കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അയല്‍ ജില്ലയായ പാലക്കാടിനെ ഒരു പോയിന്റിന് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പ് അക്കൗണ്ടിലാക്കിയത്. 1008 പോയിന്റാണ് തൃശൂരിനുള്ളത്, പാലക്കാടിന് 1007ഉം. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ 1003 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം വരെ കപ്പടിക്കാൻ മുന്നിലുണ്ടായിരുന്ന കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളെ ഞെട്ടിക്കുന്ന പ്രകടനമാണ് അവസാന നിമിഷം തൃശൂര്‍ കാഴ്ചവച്ചത്. ഹൈസ്കൂള്‍ വിഭാഗത്തിൽ പാലക്കാടും തൃശൂരും 482 പോയിന്റു വീതം നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു പോയിന്റ് (526) കൂടുതല്‍ നേടി തൃശൂര്‍ ചാമ്പ്യന്മാരായി.
1999ലാണ് ഇതിനുമുമ്പ് തൃശൂര്‍ കപ്പടിച്ചത്. ഇന്നലെ ശ്രീപദ്മനാഭന്റെ മണ്ണിൽ നടന്നത് ആറാമത്തെ കിരീടധാരണവും. പ്രധാന വേദിയായ എം ടി-നിള (സെൻട്രൽ സ്റ്റേഡിയം) യിലെ ആഘോഷ വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തൃശൂരിന് സ്വർണക്കപ്പ് സമ്മാനിച്ചു. സ്വർണക്കപ്പ് രൂപകല്പന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെ സാക്ഷിനിറുത്തി തൃശൂർ കപ്പുയര്‍ത്തിയപ്പോള്‍ പിറന്നത് മറ്റൊരു ചരിത്രവും. സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ് എസ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ കാസർകോട്, മലപ്പുറം, ജില്ലകൾ 95 പോയിന്റു വീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തിൽ 95 പോയിന്റ് വീതം നേടിയ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് ഒന്നാം സ്ഥാനം നേടിയത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന് മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സ്കൂൾ കലോത്സവമെന്ന് അദ്ദേഹം പറഞ്ഞു. പരാതികള്‍ക്കിടയില്ലാതെ കലോത്സവം സംഘടിപ്പിച്ചതിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയും വിദ്യാഭ്യാസ വകുപ്പിനെയും സതീശൻ അഭിനന്ദിച്ചു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായ ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. യുവസിനിമാ താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായി. എ ഗ്രേഡ് ലഭിക്കുന്നവർക്ക് നൽകുന്ന ആയിരം രൂപയുടെ കലോത്സവ സ്കോളർഷിപ് 1500 രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങില്‍ പ്രഖ്യാപിച്ചു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, ഡോ. ആർ ബിന്ദു, എ എ റഹിം എംപി, എംഎൽഎമാരായ ആന്റണി രാജു, വി ശശി, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ജി സ്റ്റീഫൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.