തൃശൂർ: ടിക്കറ്റില്ലാതെ കയറിയ അന്യസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. സതേൺ റെയിൽവേ എറണാകുളം ഡിപ്പോയിലെ ടിടിഇ എറണാകുളം സ്വദേശി കെ വിനോദ് (43) ആണ് മറ്റൊരു തീവണ്ടി കയറി മരിച്ചത്. വൈകിട്ട് ഏഴു മണിയോടെ തൃശൂർ മുളങ്കുന്നത്തുകാവിനടുത്ത് വെളപ്പായയിലാണ് സംഭവം.
എറണാകുളത്ത് നിന്ന് വൈകിട്ട് 5.20 ന് പുറപ്പെട്ട എറണാകുളം- പട്ന എക്സ‌്പ്രസിലെ എസ് 11 കോച്ചിലെ ടിടിഇ ആയിരുന്നു വിനോദ്. പ്രതി രജനീകാന്ത് എന്ന ഭിന്നശേഷിക്കാരനെ പാലക്കാട് സ്റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ഉൾപ്പെടെ 20 ഓളം പേരടങ്ങുന്ന ഒരു സംഘം ടിക്കറ്റെടുക്കാതെ കോച്ചിൽ കയറി. റിസർവ് ചെയ്ത യാത്രക്കാർ ഉൾപ്പെടെയുളളവരെ ഇവർ ശല്യപ്പെടുത്തി. ഈ സമയത്താണ് ടിക്കറ്റ് പരിശോധനയ്ക്ക് വിനോദ് എത്തിയത്. ഇദ്ദേഹവുമായി പ്രതിയും കൂട്ടരും തർക്കത്തിൽ ഏർപ്പെടുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. 40 മിനിറ്റിനകം തീവണ്ടി പാലക്കാട് ജങ്ഷനിൽ എത്തുമെന്ന് ഒപ്പമുണ്ടായിരുന്നവരും മറ്റു ടിടിമാരും പറഞ്ഞതിനെത്തുടർന്ന് പ്രതിയെ യാത്രക്കാർ തടഞ്ഞു വച്ച് പാലക്കാട് ജങ്ഷനിൽ പൊലീസിന് കൈമാറുകയായിരുന്നു. പാലക്കാട് നിന്ന് പട്‌ന എക്സ‌്പ്രസ് ഒരു മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്.
മരിച്ച വിനോദ് തിരുവനന്തപുരം ഡിപ്പോയിൽ ഒരു വർഷം മുമ്പാണ് ജോലിക്ക് ചേർന്നത്. ടിക്കറ്റ് പരിശോധന സ്ക്വാഡിലായിരുന്ന ഇദ്ദേഹം രണ്ട് മാസം മുമ്പാണ് സ്ലീപ്പർ കോച്ചുകളിൽ പരിശോധനാ ഡ്യൂട്ടിക്ക് ചേർന്നത്. ഇടപ്പള്ളിയിൽ രണ്ട് മാസം മുമ്പാണ് പുതിയ വീട് വച്ച് താമസം മാറിയത്. മൃതദേഹം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതിയെ തൃശൂർ ആർപിഎഫിന് കൈമാറി.
English Summary: Ticket asked: TTE ki lled by passenger in Thrissur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.