക്കുന്നു. മകാസറിലെ പ്രവിശ്യാ കൗണ്‍സില്‍ കെട്ടിടം പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാർ ഓഫീസിലേക്ക് ഇരച്ചുകയറി കെട്ടിടത്തിന് തീയിടാൻ ശ്രമിച്ചുവെന്നാണ് മകാസർ സിറ്റി കൗൺസിൽ സെക്രട്ടറി റഹ്മത്ത് മപ്പതോബയുടെ ആരോപണം. മരിച്ചവരില്‍ രണ്ട് പേര്‍ തദ്ദേശ കൗൺസിലിലെ ജീവനക്കാരും മറ്റൊരാൾ സിവിൽ സർവീസുകാരനുമാണ്.
നിയമസഭാംഗങ്ങളുടെ ഭവന അലവൻസ് വര്‍ധിപ്പിക്കുന്നതിനെരെ ആരംഭിച്ച പ്രതിഷേധമാണ് അശാന്തിയില്‍ കലാശിച്ചത്. ജക്കാര്‍ത്തയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് വാഹനമിടിച്ച് 21കാരനായ ടാക്സി ഡ്രെെവര്‍ അഫാൻ കുർണിയവാന്‍ മരിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. ഡ്രൈവർ പൊലീസ് വാഹനം ഇടിച്ചുകയറി കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പശ്ചിമ നുസ തെങ്കാര, പെക്കലോംഗൻ, സിറെബൺ എന്നിവിടങ്ങളിലെ പ്രാദേശിക കൗണ്‍സില്‍ കെട്ടിടങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. കുർണിയാവന്റെ മരണത്തിന് കാരണക്കാരാണെന്ന് ആരോപിച്ച് ജക്കാർത്തയിലെ എലൈറ്റ് മൊബൈൽ ബ്രിഗേഡ് കോർപ് അർദ്ധസൈനിക പൊലീസ് യൂണിറ്റിന്റെ ആസ്ഥാനത്തിന് പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യോഗ്യകാർത്ത, ബന്ദൂങ്, സെമരാങ്, സുരബായ, വടക്കൻ സുമാത്ര പ്രവിശ്യയിലെ മേഡൻ എന്നീ നഗരങ്ങളിലും പ്രകടനങ്ങള്‍ നടന്നു.
പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഉത്തരവിട്ടതായി പൊലീസ് മേധാവി ലിസ്റ്റിയോ സിജിത് പറഞ്ഞു. അഫാൻ കുർണിയവാന്റെ മരണത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും പൊതുജനങ്ങൾ സർക്കാരിൽ വിശ്വസിക്കണമെന്നും സുബിയാന്തോ പറഞ്ഞതിനു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പ്രസ്താവന. ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഏഴ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുബിയാന്തോയുടെ ഭരണകാലത്തെ ഏറ്റവും വലുതും അക്രമാസക്തവുമായ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങളെയും ജീവിതച്ചെലവിനെയും ചൊല്ലി ഇതിനകം തന്നെ ഉയർന്നുവന്നിരുന്ന എതിര്‍പ്പ് ഡ്രൈവറുടെ മരണത്തോടെ കത്തിപ്പടരുകയായിരുന്നുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
580 പാർലമെന്റ് അംഗങ്ങൾക്ക് ശമ്പളത്തിനു പുറമേ 3,000 ഡോളർ പ്രതിമാസം ഭവന അലവൻസ് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഈ അലവൻസ് മിനിമം വേതനത്തിന്റെ ഏകദേശം 10 മടങ്ങും രാജ്യത്തെ ദരിദ്ര പ്രദേശങ്ങളിലെ പ്രതിമാസ മിനിമം വേതനത്തിന്റെ 20 മടങ്ങുമാണ്. പണപ്പെരുപ്പവും ജീവിതച്ചെലവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന എംപിമാര്‍ക്ക് ഇത്രയും കൂടുതല്‍ തുക ഭവന അലവന്‍സ് നല്‍കുന്നതെന്തിനെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.
പണപ്പെരുപ്പ നിരക്കിനനുസരിച്ച് മിനിമം വേതനം വർധിപ്പിക്കണമെന്ന് ദീര്‍ഘകാലമായി വിവിധ സംഘടനകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ സാമ്പത്തിക വളർച്ച എട്ട് ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നും രാജ്യത്ത് വന്‍കിട നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുമെന്നുമായിരുന്നു സുബിയാന്തോയുടെ തെരഞ്ഞെടുപ്പ് വാഗ്‍ദാനം. എന്നാല്‍ ഡൊണാൾഡ് ട്രംപിന്റെ തീരുവകൾ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ സാമ്പത്തിക അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ചൈന കഴിഞ്ഞാൽ ഇന്തോനേഷ്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് യുഎസ്.2025 നും 2027 നും ഇടയിൽ ഇന്തോനേഷ്യയുടെ സമ്പദ്‌വ്യവസ്ഥ ശരാശരി 4.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക് കണക്കാക്കുന്നു , ഇത് സുബിയാന്തോ വാഗ്ദാനം ചെയ്തതിനേക്കാൾ വളരെ താഴെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.