21 June 2024, Friday

Related news

June 15, 2024
June 14, 2024
June 12, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024

തൃശൂർ ഡിസിസിയിൽ കയ്യാങ്കളി; ഓഫിസ് സെക്രട്ടറിക്ക് മർദ്ദനം

സ്വന്തം ലേഖിക
തൃശൂര്‍
June 7, 2024 7:26 pm

ലോക് സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്‌. ഇന്ന് വൈകിട്ട്‌ നടന്ന
യോ​ഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുയായികളും ചേർന്ന്‌ മർദ്ദിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് കൂട്ടയടിയിൽ കലാശിച്ചത്. കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന സജീവൻ കുരിയച്ചിറയും അനുകൂലികളും ഡിസിസി ഓഫിസിൽ എത്തിയപ്പോൾ പ്രസിഡന്റ് ജോസ് വള്ളൂരും അനുയായികളും പിടിച്ച് തള്ളിയെന്നും മർദിച്ചുവെന്നുമാണ് ആക്ഷേപം.

മർദ്ദനമേറ്റ സജീവൻ പൊട്ടിക്കരയുകയും ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. ഓഫീസിന്റെ താഴത്തെ നിലയില്‍ സജീവന്‍ കുരിയച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു കെ മുരളീധരന്‍ അനുകൂലികള്‍. തുടർന്ന് ഇവരും ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിൽ വാഗ്വാദമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ദയനീയ തോൽവിക്ക് ശേഷം ജില്ലയിൽ കോൺഗ്രസിൽ പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നേതാക്കൾക്കെതിരെ തുടരുന്ന പോസ്റ്റർ യുദ്ധമുൾപ്പെടെ പല രീതിയിൽ പ്രകടമാവുന്ന പ്രതിഷേധത്തിനിടെയാണ് ഇന്നലത്തെ കൂട്ടത്തല്ല്.
പൊട്ടിത്തെറി രൂക്ഷമായതോടെ തുടർച്ചയായ മൂന്നാം ദിനവും ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, എംപി വിൻസന്റ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.

കെ മുരളീധരന്റെ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും അനിൽ അക്കര മുക്കി, പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എം പി വിൻസെന്റ് ഒറ്റുകാരൻ’ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ ഓഫീസിന് മുന്നിൽ പതിച്ചത്. ടി എൻ പ്രതാപന് ഇനി ഒരു വാർഡിൽ പോലും സീറ്റ് നൽകരുതെന്നും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം പതിച്ചത്. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഭിന്നിപ്പ് രൂക്ഷമായത്. നേതൃത്വത്തിനെതിരെ മുരളീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. തന്റെ പ്രചാരണത്തിനായി മുതിർന്ന നേതാക്കൾ ആരും തന്നെ എത്തിയില്ലെന്നും സംഘടനാ തലത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടന്നില്ലെന്നുമുള്ള ആരോപണങ്ങൾ മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു.

Eng­lish Sum­ma­ry: Thris­sur DCC con­flict; Office sec­re­tary assaulted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.