കവികൾക്ക് സാമൂഹ്യവിമർശനം നടത്താനുള്ള ഏറ്റവും ശക്തമായ പ്രതലമാണ് നഗ്നകവിതകൾ. ‘തമ്പുരാൻ ഇടവരമ്പിൽ നിന്നൊന്ന് മാറിനിന്നാലേ മുണ്ടൊന്നു കുടഞ്ഞുടുക്കാൻ കഴിയൂ’ എന്ന് ഞണ്ടിനോടെന്ന പോലെ തമ്പുരാനോടു പാടിപ്പറഞ്ഞ കർഷകത്തൊഴിലാളിപ്പെങ്ങളോളം ഈ വിമർശന കാവ്യപദ്ധതിക്കു ചരിത്രമുണ്ട്. ഓലയും എഴുത്താണിയുമൊക്കെ ഉപയോഗിക്കാൻ കഴിയുമായിരുന്ന കുഞ്ചൻ നമ്പ്യാരിൽ ഈ നഗ്നമാർഗം അതിവിശാലമായിത്തന്നെ കാണാൻ കഴിയും. ഇന്ത്യൻ ഭാഷകളിൽ തെലുങ്കിലാണ് ഈ കാവ്യസരണി വിസ്തൃതി പ്രാപിക്കുന്നത്. ശ്രീശ്രീ മുതൽ കൊണ്ടേപ്പുടി നിർമ്മലയിൽ വരെ ഈ തുറന്ന സമീപനം കാണാം. എന്നാൽ തെലുങ്കിലെ രാഷ്ട്രീയ ദിഗംബരകവിതകളിൽ നിന്നും മലയാളത്തിലെ തുറന്നകവിതകളെ ഭിന്നമാക്കുന്നത് അതിന്റെ വിഷയവൈപുല്യവും ഹ്രസ്വതയുമാണ്. ബയണറ്റ് പോലെയോ വെടിയുണ്ടപോലെയോ ആ ഹ്രസ്വരചനകൾ വർധിച്ച പ്രഹരശേഷി നേടുന്നുണ്ട്. പുനലൂർ ബാലനിലും അയ്യപ്പപ്പണിക്കരിലും കുഞ്ഞുണ്ണിയിലുമൊക്കെ ഈ രചനാവിശേഷം നമുക്ക് ബോധ്യപ്പെടും. അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയ ഒന്നിലധികം നഗ്നകവിതകളുണ്ട്. 24 മണിക്കൂർ കൊണ്ട് 646 ലൈക്കുകൾ നേടുകയും 36 പേരാൽ ഷെയർ ചെയ്യപ്പെടുകയും ചെയ്ത ‘പെലയക്കുരിശ്’ എന്ന കവിതയാണ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അനിൽ മുട്ടാർ എന്ന പുതുകവിയാണ് ഇതെഴുതിയത്. അപ്പൻ ചത്തപ്പോൾ മകൾ ജെസി പള്ളിമേടയിലേക്ക് ഓടിച്ചെല്ലുന്നു. എകെജി കോളനിയിലെ നാലാമത്തെ വീട്ടിലാണ് അവർ താമസിച്ചിരുന്നത്. ജെസിയോട് വിവരങ്ങൾ അന്വേഷിച്ച പള്ളീലച്ചൻ ഇങ്ങനെ അരുളിച്ചെയ്തു: ‘വറീത് പെലേൻ മാർക്കം കൂടിയതല്ലേ, ഈ സെമിത്തേരിയിലല്ല അടക്കേണ്ടത്’. വറീതിന്റെ ശവം ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്ത് കത്തിച്ചു. അതിനു മുമ്പ് ജെസി അപ്പന്റെ കഴുത്തിൽ നിന്നും പെലക്കുരിശെടുത്തുമാറ്റി. ‘വിശന്ന വയറുകൾക്ക് പാതിരിമാർ കൊടുത്ത ഉപ്പുമാവിന്റെ പൊടിക്ക് മതത്തിന്റെ മണമുണ്ടായിരുന്നുവെന്ന് അറിഞ്ഞില്ല’ എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്. ഹിന്ദുമത ദ്രോഹങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ക്രിസ്തുമതം സ്വീകരിച്ച ദളിതർ അനുഭവിച്ച അപമാനവും ദുഃഖവും ഇതിന് മുമ്പും മലയാളകവിതയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പൊയ്കയിൽ അപ്പച്ചന്റെ ഗീതങ്ങളിലും വയലാർ രാമവർമ്മയുടെ ഇത്താപ്പിരി എന്ന കവിതയിലും നമുക്ക് ഈ വിഷയം കാണാവുന്നതാണ്. ഇപ്പോഴും അതുനിലനിൽക്കുന്നു എന്നതാണ് പെലയക്കുരിശ് നമ്മെ ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല സംഗീതവും വ്യവസ്ഥാപിതമായ താളവും ഉപേക്ഷിച്ചാൽ ലഭിക്കുന്ന മൂർച്ചയും ഈ രചന വിളംബരം ചെയ്യുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് 563 ലൈക്കുകൾ ഫേസ്ബുക്കിൽ നേടിയ കവിതയാണ് സി എസ് രാജേഷിന്റെ ‘കവിയൂർ പൊന്നമ്മ’.
പേരങ്ങനെയാണെങ്കിലും ഈ കവിത, മലയാളസിനിമയിലെ ആ അഭിനേത്രിയെ കുറിച്ചുള്ളതല്ല. ആ നടി സിനിമയിൽ ഉപയോഗിക്കാറുള്ള കുലീനമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ള വസ്ത്രധാരണരീതി ഈ കവിതയിലുണ്ട്. ആ ഡ്രസ് കോഡുള്ള ഒരു മമ്മി ബസിൽ കയറിയാൽ അവർക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ കോളജുകാരികൾ വരെ റെഡി. എന്നാൽ സൂര്യൻ കൊണ്ടുനടന്നു പാടത്ത് വളർത്തിയ അമ്മയുടെ സ്ഥിതിയോ? ‘തൂണേൽ പിടി തള്ളേ’ എന്ന പ്രതികരണമാകും ഉണ്ടാവുക! സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന സമീപന വ്യത്യാസത്തെയാണ് ഈ കവിത ചുട്ടുപൊള്ളുന്ന തുറന്ന പ്രതലത്തിൽ അടയാളപ്പെടുത്തിയത്. ഫേസ്ബുക്ക് വായനക്കാരാൽ സ്വീകരിക്കപ്പെട്ട മറ്റൊരു ദിഗംബര സ്വഭാവമുള്ള കവിതയാണ് ‘നഗ്നാസനസ്ഥൻ’. സതീശൻ മോറായിയാണ് കവി. ശരീരമാകെ ചെളിപുരണ്ട് തെരുവിൽ നടക്കുന്ന ഭ്രാന്താവസ്ഥയിലുള്ള ഒരു മനുഷ്യന് ഒരു തൂവാലപോലും ആരും കൊടുക്കുന്നില്ല. എന്നാൽ മേലാകെ ഭസ്മം പുരട്ടിയ ഒരു നഗ്നസന്യാസിയെ കണ്ടപ്പോൾ ആളുകൾ ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിക്കുന്നു! സമൂഹത്തിന്റെ കാരുണ്യമില്ലായ്മയും വർധിച്ചുവരുന്ന അന്ധവിശ്വാസവും കവി വിഷയമാക്കിയിരിക്കുന്നു. പുതിയ കവികൾ സമൂഹത്തെ കാണുന്നില്ലെന്ന വാദം തെറ്റാണ്. അവർ രോഗാവസ്ഥയിലുള്ള സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.