തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരദേശ റോഡിലെ യാത്ര ദുരിതത്തിന് പരിഹാരമായി. റീ ടാറിങിനു മുന്നോടിയായുളള വൃത്തിയാക്കൽ ജോലികൾ തുടങ്ങി. കാലാവസ്ഥയും മറ്റും അനുകൂലമായാൽ അടുത്തയാഴ്ചയോടെ ടാറിങ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
തകർന്നു കിടന്നിരുന്ന റോഡിന്റെ റീ ടാറിങ് ഉടൻ തുടങ്ങുമെന്ന് പറയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും ജോലികൾ നീണ്ടുപോകുകയായിരുന്നു. ഇതുമൂലം കടുത്ത ദുരിതമാണ് നാട്ടുകാരും യാത്രക്കാരും അനുഭവിച്ചുവന്നിരുന്നത്. അപകടങ്ങളും റോഡിൽ പതിവായിരുന്നു.
തൃക്കുന്നപ്പുഴ മുതൽ ആറാട്ടുപുഴ വരെ അഞ്ചര കിലോമീറ്റർ ദൂരം പുനർ നിർമാണം നടത്താനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ജോലികൾ ഭാഗികമായി മാത്രമാണ് നടന്നത്. തൃക്കുന്നപ്പുഴ മുതൽ പതിയാങ്കരക്ക് തെക്കുഭാഗം വരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരം മാത്രമാണ് പ്രവൃത്തികൾ പൂർത്തീകരിക്കാനായത്. ബാക്കിയുളള ആറാട്ടുപുഴ വരെ മൂന്നു കിലോമീറ്ററോളം തകർന്നു കിടക്കുകയായിരുന്നു.
ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടു വർഷത്തിലേറെയായി നടക്കുന്ന പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് അധികഭാരം വഹിച്ചുള്ള വാഹനങ്ങൾ റോഡിലൂടെ തലങ്ങും വിലങ്ങുമാണ് ഓടുന്നത്. കാലപ്പഴക്കം ചെന്ന റോഡിന്റെ തകർച്ച ഇതുമൂലം വേഗത്തിലായി. റോഡു മുഴുവനും ചെറുതും വലുതുമായ കുഴികളാണ്. കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വലിയഴീക്കൽ പാലം യാഥാർഥ്യമായതോടെ ഈ പ്രദേശം പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറി. ഇക്കാരണത്താൽ റോഡിലെ തിരക്കേറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.