18 January 2026, Sunday

കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകൾ

Janayugom Webdesk
കാസർകോട്
July 6, 2025 9:25 pm

ഭാവി സാധ്യതകളിലേക്കും അവസരങ്ങളിലേക്കും വിദ്യാർത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയന വർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിന് കീഴിൽ ബിഎസ്സി (ഓണേഴ്) ബയോളജി, കോമേഴ്സ് ആന്റ് ഇന്റർനാഷണൽ ബിസിനസ് വകുപ്പിന് കീഴിൽ ബികോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വകുപ്പിന് കീഴിൽ ബിസിഎ (ഓണേഴ്സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്. മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് രീതിയിലാണ് നടപ്പിലാക്കുക. ഒന്നാം വർഷം സർട്ടിഫിക്കറ്റും രണ്ടാം വർഷം ഡിപ്ലോമയും മൂന്നാം വർഷം ബിരുദവും നേടാൻ സാധിക്കും. മൂന്ന് വർഷ ബിരുദത്തിന് ശേഷം രണ്ട് വർഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ഒരു വർഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാൽ മതി. ബിരുദാനന്തര ബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷൻ നേടാനും കഴിയുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി അൽഗുർ പറഞ്ഞു. 

വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജി പ്രവേശനത്തിന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ദേശീയ തലത്തിൽ നടത്തിയ പൊതു പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സർവകലാശാലയിലും പ്രവേശനം. പരീക്ഷയിൽ പങ്കെടുത്തവർ സർവകലാശാലയുടെ രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ രജിസ്റ്റർ ചെയ്യണം. തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിൽ ബിഎ ഇന്റർനാഷണൽ റിലേഷൻസ് എന്ന നാല് വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമും സർവകലാശാല നടത്തുന്നുണ്ട്. എൻഇപി 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവകലാശാല നേരത്തെ തന്നെ നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം (ഐടെപ്) ആരംഭിച്ചിരുന്നു. ബിഎസ്‍സി ബിഎഡ് (ഫിസിക്സ്), ബിഎസ്‍സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (എക്കണോമിക്സ്), ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് ഉള്ളത്. 2009ൽ സ്ഥാപിതമായ സർവകലാശാലയിൽ 26 പഠന വകുപ്പുകളുണ്ട്. എല്ലാ വകുപ്പിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമും പിഎച്ച്ഡിയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.