30 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 29, 2025
April 24, 2025
April 18, 2025
April 17, 2025
April 14, 2025
April 13, 2025
April 8, 2025
April 7, 2025
April 6, 2025
April 3, 2025

ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
കൊയിലാണ്ടി
February 15, 2025 6:26 pm

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ സർക്കാർ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അപകടം നടന്ന ക്ഷേത്രപരിസരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടനുസരിച്ച് നാട്ടാന പരിപാലന ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്‌ച സംഭവച്ചിട്ടുണ്ടെന്നും വെടിക്കെട്ട് സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന് ജില്ലാ ഭരണകൂടവും അഭിപ്രായം പ്രകടപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാ​ഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. അപകട മരണത്തിന് പിന്നാലെ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും, അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ കേസുൾപ്പെടെയുള്ള നടപടികളെടുക്കുന്നത് പൂർത്തിയാക്കിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരം ക്ഷേത്രം ഭരണസമിതി നല്‍കണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര ഭാരവാഹികൾ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമല്ലെങ്കിലും നഷ്ടപരിഹാരം ക്ഷേത്രങ്ങൾതന്നെ നൽകുന്ന കീഴ്വഴക്കമാണ് ഇവിടെയുള്ളത്. അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാട്. പരിക്കേറ്റവരുടെ കാര്യത്തിൽ ക്ഷേത്ര ഭാരവാഹികൾ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ മരിച്ചവരുടെ വീട്ടുകാരുടെ ദുഖത്തിൽ താനും സർക്കാരും പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച് പിന്നീട് ആലോചിക്കും. മറ്റു കാര്യങ്ങൾ മന്ത്രിതലത്തിൽ ആലോചിച്ച് തീരുമാനിക്കും. നിലവിൽ കോടതി നിർദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അന്വേഷണത്തിനൊടുവിൽ കുറ്റവാളികളെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായി സംസാരിച്ച ശേഷം അപകടത്തിൽ മരണപ്പെട്ട മൂന്നുപേരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയിൽ രാജൻ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. ക്ഷേത്രത്തിലെ തകർന്ന കെട്ടിടവും ക്ഷേത്ര പരിസരവും മന്ത്രി സന്ദർശിച്ചു. മന്ത്രിയ്ക്കൊപ്പം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി എം കോയ, നഗരസഭ കൗൺസിലർമാരായ സി പ്രഭ, പി ബി ബിന്ദു എന്നിവരുമുണ്ടായിരുന്നു. മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഉണ്ടായിരുന്നു ഇത് റദ്ദാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തില്‍ കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് ഒരാഴ്ചത്തേക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.