2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 31, 2024
April 12, 2024
April 11, 2024
April 10, 2024
April 4, 2024
June 30, 2023
June 6, 2023
May 23, 2023
May 21, 2023
May 18, 2023

കേരളാ സ്റ്റോറിയിലൂടെ ചിലര്‍ ശ്രമിക്കുന്നത് ഇന്ത്യയിലും വെറുപ്പ് വിതച്ച് വിഭജനം കൊയ്തെടുക്കാൻ: താമരശ്ശേരി രൂപതാ വൈദികൻ

Janayugom Webdesk
കോഴിക്കോട്
April 11, 2024 6:36 pm

കേരളത്തെ അവഹേളിക്കുകയും മുസ്ലീം സമുദായത്തിനെതിരെ വ്യാജ വാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനുള്ള താമരശ്ശേരി രൂപതയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി രൂപതാ വൈദികൻ ഫാ. അജി പുതിയാപറമ്പിൽ. സഭാ നേതൃത്വത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനായി ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത യുവ പുരോഹിതൻ ശക്തമായ ഭാഷയിലാണ് സഭാ നേതൃത്വത്തെ വിമർശിക്കുന്നത്. ക്രൈസ്തവർ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ക്രൈസ്തവത ഉണ്ടാവണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം ഫേസ് ബുക്കിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
മനുഷ്യ ഹൃദയം വയലുകൾക്ക് തുല്യമെന്നാണ് വിതക്കാരന്റെ ഉപമയിൽ യേശു പറയുന്നതെന്ന് ഫാ. അജി പറയുന്നു. വിവിധ തരത്തിലുള്ള വയലുകളിൽ, നല്ല വിത്ത് മാത്രം വിതയ്ക്കുന്ന ദൈവത്തെയാണ് ഈ ഉപമയിൽ കാണുന്നത്. വിളവ് എങ്ങനെയുമാകട്ടെ, വിതയ്ക്കുന്നത് നല്ല വിത്താകണം എന്ന കാര്യത്തിൽ ദൈവത്തിന് നിർബന്ധമുണ്ട്. ഇന്ന് മനുഷ്യ ഹൃദയങ്ങളിൽ ഏറ്റവുമധികം വിതയ്ക്കപ്പെടുന്ന വിത്ത് വെറുപ്പാണ്. വേഗത്തിൽ വളരുകയും അളവറ്റ വിളവ് നൽകുകയും ചെയ്യുന്ന വിഷ വിത്താണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

പണ്ട് ക്രിസ്ത്യാനികളോടുള്ള വെറുപ്പിനെ ജനങ്ങളിൽ ആളിക്കത്തിക്കാൻ സ്വന്തം നഗരത്തിന് തീവെച്ചത് റോമിലെ നീറോ ചക്രവർത്തിയായിരുന്നു. യഹൂദരോടുള്ള വെറുപ്പിനെ ജർമ്മൻ മനസുകളിൽ വിതച്ച് മരണത്തിന്റെ കൊയ്തുകാരനായ ഹിറ്റ് ലറും മറ്റനവധി ഏകാധിപതികളും രാഷ്ട്രീയ ഭൂമികയിൽ വിളവെടുപ്പ് നടത്തിയതും ഇതേ വിഷവിത്ത് ഉപയോഗിച്ചാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും വെറുപ്പ് വിതച്ച് വിഭജനം കൊയ്തെടുക്കുന്ന നിരവധി രാഷ്ട്രീയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഗോദ്രയും മണിപ്പൂരുമെല്ലാം അതിന്റെ നഴ്സറികൾ മാത്രമായിരുന്നു. ഇന്ത്യയിൽ വിഭജന രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ ആദ്യം പാകിയത് സംഘ രാഷ്ട്രീയമായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളും ഇതേ വിത്ത് വിതച്ചു. കുറച്ച് മതപുരോഹിതൻമാർ അതിന് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം അന്യമായിരുന്ന ക്രൈസ്തവ സമൂഹത്തിലും അടുത്ത കാലത്തായി ചില ഗ്രൂപ്പുകൾ ഇത്തരം വിഷവിത്തുകളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഏതാനും ക്രൈസ്തവ പുരോഹിതൻമാർ അവരുടെ പങ്കുകൃഷിക്കാരായി. ആ കൂട്ടുകൃഷി കേരളത്തിലെ ക്രൈസ്തവ മനസുകളിലും വിളയുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

കേരള സ്റ്റോറി എന്ന സിനിമ 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും കാണാനും ആ പ്രായത്തിലുള്ളവരെ കാണിക്കാനും സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ അത് മറ്റൊരു സമുദായത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുകയും അതുവഴി വെറുപ്പിന്റെ വ്യാപനത്തിന് കാരണമാകുകയും ചെയ്യുന്നെങ്കിൽ അത് വേണ്ടെന്ന് വയ്ക്കുന്നതാണ് ക്രിസ്തീയത. അതാണ് വിവേകം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ സാമുദായിക സ്പർദ്ദയുടെ ഇരുട്ട് സംഭാവന ചെയ്തവരിൽ ക്രൈസ്തവരും ഉണ്ട് എന്ന ദുഷ്കീർത്തി നാം സമ്പാദിക്കണോ എന്നും ഫാ: അജി പുതിയാപറമ്പിൽ ചോദിക്കുന്നു. സഭാ നേതൃത്വത്തെ വിമർശിച്ച ഫാ. അജി പുതിയാപറമ്പിലിനെ വിചാരണ ചെയ്യാൻ രൂപത മത കോടതി രൂപീകരിച്ചത് അടുത്തിടെ വലിയ വിവാദമായിരുന്നു. വിശ്വാസികളോട് കലാപത്തിന് ആഹ്വാനം ചെയ്തു, സീറോ മലബാർ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളിലായിരുന്നു വിചാരണ.

Eng­lish Sum­ma­ry: Through the Ker­ala sto­ry, some are try­ing to sow hatred and reap divi­sion in India too: Priest of Thama­rassery Diocese

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.