23 January 2026, Friday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

ക്യാപ്റ്റന്റെ ഗോളിൽ കാലിക്കറ്റിനെ തകർത്ത് തൃശൂർ മാജിക് എഫ് സി

Janayugom Webdesk
കോഴിക്കോട്
October 11, 2025 10:05 pm

സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഗോളാണ് ആതിഥേയരായ കാലിക്കറ്റ്‌ എഫ് സിക്കെതിരെ തൃശൂർ മാജിക് എഫ് സിക്ക് ജയമൊരുക്കിയത്. രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്. ഇ എം എസ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ അർജന്റീനക്കാരൻ ഹെർനാൻ ബോസോ മധ്യനിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ഇരുപത് മിനിറ്റിനിടെ ഗോൾ മണമുള്ള ഒരു നീക്കം പോലും കാലിക്കറ്റ്‌ എഫ് സിക്ക് നടത്താൻ കഴിഞ്ഞില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് അപകടകരമാംവിധം തൃശൂരിന്റെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ സന്ദർശക ടീമിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ പന്ത് തട്ടിത്തെറിപ്പിച്ചു. മത്സരത്തിൽ ഗോളിന് അടുത്തെത്തിയ ആദ്യ നീക്കവും ഇതായിരുന്നു. 

ഇരുപത്തിയെട്ടാം മിനിറ്റിൽ വലതു വിങിലൂടെ എത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ തൃശൂരിന്റെ പരിചയസമ്പന്നനായ മാർക്കസ് ജോസഫ് അടിച്ചത് ലക്ഷ്യം കണ്ടില്ല. മുപ്പത്തിയാറാം മിനിറ്റിൽ തൃശൂരിന്റെ ഗോൾ. എസ് കെ ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ക്യാപ്റ്റൻ ബ്രസീലുകാരൻ മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ കാലിക്കറ്റ്‌ പോസ്റ്റിൽ എത്തിച്ചു (1–0). പന്ത് ജഴ്സിക്കുള്ളിൽ വെച്ചാണ് പ്രതിരോധഭടൻ ഗോൾ ആഘോഷിച്ചത്. തൊട്ടുപിന്നാലെ ഘാനക്കാരൻ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൽ കിക്ക് കാലിക്കറ്റ്‌ പോസ്റ്റിലേക്ക് വന്നെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ആദ്യപകുതി അവസാനിക്കാനിരി ക്കെ തൃശൂരിന്റെ എസ് കെ ഫയാസിന് പരുക്കൻ അടവിന് മഞ്ഞക്കാർഡ് ലഭിച്ചു. 

രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ്‌ ആക്രമണത്തിൽ സഹായിക്കാൻ അനികേത് യാദവിനെ കൊണ്ടുവന്നു. നാൽപ്പത്തിയേഴാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ കൊളംബിയക്കാരൻ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇവാൻ മാർക്കോവിച്ചിന് പകരം ഉമാശങ്കറിനും ഫയാസിന് പകരം ഫൈസൽ അലിക്കും തൃശൂർ അവസരം നൽകി. സച്ചു, അജ്സൽ, അരുൺ കുമാർ എന്നിവരെയിറക്കി കാലിക്കറ്റ്‌ സമനിലക്ക് പൊരുതി നോക്കി. എന്നാൽ തൃശൂർ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി സമയത്ത് തൃശൂരിന് ഫ്രാൻസിസ് അഡോയിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ന് (ഒക്ടോബർ 12) മലപ്പുറം എഫ് സി, കണ്ണൂർ വാരിയേഴ്‌സ് എഫ് സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയം നേടിയിരുന്നു. മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ് സിയെയും കണ്ണൂർ വാരിയേഴ്‌സ്, തിരുവനന്തപുരം കൊമ്പൻസിനെയുമാണ് തോൽപ്പിച്ചിരുന്നത്. ഇന്ന് ജയിക്കുന്നവർക്ക് ടേബിളിൽ ഒന്നാം സ്ഥാനം നേടാം.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.