22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 21, 2023
June 23, 2023
June 23, 2023
February 13, 2023
February 3, 2023
January 29, 2023
January 14, 2023
November 1, 2022
October 22, 2022
October 7, 2022

വയനാട്ടിലെ കടുവ കൂട്ടില്‍

സ്വന്തം ലേഖകന്‍
കല്‍പറ്റ
January 14, 2023 11:09 pm

വയനാട്ടിനെ ദിവസങ്ങളായി വിറപ്പിച്ച കൊലയാളി കടുവ ഒടുവില്‍ കൂട്ടിലായി. പുതുശേരി നരിക്കുന്നിലെ പള്ളിപ്പുറത്ത് തോമസ് എന്ന കര്‍ഷകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കടുവയെ പുതുശേരിയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ദൂരത്തുള്ള കുപ്പാടിത്തറ നടമ്മല്‍ ജുമാമസ്ജിദിന് സമീപത്തുവച്ച് ശനിയാഴ്ച ഉച്ചയോടെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. കൂട്ടിലാക്കിയ കടുവയെ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്നുദിവസങ്ങളായി വയനാട് മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടുന്നതിനായി വ്യാഴാഴ്ച മുതല്‍ കുങ്കിയാനയുടെ ഉള്‍പ്പെടെ സഹായത്തോടെ ദൗത്യസംഘം പുതുശേരിയിലെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന് ആറുകിലോമീറ്റര്‍ അകലെയായുള്ള കുപ്പാടിത്തറ നടമ്മലില്‍ ശനിയാഴ്ച രാവിലെ കടുവയെ നാട്ടുകാര്‍ കണ്ടെത്തി. കേളോത്ത് മൊയ്തുവും ഭാര്യ ജമീലയും തോട്ടത്തില്‍ കാപ്പിപറിക്കുന്നതിനിടെ കടുവ ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് തിരിഞ്ഞോടിയ കടുവ സമീപത്തെ കാഞ്ഞായി ഇബ്രാഹിമിന്റെ വാഴത്തോട്ടത്തില്‍ കയറി. 

പടിഞ്ഞാറത്തറ പൊലീസും വനം ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. പുതുശേരിയില്‍നിന്ന് വനം ആര്‍ആര്‍ടി സംഘം എത്തി കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. 11.30 ഓടെ ദൗത്യസംഘം വാഴത്തോട്ടം വളഞ്ഞു. കൂടുവച്ച് പിടികൂടാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മയക്കുവെടിവച്ച് പിടികൂടാനുള്ള അനുമതി 12 മണിക്കു ശേഷമാണ് ലഭിച്ചത്. തുടര്‍ന്ന് 12.40ഓടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ഒരു തവണ മയക്കുവെടിവച്ചു. കടുവയുടെ ഇടതുപിന്‍കാലിലാണ് വെടിയേറ്റത്. ഇതോടെ കടുവ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്തു. കടുവയെ തുരത്താന്‍ ആറ് റൗണ്ട് നിലത്തേക്ക് വെടിയുതിര്‍ത്തു. ഭയന്നോടിയ കടുവ കുന്നിനു മറുവശത്തെ നടമ്മല്‍ ജുമാമസ്ജിദിനടുത്ത തോട്ടത്തിലെത്തി. പൂര്‍ണമായും മയങ്ങാത്തതിനെ തുടര്‍ന്ന് 1.25ഓടെ ഒരു തവണ കൂടി മയക്കുവെടിയുതിര്‍ത്തു. മയങ്ങിയ കടുവയെ 1.35ഓടെ വലയിട്ട് പിടികൂടി. 

പത്തുവയസ് പ്രായമുള്ള ആണ്‍കടുവയാണ് പിടിയിലായത്. ഇതിന് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍വച്ച ശേഷം കാട്ടില്‍ വിടണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഡിഎഫ്ഒ എ ഷജ്‌ന കരീം അറിയിച്ചു. കടുവയുടെ കാല്‍പാടുകള്‍ പരിശോധിച്ചാണ് തോമസിനെ ആക്രമിച്ച കടുവയാണ് ഇതെന്ന് സ്ഥിരീകരിച്ചതെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Tiger cage in Wayanad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.