
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കുന്ന ദൗത്യം മൂന്ന് വർഷം പിന്നിടുന്ന വേളയിലാണ് ഈ പുതിയ അതിഥികളുടെ വരവ്. പുതിയ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ കുനോയിലെ ആകെ ചീറ്റകളുടെ എണ്ണം 38 ആയി.
ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളിൽ നിലവിൽ അതിജീവിക്കുന്നവരുടെ എണ്ണം 27 ആണ്. ഇത് ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണ്. ആദ്യ പ്രസവത്തിൽ ഗാമിനി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
ലോകത്തിലെ ആദ്യ ഭൂഖണ്ഡാന്തര കൈമാറ്റ പദ്ധതിയുടെ ഭാഗമായി 2022 സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് ആദ്യഘട്ട ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. തുടർന്ന് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ എത്തിച്ചു. ആകെ 20 ചീറ്റകളെയാണ് വിദേശത്തുനിന്ന് കൊണ്ടുവന്നത്. ഇടക്കാലത്ത് ചില ചീറ്റകൾ ചത്തത് ആശങ്കയുണ്ടാക്കിയെങ്കിലും, പുതിയ കുഞ്ഞുങ്ങളുടെ ജനനം പദ്ധതിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.