13 January 2026, Tuesday

Related news

January 8, 2026
January 7, 2026
December 31, 2025
December 27, 2025
December 25, 2025
December 22, 2025
December 16, 2025
December 16, 2025
December 8, 2025
December 8, 2025

തൃശൂരിന്റെ കാർബണിക രക്ഷാകവചം

ബിനോയ് ജോർജ് പി
October 24, 2025 9:38 pm

തൃശൂരിൽ നിന്നും ബൃഹദ് പദ്ധതിയായി പുത്തൂരിലെ സുവോളജിക്കൽ പാർക്കായി മൃഗശാല മാറുമ്പോൾ 14.07 ഏക്കർ ഭൂമിയാണ് നഗരത്തിന് നടുവിൽ ലഭിക്കുന്നത്. ഇതിൽ 10.43 ഏക്കർ ഭൂമി അമൂല്യമായ ജൈവ സമ്പത്താണെന്നും ഇവിടം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കണമെന്നുമാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള വിദഗ്ധരുടെ നിർദേശം. തൃശൂരിലെ പച്ചത്തുരുത്ത് പഠന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പഠനവും അക്കാദമിക് ശില്പശാലയും ഈ 10 ഏക്കറിലേറെ വരുന്ന ജൈവ സമ്പത്ത് നഗരത്തിന് നൽകുന്ന നേട്ടങ്ങളെ അക്കമിട്ടു നിരത്തുന്നുണ്ട്. വായു ഗുണനിലവാരത്തിലും ജല ലഭ്യതയിലും നഗരത്തെ കാത്തു രക്ഷിക്കുന്നതിന്റെ പ്രധാന പങ്ക് ഈ ജൈവ സമ്പത്താണ് വഹിക്കുന്നത്. ഇവിടെയുള്ള വൃക്ഷ‑സസ്യലതാദികളെയും പക്ഷി-ചിത്രശലഭങ്ങളെയുമെല്ലാം സൂക്ഷമമായി കണക്കെടുത്ത് അടയാളപ്പെടുത്തിയ തൃശൂർ കാർഷിക സർവകലാശാല ഫോറസ്ട്രി കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും മറ്റു വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് നഗരത്തിലെ ചെമ്പുക്കാവിലുള്ള മൃഗശാല ഭൂമിയുടെ സവിശേഷ പ്രാധാന്യം പഠനത്തിലൂടെ തിരിച്ചറിഞ്ഞത്. ഈ പച്ചത്തുരുത്ത് നഗരത്തിന്റെ കാർബണിക രക്ഷാകവചമാണ്. 

10.43 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ജൈവവൈവിധ്യത്തിന്റെ 947.49 ടൺ ബയോമാസിൽ കേന്ദ്രീകരിക്കുന്ന കാർബൺ 445.32 ടണ്ണും അതിന്റെ കാർബൺ ഡൈ ഓക്സൈഡ് തുല്യത 1634.35 ടണ്ണും ആണ്. അതായത് അന്തരീക്ഷത്തിലെ 1634.35 ടൺ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് 445.32 ടൺ കാർബൺ ശേഖരണമാണ് ഇവിടത്തെ വൃക്ഷലതാദികൾ നടത്തിയിട്ടുള്ളത്. നഗരത്തിൽ പുറന്തള്ളപ്പെടുന്ന മലിന വായുവിനെ വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിട്ട് ശുദ്ധീകരിക്കുന്ന ശ്വാസകോശമായി ഈ പച്ചത്തുരുത്ത് വർത്തിക്കുന്നു. വൃക്ഷ നിബിഡമായ ഒരു ഹെക്ടർ പച്ചത്തുരുത്തിന് ഒരു മണിക്കൂറിൽ 273 മില്ലീമീറ്റർ മഴയെ മണ്ണിനടിയിലേക്ക് ആഗിരണം ചെയ്യാനാകും. ഒരുചതുരശ്ര മീറ്ററിൽ ഒരു ലിറ്റർ എന്ന തോതിൽ ഒരേക്കറിൽ 11 ലക്ഷം ലിറ്ററും 10. 43 ഏക്കറിൽ ഒരു കോടി 15 ലക്ഷം ലിറ്റർ വെള്ളവും ഒരു മണിക്കൂറിൽ ആഗിരണം ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം കുടിവെള്ളത്തിന് ഉപയോഗിക്കുന്ന വടക്കേച്ചിറ ഉൾപ്പെടെയുള്ള നഗരത്തിലെ ജലാശയങ്ങളിൽ എത്തുകയും ഭൂഗർഭജല സ്രോതസുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. വായു ശുദ്ധീകരണം, ശബ്ദമലിനീകരണ നിയന്ത്രണം, നഗരത്തിന്റെ ചുട്ട് പൊള്ളൽ ഒഴിവാക്കൽ, മഴ വെള്ള സംഭരണം എന്നീ തലങ്ങളിൽ ഒരു ഹെക്ടർ പച്ചത്തുരുത്ത് പ്രതിവർഷം 12 കോടി രൂപയ്ക്ക് തുല്യമായ പാരിസ്ഥിതിക സേവനങ്ങളാണ് നൽകുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അപ്പോള്‍ 4.22 ഹെക്ടർ വരുന്ന ഇവിടെ നിന്നും ഏറ്റവും ചുരുങ്ങിയത് 50. 64 കോടി രൂപയ്ക്ക് തുല്യമായ പാരിസ്ഥിതിക സേവനങ്ങളാണ് ലഭിക്കുന്നത്. വായു ഗുണ നിലവാരത്തിന്റെ കാര്യത്തിൽ (എയർ ക്വളിറ്റി ഇൻഡക്സ് ) കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള നഗരവും ഇന്ത്യയിൽ നാലാം സ്ഥാനത്തുള്ള നഗരവും തൃശൂരാണെന്നും ഇവർ ഓർമ്മപ്പെടുത്തുന്നു. 

1913ൽ ചെമ്പുക്കാവിൽ പ്രവർത്തനം ആരംഭിച്ച മൃഗശാല‑മ്യൂസിയം ഭൂമി 106 ഇനം വൃക്ഷങ്ങളാലും കുറ്റിച്ചെടികളാലും സമ്പന്നമാണ്. 10 ഇനം മറ്റു സസ്യങ്ങളും 36 ഇനം അലങ്കാര സസ്യങ്ങളും വേറെയുമുണ്ട്. ഇവിടെ 57 ഇനം പക്ഷികളുണ്ട്. ഇവയിൽ നഗരപ്രദേശങ്ങളിൽ ഒരിക്കലും കാണാൻ കഴിയാത്ത നാട്ടു വേഴാമ്പൽ, തത്തച്ചിന്നൻ ദേശാടന പക്ഷികൾ എന്നിവയുമുണ്ട്. 25 ഇനം തുമ്പികളും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം ഉൾപ്പെടെ 30 ഇനം ചിത്രശലഭങ്ങളുമുണ്ട്. വൃക്ഷങ്ങളിൽ വംശനാശം സംഭവിച്ച ശിംശിപ വൃക്ഷവും വംശനാശ ഭീഷണി നേരിടുന്ന ഊത്, ചെറുകൂരി, രക്തചന്ദനം, ഈന്ത് എന്നിവയുമുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഇനങ്ങളും അപൂർവമായുള്ള മറ്റു വൃക്ഷങ്ങളും വേറെയും ഇവിടെയുണ്ട്. ആകെ അയ്യായിരത്തോളം വൃക്ഷങ്ങളാണ് ഈ ഭൂമിയിൽ വിവിധ ഇനങ്ങളിലായുള്ളത്. തൃശൂർ നഗരത്തിന്റെ ശ്വാസകോശമായി പഠന സംഘം വിശേഷിപ്പിക്കുന്ന ഈ പച്ചത്തുരുത്തിനെ ജൈവോദ്യാനമായി (ബൊട്ടാണിക്കൽ ഗാർഡൻ) നിലനിർത്തി സംരക്ഷിക്കണമെന്നാണ് പഠന കൂട്ടായ്മയുടെ ആദ്യ നിർദേശം. പുത്തൂരിലെ സുവോളജിക്കൽ പാർക്കിനെ ബോധവല്‍ക്കരണ കേന്ദ്രമായി മാറ്റുക, ഇവിടെത്തെ മ്യൂസിയം നിലനിർത്തുക, ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റായും പരിസ്ഥിതി ബോധവല്‍ക്കരണ കേന്ദ്രമായും ജൈവസസ്യ ഉദ്യാനത്തിന്റെ പ്രാക്ടിക്കൽ ലാബായും പ്രയോജനപ്പെടുത്തുക, ബോട്ടണി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് കേന്ദ്രമാക്കി വികസിപ്പിക്കുക, നിലവിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സുവോളജി വിദ്യാർത്ഥികൾക്ക് സഹായകരമാകും വിധം വിപുലപ്പെടുത്തുക, ബോട്ടണി-സുവോളജി വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ ഒരിടമായി മ്യൂസിയത്തെ മാറ്റുക, ഇവിടെ ഒരു തുറന്ന വ്യായാമ കേന്ദ്രം ആരംഭിക്കുക, പൈതൃക മന്ദിരങ്ങൾ അതേപോലെ സംരക്ഷിക്കുക, നിലവിലുള്ള ഹാളുകളെ പല വലുപ്പത്തിലുള്ള പ്രദർശന സമ്മേളന കേന്ദ്രങ്ങളാക്കുക, മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കടന്നുവരാവുന്ന പൊതു ഇടമാക്കാം, നിലവിലുള്ള ചിൽഡ്രൻസ് പാർക്ക് വിപുലീകരിക്കുക തുടങ്ങിയവയാണ് വിദഗ്ധരുടെ നിർദേശങ്ങൾ.
പഠനത്തെ അധികരിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ അക്കാദമിക് ശില്പശാലയിൽ ശാസ്ത്രജ്ഞർ, അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ചർച്ച ചെയ്തതിൽ നിന്നും ക്രോഡീകരിച്ച നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് മ്യൂസിയം ഉൾപ്പെടെയുള്ള ഈ 10 എക്കറിൽ അധികം വരുന്ന പ്രദേശത്തെ വികസിപ്പിച്ച് വിവിധ തരത്തിൽ ഉപയുക്തമാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ട് വച്ചിട്ടുള്ളത്. അപ്പോഴും നിലവിലുള്ള ജൈവസമ്പത്തിനെ ഒരു കാരണവശാലും ദോഷം ചെയ്യാത്ത തരത്തിലുള്ളവയാകണമെന്നും അടിവരയിട്ടു പറയുന്നു. ആകെയുള്ള 14.07 ഏക്കർ ഭൂമിയുടെ ഉടമസ്ഥർ റവന്യുവകുപ്പാണ്. അതുകൊണ്ടു തന്നെ വകുപ്പ്മന്ത്രി കെ രാജന് ഇതു സംബന്ധിച്ച് വിശദമായ നിവേദനം നൽകിയിട്ടുണ്ടെന്ന് പച്ചത്തുരുത്ത് പഠനകൂട്ടായ്മ കൺവീനർ വൈ അച്യുതപ്രസാദും ഡോ. കെ വിദ്യാസാഗറും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.